നബാര്‍ഡിന്റെ പേരില്‍ വ്യാജപരസ്യങ്ങള്‍, കുടുങ്ങരുതെന്ന് മുന്നറിയിപ്പ്
ലോണ്‍ തരപ്പെടുത്തി തരാമെന്ന വാഗ്്ദാനവുമായി ഏജന്റുമാര്‍
കാര്‍ഷിക,ഗ്രാമീണ വികസന ബാങ്കായ നബാര്‍ഡിന്റെ പേരും ലോഗോയും ഉപയോഗിച്ച് വ്യാജപരസ്യങ്ങള്‍ നല്‍കി തട്ടിപ്പുകള്‍ വ്യാപകം. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് വ്യാജ പരസ്യവുമായി രംഗത്ത് വരുന്നത്. സോഷ്യല്‍ മീഡിയ വഴി നടത്തുന്ന പരസ്യങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. നബാര്‍ഡിന്റെ അംഗീകാരമുള്ള സ്ഥാപനമെന്ന പേരിലാണ് ഫേസ് ബുക്കിലും ഇതര സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. നബാര്‍ഡിന്റെ ലോഗോയും ഇവര്‍ ഉപയോഗിക്കുന്നു. ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ടും ഫ്രാഞ്ചൈസികള്‍ ക്ഷണിച്ചുമുള്ള ഇത്തരം പരസ്യങ്ങളില്‍ പലരും വഞ്ചിതരാകുന്നുണ്ട്. നബാര്‍ഡ് നല്‍കുന്ന ലോണ്‍ തരപ്പെടുത്തി തരാമെന്ന വാഗ്്ദാനവുമായി ചില ഏജന്റുമാരും രംഗത്തിറങ്ങിയിട്ടുണ്ട്. ഗ്രാമീണ മേഖലകളിലുള്ളവരാണ് കൂടുതലായി തട്ടിപ്പിന് ഇരയാകുന്നത്.
നബാര്‍ഡിന്റെ മുന്നറിയിപ്പ്
ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരം ഏജന്‍സുകളുമായോ വ്യക്തികളുമായോ ബന്ധമില്ലെന്നും നബാര്‍ഡ് സര്‍ക്കുലറില്‍ അറിയിച്ചിട്ടുണ്ട്. ചിലര്‍ നബാര്‍ഡിന്റെ പേരില്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുതെന്നും പണമോ ബാങ്ക് അകൗണ്ട് വിവരങ്ങളോ നല്‍കരുതെന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ രീതിയില്‍ തട്ടിപ്പ് നടക്കുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നബാര്‍ഡ് മുന്നറിയിപ്പുമായി രംഗത്ത് വന്നത്.