യുപിഐ ഇടപാടുകള്‍ സൗജന്യമായി തുടരും
സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ (CBDC) ഉപയോഗം മെച്ചപ്പെടുത്തുന്നതിലാണ് ആര്‍ബിഐ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്;
യുപിഐ വഴിയുള്ള ഇടപാടുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത മുമ്പ് പുറത്തുവന്നിരുന്നു. എന്നാല്‍ ആര്‍ബിഐയും ധനമന്ത്രാലയവും ഈ തീരുമാനം ഇപ്പോള്‍ ഉപേക്ഷിച്ചതുപോലെയാണെന്ന് ദി ഹിന്ദു ബിസിനസ് ലൈന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കുറഞ്ഞത് ഒരു വര്‍ഷത്തേക്കെങ്കിലും യുപിഐ ഇടപാടുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്താനുള്ള സാധ്യതയില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.
ശ്രദ്ധാ കേന്ദ്രം ഇത്
നിരക്ക് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആര്‍ബിഐ നിരവധി ചര്‍ച്ചകള്‍ മുമ്പ് നടത്തിയിരുിന്നു. യുപിഐ ഇടപാടുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്തുന്നതിന് ആര്‍ബിഐ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ അനുകൂലമായി തന്നെ നിലനിന്നു. എന്നാല്‍ ഇപ്പോള്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ (CBDC) സ്വീകാര്യതയും ഉപയോഗവും മെച്ചപ്പെടുത്തുന്നതിലാണ് ആര്‍ബിഐ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉന്നത വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
സര്‍ക്കാരിന്റെ പരിഗണനയിലില്ല
യുപിഐ വഴിയുള്ള ഇടപാടുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്തുന്നത് ആലോചനയിലുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള രേഖ പത്രം (Discussion paper) 2022 ഓഗസ്റ്റ് 17-ന് ആര്‍ബിഐ പുറത്തിറക്കിയിരുന്നു. എന്നാല്‍ യുപിഐ പൊതുജനങ്ങള്‍ക്ക് വലിയ സൗകര്യവും സമ്പദ് വ്യവസ്ഥയുടെ ഉല്‍പാദനക്ഷമത കൂട്ടുന്നതിനുമുള്ള ഒരു ഡിജിറ്റല്‍ സേവനവുമാണെന്നും ഇതിന് മറ്റ് നിരക്കുകള്‍ ഈടാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്ലെന്നും ഓഗസ്റ്റ് 21 ന് ധനമന്ത്രി പറഞ്ഞിരുന്നു.