തിരുവനന്തപുരത്തെ അനന്തശയനം സഹകരണ ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി റിസര്‍വ് ബാങ്ക്
ഇനി ബാങ്കിംഗ് സേവനം നടത്താനാവില്ല, അംഗങ്ങളല്ലാത്തവരില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാനുമാവില്ല
തിരുവനന്തപുരത്തെ അനന്തശയനം സഹകരണ ബാങ്കിന്റെ (The Ananthasayanam Co-operative Bank Ltd) ബാങ്കിംഗ് ലൈസന്‍സ് റദ്ദാക്കി റിസര്‍വ് ബാങ്ക്. 1987 ഡിസംബര്‍ 19ന് അനുവദിച്ച ലൈസന്‍സാണ് റദ്ദാക്കിയത്.
ഇതോടെ 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ സെക്ഷന്‍ 56, സെക്ഷന്‍ 22 എന്നിവ പ്രകാരം രാജ്യത്ത് ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള അനുമതിയാണ് ബാങ്കിന് നഷ്ടപ്പെട്ടത്. നിയമത്തിലെ സെക്ഷന്‍ 5(ബി) പ്രകാരവും ഇനി ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ അനന്തശയനം ബാങ്കിന് നടത്താനാവില്ല.
അംഗങ്ങളല്ലാത്തവരില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാനും പാടില്ല. ഇതിനകം വാങ്ങിയ നിക്ഷേപങ്ങള്‍ (ഇതുവരെ ക്ലെയിം ചെയ്യപ്പെട്ടിട്ടില്ലാത്തത് ഉള്‍പ്പെടെ) ഇടപാടുകാര്‍ ഡിമാന്‍ഡ് ചെയ്യുന്നതിന് അനുസരിച്ച് ഉടന്‍ ബാങ്ക് തിരിച്ച് നല്‍കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്.
ബാങ്കിതര സ്ഥാപനമായി പ്രവര്‍ത്തിക്കാം
ബാങ്കിംഗ് ലൈസന്‍സ് നഷ്ടമായ അനന്തശയനം സഹകരണ ബാങ്കിന് ബാങ്കിതര സ്ഥാപനം (non-banking institution) ആയി പ്രവര്‍ത്തിക്കാമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ 56, സെക്ഷന്‍ 36എ(2) എന്നിവ പ്രകാരമാണ് ഇതിന് അനുമതി നല്‍കുന്നത്.