'ഗ്രാമീണ മേഖലയില്‍ എന്‍ബിഎഫ്‌സികളുടെ പങ്ക് നിര്‍ണായകം'
ഫിന്‍ടെക്കുകള്‍ ഏറ്റവും അനിവാര്യമായ ഡാറ്റ ശേഖരണം നടത്തുന്നുവെന്ന് മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിപി നന്ദകുമാര്‍
ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലുള്ള ജനങ്ങളിലേക്ക് സാമ്പത്തിക സേവനങ്ങള്‍ എത്തിക്കുന്നതില്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിപി നന്ദകുമാര്‍. ധനം ബിസിനസ് മാഗസിന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ധനം ബിഎഫ്എസ്‌ഐ സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക സേവന രംഗത്ത് വന്‍കിട ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഫിന്‍ടെക്കുകള്‍, എന്നിവയെല്ലാം വിവിധ തലങ്ങളില്‍ പരസ്പര പൂരകമായ സേവനങ്ങളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഇതില്‍ തന്നെ ലാസ്റ്റ് മൈല്‍ ഡെലിവറി സാധ്യമാക്കുന്നതില്‍ എന്‍ബിഎഫ്‌സികള്‍ വലിയ പങ്കാണ് വഹിക്കുന്നത്. വന്‍കിട ബാങ്കുകള്‍ കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് എന്നിവയിലൂടെ ഫണ്ട് സമാഹരണം നടത്തുമ്പോള്‍ ഫിന്‍ടെക്കുകള്‍ ഏറ്റവും അനിവാര്യമായ ഡാറ്റ ശേഖരണം നടത്തുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.