എംസിഎല്‍ആര്‍ ഉയര്‍ത്തി എസ്ബിഐ, പലിശ നിരക്ക് വീണ്ടും ഉയരും
ആര്‍എല്‍എല്‍ആര്‍, ഇബിഎല്‍ആര്‍ എന്നിവയുമായി ലിങ്ക് ചെയ്ത വായ്പകളുടെ പലിശ നിരക്കും വര്‍ധിക്കും
റിസര്‍വ് ബാങ്ക് (RBI Repo Rate) റീപോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ എംസിഎല്‍ആര്‍ (MCLR) ഉയര്‍ത്തി എസ്ബിഐ (SBI). എംസിഎല്‍ആറില്‍ 20 ബേസിസ് പോയിന്റിന്റെ (0.20 ശതമാനം) വര്‍ധനവാണ് ബാങ്ക് നടപ്പാക്കിയത്. മൂന്ന് മാസം വരെയുള്ള എസ്ബിഐ എംസിഎല്‍ആര്‍ നിരക്ക് 7.15 ശതമാനത്തില്‍ നിന്ന് 7.35 ശതമാനമായി ഉയര്‍ത്തി.
ആറ് മാസത്തെ എംസിഎല്‍ആര്‍ 7.45%-ല്‍ നിന്ന് 7.65% ആയി. ഒരു വര്‍ഷം വരെയുള്ളത് 7.5ല്‍ നിന്ന് 7.7 ശതമാനം ആക്കി. രണ്ട് വര്‍ഷം വരെയുള്ളത് 7.7ല്‍ നിന്ന് 7.9 ശതമാനത്തിലേക്ക് ഉയര്‍ത്തി. മൂന്ന് വര്‍ഷത്തേക്കുള്ളവയുടെ പുതിയ എംസിഎല്‍ആര്‍ 8 ശതമാനം ആണ്.
ബാങ്കുകള്‍ക്ക് പലിശ നല്‍കാനാവുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കിനെയാണ് എംസിഎല്‍ആര്‍ കൊണ്ട് സൂചിപ്പിക്കുന്നത്. റീപോ റേറ്റ് അഥവാ ബാങ്കുകള്‍ക്ക് ആര്‍ബിഐ വായ്പ നല്‍കുന്ന പലിശ നിരക്ക് ഉയരുമ്പോള്‍ ബാങ്കുകള്‍ എംസിഎല്‍ആറും വര്‍ധിപ്പിക്കും. റീപോ-ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റും (RLLR) ബഞ്ച് മാര്‍ക്ക് ലെന്‍ഡിംഗ് റേറ്റും (EBLR) 50 ബേസിക് പോയിന്റ് വീതം ഉയര്‍ത്തിയിട്ടുണ്ട്. ഏപ്രില്‍ മുതല്‍ എംസിഎല്‍ആറില്‍ 70 ബേസിസ് പോയിന്റാണ് എസ്ബിഐ വര്‍ധിപ്പിച്ചത്. എംസിഎല്‍ആര്‍, ആര്‍എല്‍എല്‍ആര്‍, ഇബിഎല്‍ആര്‍ എന്നിവയുമായി ലിങ്ക് ചെയ്ത വായ്പകളുടെ പലിശ നിരക്ക് ഉയരും.