എസ്.ബി.ഐയുടെ സെപ്റ്റംബര്‍ പാദ ലാഭത്തില്‍ 9.13% വര്‍ധന

അറ്റ പലിശ വരുമാനം 12.3 ശതമാനം വര്‍ധിച്ചു

Update:2023-11-04 22:45 IST

2023 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ എസ്.ബി.ഐയുടെ (SBI) ലാഭം 9.13 ശതമാനം വര്‍ധിച്ച് 16,099 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 14,752 കോടി രൂപയായിരുന്നു.

അറ്റ പലിശ വരുമാനവും മാര്‍ജിനും
ബാങ്കിന്റെ അറ്റ പലിശ വരുമാനം മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 12.3 ശതമാനം വര്‍ധിച്ച് 39,500 കോടി രൂപയായത് മികച്ച ലാഭ വളര്‍ച്ച നേടാന്‍ ബാങ്കിന് സഹായകമായി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തിലിത് 38,905 കോടി രൂപയായിരുന്നു. അറ്റ പലിശ മാര്‍ജിന്‍ (NIM) 3.43 ശതമാനമായതും നേട്ടമാണ്.
ആസ്തി നിലവാരം

ബാങ്കിന്റെ കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് ബാധ്യത (Provisions and contigencies) മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 35.25% ഇടിഞ്ഞ് 5,087 കോടി രൂപയായി. ഏപ്രില്‍-ജൂണ്‍ പാദത്തിലിത് 8,413 കോടി രൂപയായിരുന്നു.
ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (GNPA) ഇക്കാലയളവില്‍ 2.55 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ പാദത്തിലിത് 2.76 ശതമാനമായിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്തി (Net NPA) അനുപാതം തൊട്ട് മുന്‍പാദത്തിലെ 0.71 ശതമാനത്തില്‍ നിന്ന് 0.64 ശതമാനമായും കുറഞ്ഞു.
വായ്പയും നിക്ഷേപവും
വായ്പകള്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 12.39% വര്‍ധിച്ച് 34 ലക്ഷം കോടിയായി. വാഹന വായ്പകള്‍ ഒരു ലക്ഷം കോടിക്ക് മുകളിലായി. നിക്ഷേപങ്ങള്‍ മുന്‍ വര്‍ഷത്തേക്കാള്‍ 11.91 ശതമാനം വളര്‍ച്ചയോടെ 41 ലക്ഷം കോടിയുമായി.
Tags:    

Similar News