കേരളത്തില്‍ നിന്ന് റാസ് അല്‍ ഖൈമയിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി എയർ അറേബ്യ

ആഴ്ചയിൽ മൂന്ന് സർവീസുകൾ, യാത്ര ദൈർഘ്യം 3 മണിക്കൂർ 45 മിനിറ്റ്

Update:2023-11-23 16:02 IST

ചെലവ് കുറഞ്ഞ വിമാനയാത്ര സേവനങ്ങള്‍ നല്‍കുന്ന എയര്‍ അറേബ്യ യു.എ.ഇ റാസ് അല്‍ ഖൈമ വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ബുധനാഴ്ച്ച ആരംഭിച്ചു. യാത്ര സമയം 3 മണിക്കൂര്‍ 45 മിനിറ്റ്. ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 8.10ന് റാസ് അല്‍ ഖൈമയില്‍ നിന്ന് പുറപ്പെടും. കോഴിക്കോട് നിന്നുള്ള വിമാനം അതെ ദിവസങ്ങളില്‍ രാത്രി 11.25 ന് പുറപ്പെടും.

നിലവില്‍ വിവിധ ദിവസങ്ങളില്‍ പുറപ്പെടുന്ന ഫ്ളൈറ്റുകള്‍ക്ക് 9,927 മുതല്‍ 27,591 രൂപ വരെ കമ്പനിയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റില്‍ നിരക്കുകള്‍ കൊടുത്തിട്ടുണ്ട്.
ഉദ്ഘാടന പറക്കലിന് മുന്‍പായി നടന്ന ചടങ്ങില്‍ റാസ് അല്‍ ഖൈമ വ്യോമയാന വകുപ്പ് ചെയര്‍മാന്‍ ഷെയ്ഖ് സലേം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിം, ഇന്ത്യയുടെ ദുബായ്‌, വടക്കന്‍ എമിറേറ്റ് കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍, എയര്‍ അറേബ്യ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അദെല്‍ അല്‍ അലി തുടങ്ങിയവര്‍ പങ്കെടുത്തു. പുതിയ സര്‍വീസ് ആരംഭിച്ചത് വിനോദ സഞ്ചാര വികസനത്തിനും യു.എ ഇ.യില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ആദായ നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരവും നല്‍കുമെന്ന് വ്യോമയാന വകുപ്പ് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.
നിലവില്‍ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് എയര്‍ അറേബ്യ വിവിധ രാജ്യങ്ങളിലേക്ക് സേവനം നടത്തുന്നുണ്ട്.
Tags:    

Similar News