₹15 കോടി നഷ്ടത്തില്‍ നിന്ന് ₹106 കോടി ലാഭത്തില്‍, കുതിച്ച് ആസ്റ്റര്‍ ഓഹരി; വിപണി മൂല്യം ₹22,233 കോടി

2027 സാമ്പത്തിക വര്‍ഷത്തോടെ 1,800 കിടക്കകള്‍ കൂടി കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതി

Update:2024-10-24 13:04 IST

Image : asterhospitals.in

പ്രമുഖ പ്രവാസി വ്യവസായി ഡോ.ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത്‌കെയര്‍ ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഓഹരി ഇന്ന് 14 ശതമാനത്തോളം കുതിച്ചുയർന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദമായ ജൂലൈ-സെപ്റ്റംബറില്‍ മികച്ച ലാഭം രേഖപ്പെടുത്തിയതാണ് ഓഹരികളെ ഇന്ന് വലിയ മുന്നേറ്റത്തിലാക്കിയത്.

ലാഭത്തിലേക്ക്

സെപ്റ്റംബര്‍ പാദത്തില്‍ ആസ്റ്ററിന്റെ ലാഭം 105.67 കോടിയായി. കഴിഞ്ഞ വര്‍ഷത്തെ സമാനപാദത്തിലെ 15.34 കോടി രൂപയുടെ നഷ്ടത്തില്‍ നിന്നാണ് തിരിച്ചു വരവ്. പ്രമോട്ടര്‍മാരുടെ നേട്ടം (profit attributable to the ownersof the company) മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 30.80 കോടി രൂപയുടെ നഷ്ടത്തില്‍ നിന്ന് 96.84 കോടി രൂപയുടെ ലാഭമായും ഉയര്‍ന്നു.

വരുമാനം മുന്‍ വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 20 ശതമാനം വര്‍ധനയോടെ 1,121.68 കോടി രൂപയുമായി. മുന്‍ വര്‍ഷം സമാനപാദത്തിലിത് 933 കോടി രൂപയായിരുന്നു.

പലിശയ്ക്കും നികുതിക്കും മറ്റും മുമ്പുള്ള ലാഭ (EBITDA) മാര്‍ജിന്‍ 16.8 ശതമാനത്തില്‍ നിന്ന് 21.4 ശതമാനമായി ഉയര്‍ന്നു.

ആസ്റ്റര്‍ ലാബുകളും മികച്ച വരുമാന വളര്‍ച്ചയാണ് നേടിയത്. മുന്‍വര്‍ഷത്തെ സമാനകാലയളവിലേതിനേക്കാള്‍ വരുമാനം 17 ശതമാനം വര്‍ധിച്ചു. ലാഭ മാര്‍ജിന്‍ ജൂണ്‍പാദത്തിലെ 3.4 ശതമാനത്തില്‍ നിന്ന് 11 ശതമാനമായും മെച്ചപ്പെട്ടു.

കിടക്കകളുടെ എണ്ണം കൂട്ടുന്നു

രണ്ടാം പാദത്തില്‍ മിംമ്‌സ് കണ്ണൂരില്‍ 100 കിടക്കകള്‍ സ്ഥാപിച്ചു. 2027 സാമ്പത്തിക വര്‍ഷത്തോടെ ആസ്റ്റര്‍ ശൃംഖലയിലേക്ക്‌ 1,800 കിടക്കകള്‍ കൂടി കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയുണ്ടെന്ന് ആസ്റ്റര്‍ വ്യക്തമാക്കി. ഹൈദരാബാദിലെ പുതിയ ആസ്റ്റര്‍ വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ആശുപത്രിയിലെ 300 കിടക്കകള്‍ ഉള്‍പ്പെടെയാണ്. ഇതോടെ ആസ്റ്റര്‍ ശൃംഖലയിലുള്ള മൊത്തം കിടക്കകളുടെ എണ്ണം 6,800 ആകും.

രാജ്യത്തെ ഉയര്‍ന്നു വരുന്ന ഹെല്‍ത്ത്‌കെയര്‍ ഡിമാന്‍ഡ് പരിഹരിക്കാന്‍ ഇത് പര്യാപ്തമാകുമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു. ആസ്റ്ററിനു കീഴിലുള്ള ഒമ്പത് ആശുപത്രികള്‍ക്ക് എന്‍.എ.ബി.എച്ച് പ്രസിദ്ധീകരിച്ച പുതിയ ഡിജിറ്റല്‍ സ്റ്റാന്‍ഡേഴ്‌സ് അക്രഡിറ്റേഷന്‍ ലഭിച്ചതായും ഡോ.മൂപ്പന്‍ വ്യക്തമാക്കി.

ആസ്റ്റര്‍ ആശുപത്രികളുടെ ശരാശരി കിടക്ക വരുമാനം 38,700 രൂപയില്‍ നിന്ന് 43,000 ആയി. ഒക്യുപെന്‍സിനിരക്ക് 70 ശതമാനത്തില്‍ നിന്ന് 72 ശതമാനവുമായി.

നിലവില്‍ രാജ്യത്ത് 5 സംസ്ഥാനങ്ങളിലെ 15 നഗരങ്ങളിലായി 19 ആശുപത്രികള്‍ ആസ്റ്ററിനു കീഴിലുണ്ട്. മൊത്തം 4,994 കിടക്കകളാണ് ഇതിലുള്ളത്. ഇതു കൂടാതെ 13 ക്ലിനിക്കുകള്‍ 232 ലാബുകള്‍ 212 ഫാര്‍സികള്‍ എന്നിവയും ആസ്റ്ററിന് രാജ്യത്തുണ്ട്. കേരളത്തില്‍ മാത്രം ആറ് ആശുപത്രികളിലായി 2,501 കിടക്കകള്‍ ഉണ്ട്.

ആസ്റ്റര്‍ മെഡ്‌സിറ്റി, ആസ്റ്റര്‍വൈറ്റ്ഫീല്‍ഡ് ബ്ലോക്ക് ഡി, ആസ്റ്റര്‍ രമേഷ് ഓംഗോള്‍, ആസ്റ്റര്‍ കാസര്‍കോട്, ആസ്റ്റര്‍ വിമണ്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റല്‍ ഹൈദരാബാദ്, ആസ്റ്റര്‍ ക്യാപിറ്റല്‍ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ആസ്റ്റര്‍ മിംമ്‌സ് കാലിക്കട്ട്, ആസ്റ്റര്‍ സി.എം.ഐ, ആസ്റ്റര്‍ മെഡിസിറ്റി (പി.എസ്.ആര്‍ ബ്ലോക്ക്) എന്നിവ ഡിസൈന്‍ ഘട്ടത്തിലുമാണ്.

ഓഹരിയുടെ നേട്ടം

ആസ്റ്റര്‍ ഓഹരികള്‍ കുതിച്ചുയര്‍ന്നതോടെ കമ്പനിയുടെ വിപണി മൂല്യം 22,233 കോടി രൂപയായി. ഈ വര്‍ഷം ഇതുവരെ ഏഴ്‌ ശതമാനം നേട്ടമാണ് ആസ്റ്റര്‍ ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്. ഒരു വര്‍ഷക്കാലയളവിലെ നേട്ടം 21.13 ശതമാനമാണ്.

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍ നിരീക്ഷിക്കുന്ന അനലിസ്റ്റുകളില്‍ എട്ടില്‍ ഏഴു പേരും ഓഹരിക്ക് 'ബൈ' ശിപാര്‍ശയാണ് നല്‍കിയിരിക്കുന്നത്. ബാക്കി ഒരെണ്ണം 'ഹോള്‍ഡ്' ശിപാര്‍ശയും നല്‍കി. നിലവിൽ 9 ശതമാനം ഉയര്‍ന്ന് 438 രൂപയിലാണ് ഓഹരിയുടെ വ്യാപാരം.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Tags:    

Similar News