ആസ്റ്ററിന് ഒന്നാംപാദ ലാഭത്തില്‍ കുതിപ്പ്, ഓഹരികളില്‍ വന്‍ മുന്നേറ്റം
പുതിയ വിപുലീകരണങ്ങള്‍ക്ക് ശേഷം 2027 ഓടെ കിടക്കകളുടെ എണ്ണം 6,500 ആകും
പ്രമുഖ ആരോഗ്യ സേവനദാതാക്കളായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ മികച്ച വരുമാനം നേടിയത് ഇന്ന് ഓഹരികളില്‍ എട്ട് ശതമാനത്തോളം കുതിപ്പുണ്ടാക്കി.
ഗൾഫ് ബിസിനസ് വിറ്റ ശേഷം തുടർന്നുവരുന്ന ബിസിനസിന്റെ ലാഭം മുൻ സാമ്പത്തിക വർഷത്തെ ജൂൺ പാദത്തിലെ 44.68 കോടി രൂപയിൽ നിന്ന് കഴിഞ്ഞ പാദത്തിൽ 81 കോടിയായി. മാർച്ചിൽ അവസാനിച്ച പാദത്തിൽ ലാഭം 41.75 കോടിയായിരുന്നു.
ജി.സി.സി ബിസിനസ് വിൽപ്പന ഏപ്രിൽ മൂന്നിന് പൂർത്തിയായിരുന്നു. അത് പ്രകാരം ജൂൺ പാദത്തിലെ ലാഭം 5,152 കോടിയായി. മുൻവർഷത്തിൽ സമാന പാദത്തിൽ ഇത് 19.85 കോടി ആയിരുന്നു. ജി. സി. സി ബിസിനസ് വിറ്റത് വഴി ലഭിച്ച നേട്ടം 5,071 കോടി രൂപയാണ്.
പുതിയ ഹോസ്പിറ്റലുകള്‍ നിര്‍മിക്കുന്നതിനൊപ്പം മറ്റ് ചില ഹോസ്പിറ്റലുകളെ ഏറ്റെടുത്തുകൊണ്ടുമാണ് ആസ്റ്ററിന്റെ വിപുലീകരണം. നിലവില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന് ആറ് സംസ്ഥാനങ്ങളിലായി 19 ആശുപത്രികള്‍, 13 ക്ലിനിക്കുകള്‍, 215 ഫാര്‍മസികള്‍, 232 ലാബുകള്‍ എന്നിവയുണ്ട്.
ഓഹരിയുടെ നേട്ടം
ഇന്നലെ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ച ശേഷമാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ പാദഫലപ്രഖ്യാപനത്തെ കുറിച്ച് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചത്. ഇന്ന് രാവിലത്തെ സെഷനില്‍ 8 ശതമാനത്തോളം ഉയര്‍ന്ന് ഓഹരി വില 327.9 രൂപ വരെയെത്തി. വ്യാപാരാന്ത്യത്തില്‍ 6.04 ശതമാനം ഇടിഞ്ഞ് 368 രൂപയിലാണ് ഓഹരിയുള്ളത്. ഈ വര്‍ഷം ഇതു വരെ 15 ശതമാനമാണ് ഓഹരിയുടെ നേട്ടം.