പ്രതിസന്ധിയില്‍ വ്യാപാരമേഖല; പലരും 'പണി' നിറുത്തുന്നു, കേരളം ഇതെങ്ങോട്ട്?
കൊവിഡ് ഉയര്‍ത്തിയ പ്രതിസന്ധിയില്‍ നിന്ന് പോലും കരകയറിയിട്ടില്ല, ഓണ്‍ലൈന്‍ വിപണി വന്‍ വെല്ലുവിളി
ഗള്‍ഫില്‍ നിന്നുള്ള പണമൊഴുക്ക് കുറഞ്ഞതും കാര്‍ഷിക മേഖലയില്‍ ഉണ്ടായ തകര്‍ച്ചയുമെല്ലാം പ്രതിസന്ധിക്ക് കാരണമായെങ്കിലും എല്ലാവരും ഒരേ സ്വരത്തില്‍ പരാതിപ്പെടുന്നത് ഓണ്‍ലൈന്‍ വിപണി ഉയര്‍ത്തുന്ന വെല്ലുവിളിയെക്കുറിച്ചാണ്. കേരളത്തിന്റെ പണം മറ്റിടങ്ങളിലേക്ക് ഒഴുകുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും അവര്‍ക്ക് സെസ് ഏര്‍പ്പെടുത്തി സംസ്ഥാനത്തിന് വരുമാനം കണ്ടെത്തുന്നതിനൊപ്പം പരമ്പരാഗത വ്യാപാര മേഖലയെ രക്ഷപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു. വ്യാപാര മേഖല നേരിടുന്ന പലവിധ പ്രശ്നങ്ങളെ കുറിച്ച് സംസ്ഥാനത്തെ വ്യാപാരി സംഘടനാ നേതാക്കള്‍ സംസാരിക്കുന്നു.
പലിശ സബ്സിഡി വേണമെന്ന് രാജു അപ്‌സര
(പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി)
നോട്ട് നിരോധനം, കൊവിഡിന് ശേഷമുള്ള സാമ്പത്തിക മാന്ദ്യം, ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ കടന്നുകയറ്റം, വിദേശ വ്യാപാര കരാറുകള്‍, സംരംഭകരുടെ അരക്ഷിത ബോധം, ദോഷകരമായി ബാധിക്കുന്ന പുതിയ നിയമങ്ങള്‍, വിലക്കയറ്റം തുടങ്ങി വലിയ പ്രതിസന്ധിയിലാണ് വ്യാപാരികള്‍.
തുടര്‍ച്ചയായി ലാഭമില്ലാത്ത സ്ഥിതിയായതോടെ നിത്യചെലവുകള്‍ക്കുള്ള പണം മൂലധനത്തില്‍ നിന്ന് എടുത്തുപയോഗിക്കുകയാണ്. ഇതുമൂലം തിരിച്ചടവുകള്‍ മുടങ്ങുകയും ക്രെഡിറ്റ് സ്‌കോര്‍ താഴ്ന്ന് തുടര്‍വായ്പകള്‍ ലഭ്യമാകാത്ത സ്ഥിതിയുമുണ്ടാകുന്നു.
നേരിട്ടുള്ള വിദേശ നിക്ഷേപത്തിലൂടെ കുത്തകകള്‍ക്ക് 100 ശതമാനം വിപണി തുറന്നുകൊടുത്തതോടെ ഓണ്‍ലൈന്‍ വ്യാപാരം ശക്തമാകുകയും അത് ലക്ഷക്കണക്കിന് വ്യാപാരികളെയും അവരുടെ കുടുംബാംഗങ്ങളെയും പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു.
കാര്‍ഷിക ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ച
കാര്‍ഷിക ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ചയും വ്യാപാര മേഖലയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുന്ന തരത്തിലാണ് ബാങ്കുകളുടെ നയം. വ്യവസായ മേഖലയ്ക്ക് 10 ശതമാനത്തില്‍ താഴെ നിരക്കില്‍ വായ്പ നല്‍കുമ്പോള്‍ വ്യാപാര മേഖലയ്ക്ക് 12-13 ശതമാനമാണ് നിരക്ക്. ഈടില്ലാത്ത വായ്പകള്‍ നല്‍കുന്നതില്‍ റിസര്‍വ് ബാങ്ക് പിടിമുറുക്കിയതോടെ പരസ്പര ജാമ്യത്തില്‍ വ്യാപാരികള്‍ക്ക് ലഭിച്ചിരുന്ന ചെറു വായ്പകളും ലഭിക്കാതെയായി. പലിശ സബ്സിഡി ഉള്ള വായ്പകള്‍ ചെറുകിട വ്യാപാര മേഖലയിലേക്ക് കൂടി ലഭ്യമാകുന്ന തരത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം.
സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രതിസന്ധിയിലെന്ന് കെ.എ. സിയാവുദ്ദീന്‍
(ജനറല്‍ സെക്രട്ടറി, സൂപ്പര്‍മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള/SWAK)
നിര്‍മാണ മേഖലയിലെ മാന്ദ്യം, പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങള്‍, വിദേശത്തു നിന്നുള്ള പണമൊഴുക്കിലുണ്ടായ കുറവ് തുടങ്ങിയ കാരണങ്ങളാല്‍ വ്യാപാര മേഖലയില്‍ വലിയ പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. ഏകദേശം അഞ്ചു ലക്ഷം കുടുംബങ്ങളുടെ ഉപജീവന മാര്‍ഗമായ സൂപ്പര്‍മാര്‍ക്കറ്റ് മേഖലയ്ക്ക് സര്‍ക്കാരും പൊതുജനങ്ങളും വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അശാസ്ത്രീയമായ ജി.എസ്.ടി നിയമങ്ങള്‍ ഈ മേഖലയെ ഉന്നംവെയ്ക്കുന്നു. 25 കിലോ തൂക്കത്തില്‍ ഉള്ളപായ്ക്കുകളില്‍ നിന്ന് ചെറിയ പായ്ക്കറ്റുകളില്‍ റീപായ്ക്ക് ചെയ്ത് വില്‍ക്കുന്നത്, ഒറ്റത്തവണ നികുതി സമ്പ്രദായ പ്രകാരം 5 ശതമാനം ജി.എസ്.ടി നിലവില്‍ വരുത്തിയതോടു കൂടി നികുതിയിനത്തില്‍ വലിയ ഭാരം കൂടി സൂപ്പര്‍മാര്‍ക്കറ്റ് മേഖലയുടെ തലയില്‍ സര്‍ക്കാരുകള്‍ വെച്ചുകെട്ടി. ഈ വിഷയം പരാതിയിലൂടെ ശ്രദ്ധയില്‍ കൊണ്ടുവന്ന സംഘടനയ്ക്ക് തന്ന മറുപടി കേന്ദ്രവും കേരളവും പരസ്പരം പഴിചാരിയുള്ള രക്ഷപ്പെടലുകള്‍ മാത്രമാണ്.
റീറ്റെയ്ല്‍ ഭീമന്‍മാര്‍ വെല്ലുവിളി
കേരളത്തിലേക്ക് കടന്നുവന്ന റിലയന്‍സ്, മോര്‍ പോലുള്ള ദേശീയ റീറ്റെയ്ല്‍ ഭീമന്‍മാര്‍ കടുത്ത മത്സരത്തിലൂടെ ഈ മേഖലയ്ക്ക് വെല്ലുവിളിയായിരിക്കുന്നു. 1996ല്‍ നിശ്ചയിച്ച പരമാവധി 10 ശതമാനം മാര്‍ജിന്‍ വെച്ചാണ് വന്‍കിട കമ്പനികളുടെ സാധനങ്ങള്‍ ഇപ്പോഴും വില്‍ക്കുന്നത്. എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ നടത്തിക്കൊണ്ടുപോകാന്‍ 14 ശതമാനം വരെ ആവശ്യമാണ്. മറ്റു പലചരക്ക്, പച്ചക്കറി ഉത്പന്നങ്ങളില്‍ നിന്നുള്ള ലാഭം എടുത്ത് ഈ കുത്തകകളുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരാകുകയാണ് സൂപ്പര്‍മാര്‍ക്കറ്റുകള്‍. ഉത്പന്നങ്ങളുടെ വില വര്‍ധിക്കുമ്പോള്‍ പോലും അതിന്റെ ആനുകൂല്യം വ്യാപാരികള്‍ക്ക് നല്‍കുന്നില്ല.
ഓണ്‍ലൈന്‍ മേഖലയില്‍ നിന്ന് കടുത്ത മത്സരമാണ് നേരിടുന്നത്. 2014ല്‍ ഒരു ശതമാനത്തില്‍ താഴെയായിരുന്നു ഓണ്‍ലൈന്‍ വില്‍പ്പനയെങ്കില്‍ ഇന്നത് 16 ശതമാനത്തിന് മുകളിലായി. എന്നാല്‍ അതിനെ മറികടക്കാന്‍ ഓണ്‍ലൈന്‍ മേഖലയിലേക്ക് കടന്നുവന്നവര്‍ക്ക് മുന്നില്‍ ഇന്ധന വില വര്‍ധന വലിയ വെല്ലുവിളിയായി ഉയര്‍ന്നുവന്നിരിക്കുന്നു. പലവിധത്തിലുള്ള ലൈസന്‍സുകള്‍ ഏകജാലക സംവിധാനത്തിലൂടെ ലഭ്യമാക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.
10 വര്‍ഷം കൊണ്ട് ചെറുകിടക്കാര്‍ ഇല്ലാതാകുമെന്ന് ബിന്നി ഇമ്മട്ടി
(വ്യാപാരി വ്യവസായി സമിതി സംസ്ഥാന നേതാവ്)
വ്യാപാര മേഖല അനുദിനം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ അടുത്ത 10 വര്‍ഷം കൊണ്ട് കേരളത്തില്‍ ചെറുകിട വ്യാപാരികള്‍ക്ക് നിലനില്‍പ്പ് ഇല്ലാതാകും. ഇ-കൊമേഴ്സ് മേഖലയാണ്
ചെറുകിട വ്യാപാരികള്‍ക്ക് ഏറ്റവും വലിയ ഭീഷണി. ഇപ്പോള്‍ ഉപഭോക്താക്കളില്‍ പലരും ഓണ്‍ലൈന്‍ വാങ്ങലുകള്‍ നടത്തുന്നു. കൊവിഡ് കാലത്ത് തുടക്കമിട്ട ട്രെന്‍ഡ് ഇപ്പോഴും തുടരുന്നു. ഇ-കൊമേഴ്സ് വഴി വില്‍ക്കുന്ന സാധനങ്ങളുടെ നികുതിപ്പണം സംസ്ഥാനത്തിന് കിട്ടുന്നുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണം.
കച്ചവടം ഉള്‍പ്രദേശത്തേക്ക് മാറ്റുന്നു
പഞ്ചായത്തുകളിലേക്ക് പോലും വന്‍കിട സൂപ്പര്‍, ഹൈപ്പര്‍മാര്‍ക്കറ്റുകളുമായാണ് വന്‍കിട റീറ്റെയ്ല്‍ ശൃംഖലകളുടെ വരവ്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നഗരങ്ങളില്‍ ചെറുകിട വ്യാപാരികള്‍ ഇല്ലാതാകും. ഇപ്പോള്‍ തന്നെ തൃശൂര്‍ പോലുള്ള നഗരങ്ങളില്‍ നിന്ന് കച്ചവടക്കാര്‍ നിറുത്തിപ്പോകുകയാണ്. പകരം മൂന്നു നാല് കിലോമീറ്റര്‍ ഉള്ളിലുള്ള മണ്ണുത്തി ഭാഗത്തേക്ക് നീങ്ങുന്നു. റോഡരികിലുള്ള സ്വന്തം വീടുകളിലൊക്കെയാണ് വ്യാപാരം നടത്തുന്നത്. സ്വന്തം കെട്ടിടത്തില്‍ ഭര്‍ത്താവും ഭാര്യയുമൊക്കെ ചേര്‍ന്ന് നടത്തുന്ന ചെറു കടകള്‍ മാത്രമാകും നിലനിന്നുപോകുക.
കാര്‍ഷിക മേഖലയ്ക്ക് നല്‍കുന്ന പിന്തുണ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വ്യാപാര മേഖലയ്ക്ക് നല്‍കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിര്‍മാണ മേഖലയടക്കം പ്രതിസന്ധിയിലാകുകയും ഗള്‍ഫ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രവാസികള്‍ മടങ്ങിവരവിന് ശ്രമിക്കുകയും ചെയ്യുമ്പോള്‍ ഇവിടെ വിപണിയും പ്രതിസന്ധിയിലാകുകയാണ്.
ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് സെസ് ഏര്‍പ്പെടുത്തണമെന്ന് വിനോദ് പി. മേനോന്‍
(പ്രസിഡന്റ്, ഡീലേഴ്സ് അസോസിയേഷന്‍ ഓഫ് ടിവി ആന്റ് അപ്ലയന്‍സസ്/DATA)
കേരളത്തില്‍ എണ്ണൂറിലേറെ ചെറുകിട ഗൃഹോപകരണ ഷോറൂമുകളുണ്ട്. എന്നാല്‍ അവയില്‍ പലതിന്റെയും നിലനില്‍പ്പ് ഭീഷണിയിലാണ്. ഓണ്‍ലൈന്‍ വില്‍പ്പന, വന്‍കിട ശൃംഖലകളില്‍ നിന്നുള്ള മത്സരം തുടങ്ങിയവയൊക്കെയാണ് ചെറുകിടക്കാരെ വലയ്ക്കുന്നത്. വന്‍കിടക്കാര്‍ പത്രങ്ങളില്‍ ഒന്നാം പേജ് പരസ്യങ്ങള്‍ നല്‍കി വലിയ വിലക്കുറവ് പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കുമ്പോള്‍ ചെറുകിടക്കാര്‍ക്ക് അതിനാവുന്നില്ല. പിടിച്ചുനില്‍ക്കാന്‍ പറ്റാതെ പലരും അടച്ചുപൂട്ടാന്‍ ആലോചിക്കുമ്പോഴും ഇതുവരെ നടത്തിയിരുന്ന സ്ഥാപനം ഉപേക്ഷിക്കാനുള്ള മടികൊണ്ടാണ് പലരും തുടരുന്നത്.
റീറ്റെയ്ല്‍ ശൃംഖല ഉണ്ടാക്കും
ഡാറ്റയുടെ നേതൃത്വത്തില്‍ ചെറുകിടക്കാരെ ചേര്‍ത്ത് കൂട്ടായ്മയുണ്ടാക്കി റീറ്റെയ്ല്‍ ശൃംഖല രൂപീകരിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ വൈജാത്യങ്ങള്‍ ഏറെയുള്ളതിനാല്‍ അതത്ര എളുപ്പമല്ല. പക്ഷേ വന്‍കിടക്കാരോട് മത്സരിക്കാന്‍ അത്യാവശ്യമാണുതാനും. ജി.എസ്.ടി പലപ്പോഴും വ്യാപാരികള്‍ക്ക് കുരുക്കാകുന്നുണ്ട്. ജി.എസ്.ടി അടക്കാതെ മുങ്ങുന്ന സപ്ലൈയറുടെ ബാധ്യത പോലും വ്യാപാരികള്‍ക്ക് ഏറ്റെടുക്കേണ്ടി വരുന്നു. എളുപ്പത്തില്‍ പിഴിയാവുന്നവര്‍ എന്ന നിലയില്‍ ഏതു കാര്യത്തിലും വ്യാപാരികള്‍ ഇരകളാവുകയും ചെയ്യും. ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് സെസ് ഏര്‍പ്പെടുത്തണമെന്നും ഡാറ്റ ആവശ്യപ്പെടുന്നു.
വ്യാപാരം നിറുത്തുന്നവരുടെ എണ്ണം കൂടുന്നുന്നെന്ന് സി.ഇ. ചാക്കുണ്ണി
(പ്രസിഡന്റ്, സംസ്ഥാന കണ്‍സ്യൂമര്‍ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍)
മറ്റു സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത തരത്തിലുള്ള നിയമക്കുരുക്കുകളാണ് വ്യാപാരി സമൂഹം കേരളത്തില്‍ അനുഭവിക്കുന്നത്. നല്ല കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ടെങ്കിലും റോബിന്‍ ബസ് പ്രശ്നം, കിറ്റെക്സ് വിവാദം പോലുള്ള വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ നിക്ഷേപകര്‍ മുന്നോട്ട് വരാന്‍ മടിക്കും. ഒരു പ്രശ്നം സര്‍ക്കാരിന്റെ മുന്നിലെത്തിയാല്‍ പോലും താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകുന്നില്ല എന്നതാണ് പ്രശ്നം.
വൈദ്യുത ചാര്‍ജ്, ശമ്പളം തുടങ്ങിയവയിലൊക്കെ വലിയ വര്‍ധന ഉണ്ടായെങ്കിലും വ്യാപാരികളുടെ വരുമാനം കൂടുന്നില്ല. സാധാരണക്കാര്‍ക്ക് മനസിലാകാത്ത ജി.എസ്.ടി നിയമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു എക്കൗണ്ടന്റിനെ വെക്കണമെങ്കില്‍ ചുരുങ്ങിയത് 30,000 രൂപയെങ്കിലും നല്‍കേണ്ടിവരുന്നു. പലരും പൂട്ടിപ്പോകുന്ന സ്ഥിതിയുമുണ്ട്.
പരിഹാരം കണ്ടെത്തണം
കോഴിക്കോട്ട് പാളയത്തുള്ള എന്റെ കെട്ടിടത്തില്‍ നിന്ന് 30 വര്‍ഷത്തിലേറെയായി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരി കച്ചവടം നിറുത്തിപ്പോയി. കൊവിഡ് സമയത്ത് വാടക ഒഴിവാക്കിയെങ്കിലും ഇപ്പോഴും അവര്‍ക്ക് കച്ചവടം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. വലിയ തുക വായ്പയെടുത്ത് കെട്ടിടം നിര്‍മിച്ചവര്‍ വാടകയ്ക്ക് ആളെ കിട്ടാതെ വായ്പാ തിരിച്ചടവ് നടത്താനാവാതെ കുരുങ്ങിയിരിക്കുകയാണ്.
കോഴിക്കോട് നഗരത്തില്‍ഗതാഗത പ്രശ്നം രൂക്ഷമാണ്. കേരളത്തിനു പുറത്തു നിന്നടക്കം ലോറികളില്‍ സാധനങ്ങള്‍ വാങ്ങാന്‍ ആളെത്തിയിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗതാഗതം പ്രയാസമായതോടെ അവരെത്തുന്നില്ല.കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതു പോലെ വിവിധ മേഖലകളില്‍ പഠിക്കാനും പരിഹാരം കണ്ടെത്താനു മായി പ്രത്യേകം കമ്മിറ്റികള്‍ ഉണ്ടാക്കി. പരിഹാരം കണ്ടെത്തിയാലേ വ്യാപാരികള്‍ക്കടക്കം നിലനില്‍പ്പുണ്ടാകുകയുള്ളൂ.
(This article has been originally published in December 15th Issue of Dhanam Business Magazine)