ക്രൂ ചേഞ്ചിംഗ് അനുമതി കാത്ത് വിഴിഞ്ഞം; കിട്ടിയാൽ തലസ്ഥാനത്തിന് പുതിയ വരുമാന മാർഗം

കൂടുതൽ തൊഴിലവസരങ്ങളും സംസ്ഥാനത്തിന് സാമ്പത്തിക നേട്ടവും ലഭിക്കും

Update:2024-07-15 11:59 IST

വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ മദര്‍ഷിപ്പായ സാന്‍ ഫെര്‍ണാണ്ടോയെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കുന്നു image credit : www.facebook.com/PinarayiVijayan

വിദേശകപ്പലുകളിലെ ജീവനക്കാര്‍ക്കും നാവികര്‍ക്കും ഏറെ പ്രയോജനകരമായിരുന്ന ക്രൂ ചേഞ്ചിംഗ് സംവിധാനം നടത്താന്‍ വിഴിഞ്ഞം തുറമുഖത്തിന് വീണ്ടും അനുമതി ലഭിക്കുമെന്ന് പ്രതീക്ഷ. ട്രാന്‍സ്ഷിപ്പ്‌മെന്റ് പദവിക്കൊപ്പം ക്രൂ ചേഞ്ചിംഗ് അനുമതി കൂടി ലഭിച്ചാല്‍ പ്രദേശവാസികള്‍ അടക്കമുള്ളവര്‍ക്ക് വന്‍ തൊഴിലവസരങ്ങളും സംസ്ഥാനത്തിന് വലിയ സാമ്പത്തിക നേട്ടവും ലഭിക്കും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും അന്താരാഷ്ട്ര കപ്പല്‍ ചാലും അടുത്തായത് വിഴിഞ്ഞത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതായി ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
എന്താണ് ക്രൂ ചേഞ്ച്
സേവന കാലാവധി കഴിഞ്ഞ നാവികരും ജീവനക്കാരും പുതുതായി എത്തുന്നവര്‍ക്ക് തങ്ങളുടെ ചുമതലകള്‍ കൈമാറുന്ന ചടങ്ങാണിത്. സമുദ്രമാര്‍ഗമുള്ള ചരക്കുഗതാഗതം സുഗമമായി നടക്കുന്നതിനും ജീവനക്കാരുടെ മാനസിക, ശാരീരിക ആരോഗ്യത്തിനും കൃത്യമായ ഇടവേളകളിലെ ഇത്തരം ക്രൂ ചേഞ്ചുകള്‍ അത്യാവശ്യമാണ്. എന്നാല്‍ കപ്പലിന്റെ യാത്രക്കിടയില്‍ തിരക്കുള്ള തുറമുഖത്തെത്തി ജീവനക്കാരെ മാറ്റുന്നത് പലപ്പോഴും ഷിപ്പിംഗ് കമ്പനികള്‍ക്ക് അധികബാധ്യത സൃഷ്ടിക്കാറുണ്ട്. ഇതിനെ മറികടക്കാനാണ് കപ്പല്‍ തുറമുഖത്ത് അടുപ്പിക്കാതെ പുറംകടലിലെത്തുന്ന കപ്പലില്‍ നിന്ന് പ്രത്യേക ബോട്ടുകളില്‍ ജീവനക്കാരെ കരയിലേക്ക് മാറ്റുന്ന രീതി സ്വീകരിക്കുന്നത്.
സാധ്യതകള്‍
ഇങ്ങനെ കരയിലെത്തുന്ന ജീവനക്കാര്‍ വലിയ വിപണി സാധ്യതകളാണ് തുറന്നിടുന്നത്. തുറമുഖ ഫീസ്, പുറംകടലില്‍ നങ്കൂരമിടുന്നതിനുള്ള ഫീസ്, ചാനല്‍ ഫീസ്, വെഹിക്കിള്‍ എന്‍ട്രി ഫീസ്, ടഗ് വാടക തുടങ്ങിയ ഇനങ്ങളിലാണ് തുറമുഖത്തിന് വരുമാനം ലഭിക്കുന്നത്. 09.43 കോടി രൂപയാണ് വിഴിഞ്ഞം തുറമുഖം ക്രൂ ചേഞ്ചിംഗിലൂടെ നേടിയത്. ക്രൂ ചേഞ്ചിംഗ് നടത്തുമ്പോള്‍ ഒരു ജീവനക്കാരനില്‍ നിന്നും 5,000 ഡോളര്‍ (ഏകദേശം നാലുലക്ഷം രൂപ) വരെയാണ് വരുമാനം ലഭിക്കുന്നത്.
ഇതിന് പുറമെ ഇവര്‍ക്ക് വേണ്ട യാത്ര, താമസം, ഭക്ഷണം തുടങ്ങിയവയില്‍ നിന്നും വരുമാനം ലഭിക്കും. തദ്ദേശീയര്‍ക്കും വരുമാനമുണ്ടാക്കാനുള്ള അവസരമാണിത്. ആരോഗ്യ പരിശോധനകള്‍ക്കായി കപ്പല്‍ ജീവനക്കാര്‍ ആശുപത്രികളിലെത്തുമ്പോള്‍ ആരോഗ്യ രംഗത്തും മികച്ച നേട്ടമുണ്ടാക്കാം. തലസ്ഥാന നഗരിയില്‍ വിദഗ്ധ ചികിത്സ നല്‍കാന്‍ കഴിയുന്ന പത്തോളം ആശുപത്രികള്‍ സ്വകാര്യ,സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വിഴിഞ്ഞം തുറമുഖം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവയില്‍ നിന്നും എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന ലുലു മാള്‍, മാള്‍ ഓഫ് ട്രാവന്‍കൂര്‍ തുടങ്ങിയ വ്യാപാര കേന്ദ്രങ്ങളിലേക്കും നഗരത്തിലെ ചെറുകിട വ്യാപാരസ്ഥാപനങ്ങളിലേക്കും കപ്പല്‍ ജീവനക്കാരുടെ ഒഴുക്കുണ്ടാകും. ഇത് പ്രാദേശിക വിപണിയെയും ഉത്തേജിപ്പിക്കും.
കേരളത്തിലെത്തിയത് 735 കപ്പലുകള്‍
കോവിഡ് കാലത്ത് കപ്പലുകളിലെത്തുന്നവരെ കരയിലിറക്കാന്‍ പ്രധാന തുറമുഖങ്ങള്‍ തയ്യാറാകാത്തത് ഷിപ്പിംഗ് രംഗത്ത് വന്‍ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഇതിനിടയിലാണ് കേരളതീരത്ത് ക്രൂ ചേഞ്ചിംഗ് നടത്താന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് അനുമതി നല്‍കുന്നത്. 2020 മേയ് മുതല്‍ 2022 ജൂലൈ വരെ 735 വരെ 735 കപ്പലുകള്‍ വിഴിഞ്ഞത്തെത്തിയെന്ന് കേരള മാരിടൈം ബോര്‍ഡിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 12,738 നാവികരാണ് ഇതുവഴി കടന്നുപോയത്. കേരള മാരിടൈം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള വിഴിഞ്ഞത്തെ പഴയ തുറമുഖം വഴിയായിരുന്നു ഇത് സാധ്യമാക്കിയത്. സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ്, ഇമിഗ്രേഷന്‍ ഓഫീസുകളും സജ്ജമാക്കിയിരുന്നു.
കേന്ദ്ര തീരുമാനം വൈകരുത്
കോവിഡ് കാലത്ത് ക്രൂ ചേഞ്ചിംഗിന് നല്‍കിയ അനുമതി മഹാമാരി കഴിഞ്ഞതോടെ കേന്ദ്രം പിന്‍വലിച്ചു. ക്രൂ ചേഞ്ചിംഗിലൂടെ ലഭിക്കുമായിരുന്ന വലിയ വരുമാന സാധ്യതയാണ് ഈ തീരുമാനത്തോടെ ഇല്ലാതായത്. തദ്ദേശീയ വിപണിയിലും വലിയ മാറ്റങ്ങളുണ്ടാക്കിയ ക്രൂ ചേഞ്ചിംഗ് സംവിധാനം എത്രയും വേഗം പുനസ്ഥാപിക്കണമെന്ന് വിഴിഞ്ഞം സ്റ്റീമര്‍ ഏജന്റ്‌സ് അസോസിയേഷന്‍ (vizhinjam steamer agents association ) ഭാരവാഹികള്‍ ആവശ്യപ്പെടുന്നു. ഇന്റര്‍നാഷണല്‍ ഷിപ്പ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി കോഡ് (ഐ.എസ്.പി.എസ്) ഇല്ലാത്തതാണ് ക്രൂ ചേഞ്ചിംഗിന് അനുമതി നിഷേധിക്കാന്‍ കാരണമായി ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഐ.എസ്.പി.എസ് ലഭിച്ച ശേഷവും അനുമതി വൈകിപ്പിക്കുകയാണെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടാക്കാട്ടുന്നു.
Tags:    

Similar News