'എട്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മറ്റൊരു കേരളം പിറക്കും; സംരംഭകര്‍ക്ക് മുന്നില്‍ വന്‍സാധ്യതകള്‍'

സാധ്യതകൾ പ്രയോജനപ്പെടുത്താന്‍ ദീര്‍ഘകാല ആസൂത്രണം നടത്തണമെന്ന് കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ സി. ബാലഗോപാല്‍

Update:2024-10-08 12:28 IST

എട്ടു വര്‍ഷത്തിനുള്ളില്‍ മറ്റൊരു കേരളം പിറക്കുന്ന വിധം സംസ്ഥാനം വളരുകയാണെന്ന് വ്യവസായ വികസന കോര്‍പറേഷന്‍ (കെ.എസ്.ഐ.ഡി.സി) ചെയര്‍മാന്‍ സി. ബാലഗോപാല്‍. സംസ്ഥാനത്തെ ഓരോ സംരംഭകനും ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്താന്‍ പദ്ധതി തയാറാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ധനം ബിസിനസ് മീഡിയ കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷനുമായി സഹകരിച്ച് കോഴിക്കോട് മലബാര്‍ പാലസില്‍ സംഘടിപ്പിച്ച എം.എസ്.എം.ഇ സമിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാലഗോപാല്‍. കേരളത്തില്‍ വളര്‍ന്നു നില്‍ക്കുന്ന വിപരീത മനോഭാവമാണ് സംസ്ഥാനത്തിന് ദോഷം ചെയ്യുന്നതെന്ന് ബാലഗോപാല്‍ പറഞ്ഞു. കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്ന വിധത്തില്‍ യുവതലമുറ തെറ്റിദ്ധരിപ്പിക്കപ്പെടുന്നു. എന്നാല്‍ അതിനു വിരുദ്ധമാണ് കേരളത്തിന്റെ പുരോഗതി സംബന്ധിച്ച കണക്കുകള്‍.

യുവാക്കള്‍ വിദേശത്തേക്ക് പോകുന്നത് അപകടമല്ല

കേരളത്തില്‍ സാധ്യതകളില്ലാത്തതിനാല്‍ യുവാക്കള്‍ വിദേശങ്ങളിലേക്ക് ചേക്കേറുന്നുവെന്ന പ്രചാരണം കണക്കുകള്‍ക്കും യാഥാര്‍ഥ്യങ്ങള്‍ക്കും നിരക്കുന്നതല്ല. കേരളത്തില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ യുവാക്കള്‍ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമൊക്കെ വിദേശത്തേക്ക് പോകുന്നുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ വിദേശത്തേക്ക് പോകുന്ന എട്ടു സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇല്ലെന്ന് ഓര്‍ക്കണം. വികസ്വരമായ ഘട്ടത്തില്‍ വികസിത രാജ്യങ്ങളിലേക്ക് ഇത്തരത്തില്‍ ഒഴുക്കുണ്ടാവുന്നത് സാധാരണമാണ്. ചൈനയില്‍ നിന്നായിരുന്നു ഈ ഒഴുക്ക് കൂടുതല്‍. എന്നാല്‍ അവിടത്തെ സ്ഥിതി മെച്ചപ്പെട്ടതും അമേരിക്കന്‍ സമീപനങ്ങളുമാണ് അതില്‍ മാറ്റമുണ്ടാക്കിയത്.
കേരളത്തില്‍ പല കാരണങ്ങളാല്‍ വ്യവസായം വളരുകയില്ലെന്ന ചിന്താഗതിയും യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ല. സുസ്ഥിര വികസന ലക്ഷ്യം നേടുന്ന കാര്യത്തില്‍ ഇന്നും കേരളം 25 സംസ്ഥാനങ്ങളുടെ മുന്നില്‍ നില്‍ക്കുന്നു. എന്നാല്‍ രാഷ്ട്രീയ ചേരിപ്പോരുകള്‍ക്കിടയില്‍ ഈ യാഥാര്‍ഥ്യം മറഞ്ഞു കിടക്കുന്നു. കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജി.ഡി.പി) ഇപ്പോള്‍ 140 ബില്യണ്‍ ഡോളറും പ്രതിശീര്‍ഷ വരുമാനം 4,000ല്‍പരം ഡോളറുമാണ്. അഖിലേന്ത്യ തലത്തില്‍ ഉള്ളതിനേക്കാള്‍ 60 ശതമാനം അധികമാണ് നമ്മുടെ ആളോഹരി വരുമാനം.

കാര്‍ഷികേതര മേഖല വളരുന്നത് വികസന സൂചകം

അടുത്ത ഏഴെട്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ ജി.ഡി.പി ഇരട്ടിക്കുമെന്നാണ് ഇതുവരെയുള്ള പുരോഗതിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കൃഷിയില്‍ നിന്ന് കാര്‍ഷികേതര മേഖലയിലേക്ക് കൂടുതല്‍ പേര്‍ മാറുന്നത് ഏതൊരു സമ്പദ്‌വ്യവസ്ഥയിലും സാമ്പത്തിക വികസനത്തിന്റെ സൂചകമാണ്. കേരളത്തിന്റെ സമ്പദ്ഘടന 63 ശതമാനം സേവനമേഖലയെ കേന്ദ്രീകരിച്ചു നില്‍ക്കുന്നു. വ്യവസായ മേഖല 23 ശതമാനത്തിന്റേതാണ്‌. ഫലത്തില്‍ കാര്‍ഷികേതര മേഖലയിലാണ് നമ്മുടെ സമ്പദ് ഘടനയുടെ ഇപ്പോഴത്തെ ഊന്നല്‍. ഇതു തിരിച്ചറിഞ്ഞ് വ്യവസായ സംരംഭകര്‍ ദീര്‍ഘകാല പദ്ധതി തയാറാക്കണം.
അടിസ്ഥാന സൗകര്യം, തൊഴില്‍, മൂലധനം, സാങ്കേതിക വിദ്യ എന്നിവയാണ് സമ്പദ്‌വ്യവസ്ഥയെ വളര്‍ത്തുന്നത്. കേരളത്തിന് വളരാന്‍ അടിസ്ഥാന സൗകര്യം അടക്കം വിവിധ മേഖലകളില്‍ മുതല്‍മുടക്ക് ആവശ്യമാണ്. ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കാന്‍ നൈപുണ്യ വികസനം സാധ്യമാകണം. ഇത്തരത്തില്‍ വിവിധ മേഖലകളില്‍ സംരംഭകരെ സാധ്യതകള്‍ കാത്തിരിക്കുന്നു. ചുരുങ്ങിയ വര്‍ഷത്തില്‍ ആവശ്യകതകള്‍ ഇരട്ടിയാകാന്‍ പോകുന്ന കേരളത്തിനായി ബിസിനസ് വിപുലീകരിക്കാന്‍ ഓരോ സംരംഭകനും ദീര്‍ഘകാല പദ്ധതി തയാറാക്കണമെന്ന് ബാലഗോപാല്‍ പറഞ്ഞു.

എം.എസ്.എം.ഇ സമിറ്റിന് വര്‍ണാഭമായ തുടക്കം

മുഖ്യാതിഥി സി. ബാലഗോപാല്‍ ഭദ്രദീപം തെളിയിച്ചതോടെയാണ് ധനം എം.എസ്.എം.ഇ സമിറ്റിന് തുടക്കമായത്. ജ്യോതിലാബ്‌സ് മുന്‍ ജോയന്റ് എം.ഡിയും ഫിക്കി കര്‍ണാടക സംസ്ഥാന കൗണ്‍സില്‍ ചെയര്‍മാനും യു.കെ ആന്റ് കോ സ്ഥാപകനുമായ ഉല്ലാസ് കമ്മത്ത് മുഖ്യപ്രഭാഷണം നടത്തി. കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ആനന്ദമണി, ധനം ബിസിനസ് മീഡിയ ചീഫ് എഡിറ്റര്‍ കുര്യന്‍ ഏബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.


Tags:    

Similar News