കേരളത്തില്‍ സ്വര്‍ണ വില ഇന്ന് താഴേക്ക്, വെള്ളിക്ക് ഇന്നും അനക്കമില്ല
രാജ്യാന്തര വിലയിലുണ്ടായ കുറവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,470 രൂപയിലും പവന് 80 രൂപ താഴ്ന്ന് 51,760 രൂപയിലുമാണ് വ്യാപാരം.
ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,355 രൂപയിലുമെത്തി.
വെള്ളി വില തുടര്‍ച്ചയായ നാലാം ദിവസവും ഗ്രാമിന് 90 രൂപയില്‍ തുടരുന്നു. അന്താരാഷ്ട്ര സ്വര്‍ണ വില കഴിഞ്ഞ രണ്ട് ദിവസമായി താഴ്ചയിലാണ്. ഇന്നലെ 0.15 ശതമാനത്തിന്റെ നേരിയ ഇടിവോടെ 2,442.68ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതാണ് കേരളത്തിലും വിലയില്‍ പ്രതിഫലിച്ചത്.
അമേരിക്കയിലെ സാമ്പത്തിക കണക്കുകളിലും ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷവും ആശങ്കയുയര്‍ത്തിയത് ഇന്നലെ സ്വര്‍ണ വില റെക്കോഡിനടുത്തുവരെ എത്തിച്ചിരുന്നു. പിന്നീടാണ് സ്വര്‍ണ വില ഇടിഞ്ഞു തുടങ്ങിയത്.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍
ഇന്നത്തെ സ്വര്‍ണ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18 ശതമാനം ജി.എസ്.ടി), മിനിമം 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 56,032 രൂപയെങ്കിലും നല്‍കിയാലേ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാനാകൂ.