ഉറക്കം വിട്ട് കേരളത്തില്‍ സ്വര്‍ണം മേലോട്ട്, അന്താരാഷ്ട്ര വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം

നാലാം ദിവസവും മാറാതെ വെള്ളിവില;

Update:2024-08-28 10:33 IST

കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തില്‍ അനക്കമില്ലാതെ നിന്ന സ്വര്‍ണവിലയില്‍ ഇന്ന് കയറ്റം. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6,715 രൂപയായി. 160 രൂപ ഉയര്‍ന്ന് 53,720 രൂപയാണ് പവന്‍ വില. ശനിയാഴ്ച ഗ്രാമിന് 35 രൂപ ഉയര്‍ന്ന ശേഷമായിരുന്നു ചെറിയ ഇടവേളയെടുത്തത്. വിവാഹ സീസണില്‍ സ്വര്‍ണ വില ഉയരുന്നത് നിരവധിയാളുകള്‍ക്ക് തിരിച്ചടിയാണ്.

അമേരിക്കയില്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകള്‍ കഴിഞ്ഞ ആഴ്ച അന്താരാഷ്ട്ര സ്വര്‍ണ വിലയെ റെക്കോഡിലെത്തിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി നേരിയ കയറ്റത്തിലുമായിരുന്നു. അതേ സമയം ഇന്ന് ലാഭമെടുപ്പില്‍ വില 0.33 ശതമാനം ഇടിഞ്ഞ് 2,516.22 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റും വെള്ളിയും
കനം കുറഞ്ഞതും കല്ലുകള്‍ പതിപ്പിച്ചതുമായ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് ഇന്ന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5,555 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 93 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു. തുടര്‍ച്ചയായ നാലാം ദിവസമാണ് വെള്ളി വിലയില്‍ മാറ്റമില്ലാത്തത്.
ഇന്നൊരു പവന്‍ ആഭരണത്തിന് എന്തു നല്‍കണം?
മൂന്ന് ശതമാനം ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 58,151 രൂപ നല്‍കിയാലേ കേരളത്തില്‍ ഒരു പവന്‍ ആഭരണം വാങ്ങാനാകൂ. വിവിധ ആഭരണങ്ങള്‍ക്ക് അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20-30 ശതമാനം വരെ പണിക്കൂലി ഈടാക്കാറുണ്ട്.
Tags:    

Similar News