സ്വര്‍ണകുതിപ്പിന് കളമൊരുക്കി അമേരിക്ക, അന്താരാഷ്ട്ര വിലയില്‍ വന്‍ മുന്നേറ്റം, കേരളത്തിലും വില കുതിച്ചുയര്‍ന്നു

ഒറ്റയടിക്ക് പവന്‍ വിലയില്‍ 520 രൂപയുടെ വര്‍ധന

Update:2024-07-04 10:20 IST

Image : Canva

യു.എസിന്റെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മീറ്റിംഗിന്റെ മിനിറ്റ്‌സ് പുറത്തുവന്നതിന്റെയും പുതിയ സാമ്പത്തിക സൂചകങ്ങളുടെയും പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സ്വര്‍ണ വിലയില്‍ വന്‍ മുന്നേറ്റം. ഇന്നലെ 1.15 ശതമാനം ഉയര്‍ന്ന് 2,356.06 രൂപയിലെത്തിയ  സ്വര്‍ണം ഇന്ന് രാവിലെയും കുതിപ്പു തുടരുകയാണ്. ഔണ്‍സിന് 2,358.91 ഡോളറില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണം നിലവില്‍ 0.10 ശതമാനം ഉയര്‍ന്ന് 2,358.65 രൂപയിലാണ് വ്യാപാരം നടത്തുന്നത്. 

പലിശ കുറയ്ക്കൽ സൂചനകള്‍

യു.എസ് ഫെഡല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെയും യൂറോപ്യന്‍ കേന്ദ്ര ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീന്‍ ലഗാര്‍ദ്ദിന്റെയും പ്രസ്ഥാവനകളില്‍ നിന്ന് പലിശ നിരക്ക് കുറയുമെന്ന സൂചന വിപണികള്‍ക്ക്  ലഭിച്ചതാണ് സ്വര്‍ണത്തില്‍ മുന്നേറ്റത്തിന് വഴി തെളിച്ചത്. ഈ വര്‍ഷം രണ്ട് തവണയായി പലിശ നിരക്ക് അര ശതമാനം കുറച്ചേക്കുമെന്നാണ് പ്രതീക്ഷകള്‍. പലിശ കുറയുമെന്ന പ്രതീക്ഷയില്‍ യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.354 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. വിലക്കയറ്റം അല്‍പം കൂടി കുറഞ്ഞാല്‍ നിരക്കു കുറയ്ക്കാം എന്നതാണ് യു.എസ് ഫെഡറല്‍ റിസര്‍വിന്റെ നിലപാട്. പലിശ നിരക്ക് കുറച്ചാല്‍ കടപ്പത്രങ്ങളും ബാങ്ക് നിക്ഷേപങ്ങളും ആകര്‍ഷകമല്ലാതാകും. ഇത് സ്വര്‍ണത്തിന് വീണ്ടും കുതിപ്പുണ്ടാക്കിയേക്കുമെന്ന് നിരീക്ഷകർ കരുതുന്നു.

പറന്നുയര്‍ന്ന് കേരളത്തിലും

അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വര്‍ണവില ഇന്ന് പറന്നുയര്‍ന്നു. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 67,00 രൂപയിലായി. പവന്‍ വില 520 രൂപ വര്‍ധിച്ച് 53,600 രൂപയിലെത്തി. ആഭരണപ്രേമികളെയും വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങേണ്ടി വരുന്നവരെയും ആശങ്കയിലാക്കിയാണ്‌  സ്വര്‍ണത്തിന്റെ ഇന്നത്തെ മുന്നേറ്റം.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 50 രൂപ കൂടി 5,565 രൂപയിലെത്തി. വെള്ളി വിലയിലും വര്‍ധനയുണ്ട്. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 97 രൂപയിലെത്തി.

ഇന്ന് ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ടത്

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയ്ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+18% ജി.എസ്.ടി), മിനിമം 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 58,022 രൂപ കൊടുക്കണം ഒരു പവന്‍ ആഭരണം വാങ്ങാന്‍. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയില്‍ വ്യതിയാനം വരാം.

ഇന്നലത്തെ വിലയുമായി നോക്കുമ്പോള്‍ 563 രൂപയെങ്കിലും അധികമായി നല്‍കേണ്ടി വരും. സ്വര്‍ണത്തിന്റെ വില ഉയരുന്ന സാഹചര്യത്തില്‍ വിവാഹമുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങേണ്ടവര്‍ക്ക് ജുവലറികളുടെ ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. സ്വര്‍ണ വില ഭാവിയില്‍ ഉയര്‍ന്നാലും ബുക്ക് ചെയ്യുന്ന വിലയ്ക്ക് സ്വര്‍ണം സ്വന്തമാക്കാന്‍ ഇത് സഹായിക്കും.


Tags:    

Similar News