'യുടേണ്‍' അടിച്ച് സ്വര്‍ണം, മേയില്‍ ഇറക്കുമതിയില്‍ ഇടിവ്, വെള്ളിയും മുന്നോട്ട്
അന്താരാഷ്ട വില ഇന്നലെ ഒരു ശതമാനത്തിലധികം വര്‍ധിച്ചു
കേരളത്തില്‍ സ്വര്‍ണവില വീണ്ടും കയറ്റത്തിലേക്ക് 'യുടേണ്‍' എടുത്തു. ഇന്നലത്തെ ഗ്രാമിന് ഉണ്ടായ 25 രൂപയുടെ കുറവ് കാറ്റില്‍ പറത്തി ഇന്ന് 60 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാം വില 6,650 രൂപയിലെത്തി. പവന്‍ വില 480 രൂപ വര്‍ധിച്ച് 53,200 രൂപയിലുമെത്തി.
18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ചു. ഗ്രാമിന് 5,530 രൂപയിലാണ് വ്യാപാരം. വെള്ളിവിലയും ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 95 രൂപയിലേക്ക് തിരിച്ചെത്തി.
കേരളത്തില്‍ കഴിഞ്ഞ മേയ് 20ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് ഇതുവരെയുള്ള ഉയര്‍ന്ന വില. അതുമായി നോക്കുമ്പോള്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1,920 രൂപയുടെ കുറവുണ്ട്.
ഇന്നൊരു പവന്‍ ആഭരണത്തിന് എന്തു നല്‍കണം?
ഒരു പവന്റെ ഇന്നത്തെ വില 53,200 രൂപയാണെങ്കിലും ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ ആ തുക മതിയാകില്ല. ഒരു പവന്‍ സ്വര്‍ണ വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജി.എസ്.ടിയും 45 രൂപ ഹോള്‍മാര്‍ക്കിംഗ് ചാര്‍ജും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ഉള്‍പ്പെടെ 57,589 രൂപയെങ്കിലും നല്‍കണം. ബ്രാന്‍ഡഡ് ആഭരണങ്ങള്‍ക്കും മറ്റും ഉയര്‍ന്ന പണിക്കൂലി ഈടാക്കുന്നതിനാല്‍ വില പിന്നെയും ഉയരും.
ഇറക്കുമതിയില്‍ തട്ടി
മേയില്‍ സ്വര്‍ണ ഇറക്കുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 9.76 ശതമാനം ഇടിഞ്ഞ് 333 കോടി ഡോളറായി (27,795 കോടി രൂപ). 2023 മേയില്‍ ഇത് 369 കോടി ഡോളറായിരുന്നു (30,413 കോടി രൂപ). ഡോളര്‍ കണക്കില്‍ നോക്കുമ്പോള്‍ ഇറക്കുമതി മൂല്യത്തില്‍ 10 ശതമാനം ഇടിവേ ഉള്ളുവെങ്കിലും അളവ് അടിസ്ഥാനത്തില്‍ 30 ശതമാനത്തോളം കുറവുണ്ട്. കഴിഞ്ഞ വര്‍ഷം സമാന മാസത്തില്‍ 20 ശതമാനം മാത്രമായിരുന്നു ഇറക്കുമതിയുടെ അളവിലുണ്ടായ ഇടിവ്.
അതേ സമയം ഇന്ത്യയിലേക്കുള്ള വെള്ളി കയറ്റുമതി കഴിഞ്ഞ മാസം നാല് മടങ്ങിന്റെ വന്‍ വര്‍ധനയോടെ (414 ശതമാനം) 13.7 കോടി ഡോളറിലെത്തി (ഏകദേശം 1,150 കോടി രൂപ). കഴിഞ്ഞ വര്‍ഷം മേയിലിത് 2.7 കോടി ഡോളര്‍ (223 കോടി രൂപ) മാത്രമായിരുന്നുവെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകള്‍ കാണിക്കുന്നു.
അന്താരാഷ്ട്ര വില ഉയരുന്നു
അന്താരാഷ്ട്ര വിലയ്‌ക്കൊപ്പമാണ് കേരളത്തിലും സ്വര്‍ണവിലയുടെ മുന്നേറ്റം. ഇന്നലെ സ്വര്‍ണം ഔണ്‍സിന് 1.25 ശതമാനം ഉയര്‍ന്ന് 2,332.79 ഡോളറിലാണ് വില. യു.എസില്‍ പണപ്പെരുപ്പ നിരക്കുകള്‍ കുറഞ്ഞത് ഉടന്‍ നിക്ഷേപ പലിശ നിരക്ക് കുറയ്ക്കുന്നതിലേക്ക് നയിക്കുമെന്ന പ്രതീക്ഷ ഉണര്‍ത്തിയതാണ് സ്വര്‍ണ വിലയില്‍ വര്‍ധനയ്ക്കിടയാക്കിയത്. അതേപോലെ യൂറോപ്യന്‍ വിപണികളിലും മറ്റും ഓഹരി വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദമുണ്ടായതും സ്വര്‍ണത്തിന് ഗുണമായി. ഓഹരി വിപണികള്‍ ഇടിയുന്നതും പലിശ നിരക്ക് കുറയ്ക്കുന്നതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം ഒഴിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കും. ഇത് സ്വര്‍ണത്തിന്റെ വില ഉയരാന്‍ കാരണമാകുമെന്നാണ് വിലയിരുത്തലുകള്‍.