ഇക്കുറി ബജറ്റ് ജനുവരിയില്‍, നീക്കം ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട്
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സര്‍ക്കാരിന് ജനപ്രിയ ബജറ്റ് അവതരിപ്പിക്കുക വെല്ലുവിളിയാകും
2024-25 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ജനുവരിയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതിനാലാണ് ബജറ്റ് നേരത്തെ അവതരിപ്പിക്കാന്‍ ആലോചിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി കൂടിയാലോചനകള്‍ നടത്തി ധനവകുപ്പും സംസ്ഥാന ആസൂത്രണ ബോര്‍ഡും പ്രാരംഭ നടപടികള്‍ ആരംഭിച്ചു. സബ്ജക്ട് കമ്മിറ്റി യോഗങ്ങള്‍, ചര്‍ച്ചകള്‍, ഗ്രാന്റുകള്‍ക്കുള്ള ഡിമാന്‍ഡ് പാസാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കും.
ഫെബ്രുവരിയിലോ മാര്‍ച്ചിലോ ബജറ്റ് അവതരിപ്പിക്കുകയാണെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കല്‍ പ്രായോഗികമല്ല. എന്നാല്‍, ജനുവരിയില്‍ ബജറ്റ് അവതരിപ്പിച്ചാല്‍ സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ചെലവ് ആരംഭിക്കാന്‍ സര്‍ക്കാരിന് കഴിയും.