ഓഗസ്റ്റിലെ ദേശീയതല ജി.എസ്.ടി പിരിവ് ₹1.75 ലക്ഷം കോടി; അടിച്ചു കയറി കേരളവും
കേരളത്തിനുള്ള കേന്ദ്ര വിഹിതം 6,034 കോടി രൂപ;
ചരക്ക്-സേവന നികുതിയായി (GST) ദേശീയതലത്തില്‍ കഴിഞ്ഞമാസം പിരിച്ചെടുത്തത് 1.75 ലക്ഷം കോടി രൂപ. 2023 ഓഗസ്റ്റിലെ 1.59 ലക്ഷം കോടി രൂപയേക്കാള്‍ 10 ശതമാനം അധികമാണിതെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ജൂണില്‍ 1.82 ലക്ഷം കോടി രൂപ ജി.എസ്.ടി പിരിച്ചിരുന്നു. 2024ല്‍ ഇതു വരെ മൊത്തം പിരിച്ചത് 9.13 ലക്ഷം കോടിയാണ്. മുന്‍ വര്‍ഷത്തെ സമാന കാലയളവില്‍ ഇത് 8.29 ലക്ഷം കോടിയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ പിരിച്ചെടുത്ത 2.10 ലക്ഷം കോടിയാണ് ജി.എസ്.ടിയിലെ റെക്കോഡ്.
തൊട്ടുമുന്‍മാസം നടന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ജി.എസ്.ടിയാണ് ഓരോ മാസവും പിരിച്ചെടുക്കാറുള്ളത്. കഴിഞ്ഞ മാസം പിരിച്ചെടുത്ത മൊത്തം ജി.എസ്.ടിയില്‍ 27,244 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 34,006 കോടി രൂപ സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുത്തതുമാണ്.
സംയോജിത ജി.എസ്.ടിയായി (IGST) 77,720 കോടി രൂപയും സെസ് ഇനത്തില്‍ 11,531 കോടി രൂപയും പിരിച്ചെടുത്തു.
കേരളത്തിനും മികച്ച വളര്‍ച്ച
കേരളത്തിലെ ജി.എസ്.ടി സമാഹരണം കഴിഞ്ഞ മാസം 2,511 കോടി രൂപയാണ്. 2023 ഓഗസ്റ്റിലേക്കാള്‍ 9 ശതമാനം അധികം. ഇക്കഴിഞ്ഞ ജൂലൈയില്‍ 2,493 കോടി രൂപ പിരിച്ചെടുത്തിരുന്നു.
കഴിഞ്ഞ മാസത്തെ സംസ്ഥാന ജി.എസ്.ടി, ഐ.ജി.എസ്.ടിയിലെ സംസ്ഥാന വിഹിതം എന്നിവയായി കേരളത്തിന് 6,034 കോടി രൂപയും ലഭിച്ചു. 2023 ഓഗസ്റ്റിലെ 5,819 കോടി രൂപയേക്കാള്‍ 4 ശതമാനം അധികമാണിതെന്ന് ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കി.
മുന്നില്‍ മഹാരാഷ്ട്ര
ജി.എസ്.ടി സമാഹരണത്തില്‍ 26,367 കോടിയുമായി മഹാരാഷ്ട്രയാണ് മുന്നില്‍. 12,344 കോടി രൂപയുമായി കര്‍ണാടക രണ്ടാമതും 10,181 കോടി രൂപയുമായി തമിഴ്‌നാട് മൂന്നാമതുമാണ്. വെറും മൂന്ന് കോടി രൂപ മാത്രം പിരിച്ചെടുത്ത ലക്ഷദ്വീപാണ് ജി.എസ്.ടി പിരിവില്‍ ഏറ്റവും പിന്നില്‍.