ചെറുകിട സംരംഭക ഹെല്‍പ് ഡെസ്‌ക് അടുത്തമാസം മുതല്‍

സംരംഭങ്ങളുടെ രജിസ്‌ട്രേഷന്‍ മുതലുള്ള പിന്തുണ ഹെല്‍പ് ഡെസ്‌ക് നല്‍കും. മൂലധനം ഉറപ്പാക്കാന്‍ ബാങ്കുകളുമായി സംവദിക്കും.

Update: 2023-06-19 10:30 GMT

Image : keralaindustry.org

സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി (എം.എസ്.എം.ഇ) സര്‍ക്കാരും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് എക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും (ഐ.സി.എ.ഐ) ചേര്‍ന്നൊരുക്കുന്ന സൗജന്യ ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം ജൂലൈയില്‍ തുടങ്ങിയേക്കും. കഴിഞ്ഞ ഏപ്രിലില്‍ തുടങ്ങേണ്ടിയിരുന്ന ഹെല്‍പ് ഡെസ്‌കാണ് സര്‍ക്കാരിന്റെ 'അലസത' മൂലം മൂന്ന് മാസം വൈകിയത്.

എം.എസ്.എം.ഇകള്‍ക്ക് സാമ്പത്തിക ഇടപാടിന്മേല്‍ ഉപദേശങ്ങളും സഹായങ്ങളും ലഭ്യമാക്കാന്‍ സൗജന്യ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കാനായി കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് വ്യവസായ മന്ത്രി പി. രാജീവ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് എക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) സ്റ്റാര്‍ട്ടപ്പ് സമിതി ചെയര്‍മാന്‍ ധീരജ് കുമാര്‍ ഖണ്ടേല്‍വാള്‍ എന്നിവര്‍ തമ്മില്‍ കൊച്ചിയില്‍ ധാരണാപത്രം കൈമാറിയത്.
15 ദിവസത്തിനകം സൗജന്യ ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്നും ശനിയാഴ്ചകളിലായിരിക്കും സേവനമെന്നും ചടങ്ങില്‍ വ്യക്തമാക്കിയിരുന്നു. മൂന്ന് പേരാണ് ഹെല്‍പ് ഡെസ്‌കിലുണ്ടാവുക. രണ്ടുപേര്‍ ഐ.സി.എ.ഐയില്‍ നിന്നാണ്. ഒരാള്‍ സര്‍ക്കാര്‍ പ്രതിനിധിയും. ഐ.സി.എ.ഐയുടെ സംസ്ഥാനത്തെ 9 ശാഖകളിലാണ് ഹെല്‍പ് ഡെസ്‌ക് തുറക്കാന്‍ ഉന്നമിട്ടത്.
ഐ.സി.എ.ഐയില്‍ നിന്നുള്ള അംഗങ്ങള്‍ സജ്ജമായെങ്കിലും പ്രതിനിധിയെ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം വൈകാനിടയാക്കിയത്. ഇതിനിടെ നിയമവകുപ്പ് ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചതും കാലതാമസത്തിന് വഴിവച്ചു. എന്നാല്‍, തടസ്സങ്ങള്‍ മാറിയെന്നും ജൂലൈ ആദ്യവാരം മുതല്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങുമെന്നും ഐ.സി.എ.ഐ അധികൃതര്‍ 'ധനത്തോട്' പറഞ്ഞു.
ഇന്ത്യയിലെ ആദ്യ പദ്ധതി
എം.എസ്.എം.ഇകള്‍ക്കായി രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാരും ഐ.സി.എ.ഐയും കൈകോര്‍ത്ത് സൗജന്യ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കാന്‍ തീരുമാനിച്ചത് കേരളത്തിലാണ്. ഒരു വര്‍ഷത്തേക്കാണ് ഹെല്‍പ് ഡെസ്‌കിന്റെ സേവനം. വിജയകരമായാല്‍ സ്ഥിരം സംവിധാനമാക്കാനാണ് തീരുമാനം.
എം.എസ്.എം.ഇകള്‍ക്ക് പ്രയോജനകരം
എം.എസ്.എം.ഇകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ധനകാര്യ ഇടപാടുകള്‍ കൃത്യവും അച്ചടക്കവുമുള്ളതാക്കുക എന്നതാണ്. പല സംരംഭകര്‍ക്കും നിയമങ്ങളെ കുറിച്ച് പോലും അറിവില്ല. ഇത് ആ സംരംഭങ്ങളുടെ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നു. പല സംരംഭങ്ങളും പാതിവഴിയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സ്ഥിതിയും ഉണ്ടാവാറുണ്ട്.
ഈ പ്രതിസന്ധി ഒഴിവാക്കുകയാണ് ഹെല്‍പ് ഡെസ്‌കിന്റെ ലക്ഷ്യം. സംരംഭങ്ങളുടെ രജിസ്‌ട്രേഷന്‍ മുതലുള്ള പിന്തുണ ഐ.സി.എ.ഐ നല്‍കും. മൂലധനം (ഫണ്ടിംഗ്) ഉറപ്പാക്കാന്‍ ബാങ്കുകളുമായി സംവദിക്കും. പദ്ധതി റിപ്പോര്‍ട്ട് (പ്രോജക്ട് റിപ്പോര്‍ട്ട്) തയ്യാറാക്കുക, നിര്‍മ്മാണോപകരണങ്ങള്‍ വാങ്ങുക, അക്കൗണ്ടിംഗ്, ധനകാര്യ സേവനം, നികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ തുടങ്ങിയ സേവനങ്ങളാണ് സൗജന്യമായി ലഭ്യമാക്കുക.
Tags:    

Similar News