ചെറുകിട സംരംഭങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി വ്യവസായ വകുപ്പ്

മൂന്ന് ലക്ഷത്തിലധികം വരുന്ന എം.എസ്.എം.ഇകള്‍ക്ക് പ്രയോജനം

Update: 2023-10-13 12:58 GMT

സംസ്ഥാനത്തെ സൂക്ഷ്മ- ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുമായി വ്യവസായ വകുപ്പ്.

2023 ഏപ്രില്‍ ഒന്നിനു ശേഷം ഭാരത് സൂക്ഷ്മ-ലഘു ഉദ്യം സ്‌കീമിനു കീഴില്‍ ഇന്‍ഷുറന്‍സ് എടുത്തതും പുതുക്കിയതുമായ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പദ്ധതി പ്രകാരം എം.എസ്.എം.ഇകള്‍ നല്‍കുന്ന വാര്‍ഷിക പ്രീമിയത്തിന്റെ 50 ശതമാനം വരെ (പരമാവധി 2500 രൂപ) റീ ഇംമ്പേഴ്‌സ്‌മെന്റായി നല്‍കും. ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
മുഴുവന്‍ വാര്‍ഷിക പ്രീമിയം അടച്ചുകൊണ്ട് എം.എസ്.എം.ഇകള്‍ ഇന്‍ഷുറന്‍സ് പോളിസി വാങ്ങണം. അതിനു ശേഷം ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓണ്‍ലൈന്‍ വഴി 
അതത്‌ 
ജില്ലാ വ്യവസായ കേന്ദ്രങ്ങളിലേക്ക് റീ ഇംമ്പേഴ്‌സ്‌മെന്റിന് അപേക്ഷ നല്‍കാം. മാനുഫാക്ചറിംഗ്, ട്രേഡ്, സേവന മേഖലകളിലെ എം.എസ്.എം.ഇകള്‍ക്ക് പദ്ധതിയുടെ ഗുണം ലഭ്യമാക്കാം.

പ്രകൃതി ദുരന്തങ്ങള്‍,തീപിടിത്തം, മോഷണം, അപകടം, വിപണി വ്യതിയാനങ്ങള്‍ തുടങ്ങിയവ മൂലമുള്ള നാശനഷ്ടങ്ങളില്‍ നിന്ന് സംരംഭങ്ങള്‍ക്ക് പരിരക്ഷ നല്‍കാന്‍ ഇന്‍ഷുറന്‍സ് വഴി സാധിക്കും.

നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി ലിമിറ്റഡ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുമായി ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ വ്യവസായ വകുപ്പ് ഒപ്പുവച്ചു.

നിലവിൽ പരിരക്ഷ 15,000ത്തോളം സ്ഥാപനങ്ങള്‍ക്ക്
നിലവില്‍ കേരളത്തില്‍ മൂന്ന് ലക്ഷത്തിലധികം എം.എസ്.എം.ഇകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2022-23 സംരംഭക വര്‍ഷാചരണത്തിന്റെ ഭാഗമായി മാത്രം 1,40,000 എം.എസ്.എം.ഇകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ 15,000 ത്തില്‍ താഴെ സംരംഭങ്ങള്‍ക്ക് മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത്.
സംരംഭങ്ങള്‍ക്ക് സംഭവിച്ചേക്കാവുന്ന നഷ്ടത്തിന്റെ ആഘാതം കുറയ്ക്കാന്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ അത്യാവശ്യമാണെന്നും  എം.എസ്.എം.ഇകളെ വളര്‍ത്താനും വിപണി ശക്തിപ്പെടുത്താനും സംരംഭകരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കാനും വിപുലമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
ഇന്‍ഷുറന്‍സ് പദ്ധതിക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ വെബ് പോര്‍ട്ടലും (http://msmeinsurance.indutsry.kerala.gov.in.) മന്ത്രി ഉദ്ഘാടനം ചെയ്തു. 
Tags:    

Similar News