ഐ.പി.ഒയ്ക്ക് ഒരുങ്ങവേ 110 കോടി രൂപയുടെ രണ്ടാംപാദ ലാഭവുമായി മുത്തൂറ്റ് മൈക്രോഫിന്‍

₹1,350 കോടിയുടെ ഐ.പി.ഒയ്ക്ക് സെബിയുടെ അനുമതി

Update:2023-11-01 18:21 IST

കേരളം ആസ്ഥാനമായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് കീഴിലുള്ള മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ പ്രാരംഭ  ഓഹരി വില്‍പ്പനയിലൂടെ (IPO) മൂലധന സമാഹരണത്തിനൊരുങ്ങുന്നു. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ (സെബി) നിന്ന് 1,350 കോടി രൂപയുടെ ഐ.പി.ഒയ്ക്ക് അനുമതി ലഭിച്ചു. ഇതില്‍ 950 കോടി രൂപ പുതിയ ഓഹരികളുടെ വില്‍പ്പനയിലൂടെയാണ് (Fresh Issue). നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള നിശ്ചിത ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍-ഫോര്‍-സെയിലിലൂടെ (offer for sale /OFS) 400 കോടി രൂപയും സമാഹരിക്കും.

മുത്തൂറ്റ് മൈക്രോഫിന്‍ മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോണ്‍ മുത്തൂറ്റിന്റേതുള്‍പ്പെടെയുള്ള പ്രമോട്ടര്‍ കുടുംബത്തിന്റെ ഓഹരി വില്‍പ്പനയിലൂടെ 300 കോടിയും ഓഹരി പങ്കാളികളായ ഗ്രേറ്റര്‍ പസഫിക് ക്യാപിറ്റലിന്റെ ഓഹരികള്‍ വിറ്റ് 100 കോടി രൂപയും ഒ.എഫ്.എസിലൂടെ നേടും.
വ്യക്തിഗത പ്രമോട്ടര്‍മാര്‍ക്ക് 9.73 ശതമാനവും മുത്തൂറ്റ് ഫിന്‍കോര്‍പ്പിന് 54.16 ശതമാനം ഓഹരികളുമാണ് കമ്പനിയിലുള്ളത്. ഗ്രേറ്റര്‍ പസഫിക്കിന് 25.15 ശതമാനം ഓഹരിയുണ്ട്. കമ്പനിയില്‍ 8.33 ശതമാനം ഓഹരിയുള്ള ക്രീയേഷന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇന്ത്യ എല്‍.സി.സി 
.എഫ്.എസില്‍ പങ്കെടുക്കുന്നില്ല. ബാക്കി ഓഹരികള്‍ ജീവനക്കാരുടെ കൈവശമാണ്. 
ഇത് രണ്ടാം തവണയാണ് മുത്തൂറ്റ് മൈക്രോഫിന്‍ ഐ.പി.ഒയ്ക്ക് അപേക്ഷിക്കുന്നത്. 2018ല്‍ സെബിയുടെ അനുമതി ലഭിച്ചിരുന്നെങ്കിലും വിപണി സാഹചര്യങ്ങള്‍ മോശമായതിനാല്‍ കമ്പനി ഐ.പി.ഒയുമായി മുന്നോട്ടുപോയില്ല.
സെപ്റ്റംബര്‍ പാദ ലാഭം 109.57 കോടി
2023 സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് 109.57 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ പാദത്തേക്കാള്‍ 14.5 ശതമാനമാണ് വര്‍ധന. മൊത്തം പ്രവര്‍ത്തന വരുമാനം മുന്‍പാദത്തില്‍ നിന്ന് 17.74 ശതമാനം വര്‍ധിച്ച് 563.62 കോടി രൂപയിലെത്തി.
2023 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് കമ്പനി 9,200 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നുണ്ട്. രാജ്യത്തെ നാലാമത്തെ വലിയ എന്‍.ബി.എഫ്.സി-മൈക്രോഫിനാന്‍സ് സ്ഥാപനമാണ് മുത്തൂറ്റ് മൈക്രോഫിന്‍. ദക്ഷിണേന്ത്യയില്‍ മൂന്നാം സ്ഥാനത്തും.
കമ്പനിയുടെ ശേഷിക്കും പെരുമാറ്റച്ചട്ട വിലയിരുത്തലിനുമായി റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ ഏറ്റവും ഉയര്‍ന്ന മൈക്രോഫിനാന്‍സ് ഗ്രേഡിംഗ് എം1സി1 മുത്തൂറ്റ് മൈക്രോഫിന്‍ കൈവരിച്ചിട്ടുണ്ട്. കൂടാതെ ക്രിസില്‍ എ പ്ലസ് സേറ്റേബിള്‍ റേറ്റിംഗും മുത്തൂറ്റ് മൈക്രോഫിന്‍ നേടിയിട്ടുണ്ട്.
Tags:    

Similar News