ബാറുകള്‍ നിറയുന്ന കേരളം, എട്ടു വര്‍ഷത്തിനിടെ 2,600% വര്‍ധന: മുഖം തിരിച്ച് രണ്ട് ജില്ലകൾ
മാലിന്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ജവാന്‍ റം വില്‍പ്പന നിറുത്തി
സംസ്ഥാനത്ത് കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ബാര്‍ ഹോട്ടലുകളുടെ എണ്ണത്തില്‍ 2,662 ശതമാനം വര്‍ധന. 2016ല്‍ വെറും 29 ബാര്‍ ഹോട്ടലുകള്‍ പ്രവര്‍ത്തന ക്ഷമമായിരുന്നത് നിലവില്‍ 801 എണ്ണമായി. സംസ്ഥാന സര്‍ക്കാര്‍ മദ്യ നയം പരിഷകരിച്ചതിനുശേഷമാണ് എണ്ണം കുത്തനെ വര്‍ധിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 200 പുതിയ ലൈസന്‍സുകളാണ് നല്‍കിയത്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമ്പോള്‍ ബാര്‍ ഹോട്ടലുകളുടെ എണ്ണം 671 ആയിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ 97 ലൈസന്‍സുകള്‍ ലഭിച്ചു.
മുന്നില്‍ തിരുവനന്തപുരം
തിരുവനന്തപുരം (20), എറണാകുളം (18), തൃശൂര്‍ (14) ജില്ലകളിലാണ് ഇക്കാലയളവിൽ എറ്റവും കൂടുതല്‍ ബാര്‍ ഹോട്ടലുകള്‍ അനുവദിച്ചിട്ടുള്ളത്.
തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നിന്ന് നിരവധി അപേക്ഷകള്‍ ലഭിക്കുമ്പോള്‍ പക്ഷെ ഇടുക്കി (2), വയനാട് (4) പോലുള്ള ടൂറിസം കേന്ദ്രങ്ങളില്‍ നിന്ന് അപേക്ഷകര്‍ കുറവാണ്. കാസര്‍കോഡ് പത്തനംതിട്ട ജില്ലകളില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഒറ്റ ലൈസന്‍സ് പോലും നല്‍കിയിട്ടില്ല.
മലപ്പുറം (2), കണ്ണൂര്‍ (4), കോഴിക്കോട് (5) എന്നീ ജീല്ലകളിലും കഴിഞ്ഞ രണ്ടര വര്‍ഷത്തില്‍ ലൈസന്‍സ് ലഭിച്ച ബാര്‍ഹോട്ടലുകളുടെ എണ്ണം വളരെ കുറവാണ്.
ജവാനില്‍ മാലിന്യം
കേരളത്തിലെ ജനപ്രിയ മദ്യ ബ്രാന്‍ഡായ ജവാനില്‍ മാലിന്യം കണ്ടെത്തിയതിനെ തുടര്‍ന്ന് വില്‍പ്പന നിറുത്തുവച്ചു. വടക്കന്‍ പറവൂരിലെ വാണിയക്കാട് ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യത്തില്‍ മാലിന്യം ശ്രദ്ധയില്‍പ്പെട്ട ഉപഭോക്താവിന്റെ പരാതിയിലാണ് എക്‌സൈസിന്റെ നടപടി.
എക്‌സൈസ് നടത്തിയ പരിശോധനയില്‍ എട്ട് ബാച്ചുകളിലെ മദ്യത്തിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് മറ്റ് വില്‍പ്പന കേന്ദ്രങ്ങളിലെയും ജവാന്‍ റം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതാദ്യമായാണ് ജവാന്‍ ബോട്ടിലില്‍ മാലിന്യം കണ്ടെത്തുന്നതെന്ന് ബെവ്‌കോ ജീവനക്കാര്‍ പറയുന്നു. കുപ്പിയില്‍ നിറച്ച സമയത്തെ വീഴ്ചയാണോ എന്ന് പരിശോധിക്കുന്നുണ്ട്.
പൊതുമേഖലാ സ്ഥാപനമായ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ഫാക്ടറിയിലാണ് ജാവാന്‍ ഉത്പാദിപ്പിക്കുന്നത്.
(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)