ചെരുപ്പിനും ഐ.എസ്.ഐ: മാനദണ്ഡം അശാസ്ത്രീയമെന്ന് നിർമ്മാതാക്കൾ
₹300ന്റെ ചെരുപ്പിനും ₹10,000ന്റെ ഷൂവിനുമുള്ളത് ഒരേ ഗുണനിലവാര മാനദണ്ഡം! വിപണിയിലുള്ള ചെരുപ്പുകള്‍ തിരിച്ചെടുത്ത് മുദ്ര വയ്ക്കണമെന്ന നിര്‍ദേശം അപ്രായോഗികം
എല്ലാ വിഭാഗം ചെരുപ്പുകള്‍ക്കും ജൂലൈ ഒന്നുമുതല്‍ ബി.ഐ.എസിന്റെ (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്രാന്‍ഡേര്‍ഡ്‌സ്/BIS) ഐ.എസ്.ഐ മാര്‍ക്ക് (ISI Mark) നിര്‍ബന്ധമാക്കിയത് സ്വാഗതാര്‍ഹമെങ്കിലും ഇത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ അശാസ്ത്രീയവും പ്രതിഷേധാര്‍ഹവുമാണെന്ന് എം.എസ്.എം.ഇ ഫുട്‌വെയർ സെക്ടര്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍.
കേന്ദ്ര സര്‍ക്കാരിന് കീഴിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡിന്റേതാണ് ഉത്തരവ്. അതേസമയം, ഇതേ മാനദണ്ഡം നിലനിറുത്തിക്കൊണ്ട് ഹവായ് ചെരുപ്പുകള്‍, സാന്‍ഡല്‍, സ്ലിപ്പേഴ്‌സ് വിഭാഗത്തിലുള്ളവയ്ക്ക് ഐ.എസ്.ഐ മാര്‍ക്ക് നടപ്പാക്കാന്‍ ഡിസംബര്‍ 31വരെ സാവകാശം അനുവദിച്ചിട്ടുമുണ്ട്.
മാനദണ്ഡം അശാസ്ത്രീയം, പ്രതിഷേധാര്‍ഹം
300 രൂപയുടെ വി.പിസി ഇന്‍ജക്ഷന്‍ ഷൂവിനും 10,000 രൂപയുടെ ഷൂവിനുമുള്ളത് ഒരേ ഗുണനിലവാര മാനദണ്ഡമാണെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും കൗണ്‍സില്‍ ചെയര്‍മാന്‍ വി.കെ.സി റസാക്ക്, കണ്‍വീനര്‍ ബാബു മാളിയേക്കല്‍ എന്നിവര്‍ പറഞ്ഞു.
100 രൂപയുടെ ചെരുപ്പിനും 1,000 രൂപയുടെ ബ്രാന്‍ഡഡ് ചെരുപ്പിനുമുള്ളതും ഒരേ മാനദണ്ഡമാണ്. കുഞ്ഞുകുട്ടികളുടെ കനംകുറഞ്ഞതും കൈകൊണ്ട് നിര്‍മ്മിച്ചതുമായ ചെരുപ്പിനും മെഷീന്‍ നിര്‍മ്മിത പി.യു ഡി.ഐ.പി ചെരുപ്പിനും ഇതുപോലെ ഒരേ മാനദണ്ഡം നിഷ്‌കര്‍ഷിച്ചിരിക്കുന്നു.
ചെറുകിടക്കാരെ തകര്‍ക്കും
ഇന്ത്യയിലെ പാദരക്ഷാ നിര്‍മ്മാണ മേഖലയില്‍ 75 ശതമാനത്തിലധികവും അസംഘടിത മേഖലയിലുള്ളവരാണ്. 42 ലക്ഷം പേര്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നുവെന്ന് സര്‍ക്കാരിന്റെ തന്നെ കണക്കുണ്ട്. ഇതില്‍ മുന്തിയപങ്കും ചെറുകിട നിർമ്മാണ മേഖലയിലാണ്.
ബി.ഐ.എസ് മാനദണ്ഡം ലഘൂകരിച്ചില്ലെങ്കില്‍ ചെറുകിട വ്യവസായങ്ങള്‍ പൂട്ടേണ്ട സ്ഥിതിയുണ്ടാകും. മാത്രമല്ല, 300 രൂപയുടെ ചെരുപ്പിന് വില 1,000 രൂപയിലധികമാകുകയും ചെയ്യും. ഇത് വ്യവസായികളെയും വ്യാപാരികളെയും ഉപയോക്താക്കളെയും ഒരുപോലെ ബാധിക്കും.
ചെറുകിടക്കാര്‍ക്ക് അനുയോജ്യമായ പുതിയ മാനദണ്ഡങ്ങള്‍ ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രണ്ടോ മൂന്നോ വര്‍ഷം സാവകാശം അനുവദിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. നിലവില്‍ ബി.ഐ.എസ് മുദ്രയില്ലാത്ത ചെരുപ്പുകള്‍ വിപണിയില്‍ നിന്ന് തിരിച്ചെടുത്ത് ബി.ഐ.എസ് ഗുണനിലവാരം ഉറപ്പാക്കണമെന്ന അപ്രായോഗിക നിര്‍ദേശവും പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.