ബൈജൂസിന്റെ ഉപദേശക സ്ഥാനത്ത് നിന്ന് പിന്‍മാറി മോഹന്‍ദാസ് പൈയും രജനീഷും; നീക്കം നിര്‍ണായക സമയത്ത്

വില്‍പ്പന തന്ത്രങ്ങളിലും സെയില്‍ ടീം റോളുകളിലും മാറ്റം കൊണ്ടുവരുന്ന ബൈജൂസ് 3.0യ്ക്ക് ഈ മാസമാദ്യം രൂപം കൊടുത്തിരുന്നു

Update:2024-05-20 16:21 IST

രജനീഷ് കുമാര്‍, മോഹന്‍ദാസ് പൈ, ബൈജു രവീന്ദ്രന്‍

രാജ്യത്തെ പ്രമുഖ എഡ്‌ടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസിന്റെ ഉപദേശക സമിതിയില്‍ നിന്ന് പ്രമുഖ ടെക്‌നോക്രാറ്റുകളായ രജനീഷ് കുമാറും മോഹന്‍ദാസ് പൈയും സ്ഥാനമൊഴിഞ്ഞു. ജൂണ്‍ 30ന് അവസാനിക്കുന്ന പ്രവര്‍ത്തന കാലാവധി പുതുക്കുന്നില്ലെന്ന് ഇരുവരും ബൈജൂസിനെ അറിയിച്ചു.

ഒരു വര്‍ഷത്തേക്കാണ് ഉപദേശക സമിതി അംഗമായതെന്നും ബൈജൂസുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം കാലാവധി നീട്ടേണ്ടെന്ന്  തീരുമാനിച്ചെന്നും ഇവര്‍ വ്യക്തമാക്കി. ഏതെങ്കിലും ഘട്ടത്തില്‍ ഉപദേശങ്ങള്‍ തേടേണ്ടി വന്നാല്‍ സമീപിക്കാമെന്നും കമ്പനിക്കും സ്ഥാപകര്‍ക്കും നന്മകള്‍ നേരുന്നുവെന്നും ഇരുവരും പത്രകുറിപ്പില്‍ പറഞ്ഞു.
രക്ഷയ്‌ക്കെത്തിയവര്‍
സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ഓഡിറ്റര്‍മാരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും പിരിഞ്ഞു പോയ പശ്ചാത്തലത്തിലായിരുന്നു ബൈജൂസിന്റെ അഡ്വൈസറി കമ്മിറ്റിയിലേക്ക് എസ്.ബി.ഐ മുന്‍ ചെയര്‍മാന്‍ രജനീഷ് കുമാറിനെയും ഇന്‍ഫോസിസ് മുന്‍ സി.എഫ്.ഒ മോഹന്‍ദാസ് പൈയേയും നിയമിച്ചത്. കമ്പനി ഘടനയില്‍ മാറ്റം വരുത്തി പഴയപ്രതാപത്തിലേക്ക് തിരിച്ചു വരാനുള്ള പ്രമോട്ടര്‍മാരുടെ തീവ്രശ്രമിത്തിന്റെ ഭാഗമായിട്ടായിരുന്നു അഡ്വൈസറി കൗണ്‍സിലിന് രൂപം കൊടുത്തത്.
നിലവില്‍ ഉപദേശക സമിതിയില്‍ നിന്ന് ഇരുവരും ഒഴിയുന്നത് യാതൊരുവിധത്തിലും കമ്പനിക്ക് തിരിച്ചടിയല്ലെന്നും പ്രതിസന്ധി ഘട്ടത്തില്‍ ഇവരുടെ നിര്‍ദേശങ്ങള്‍ താങ്ങായെന്നും 
ബൈജൂസിന്റെ സ്ഥാപക
നും സി.ഇ.ഒയുമായ  ബൈജൂ രവീന്ദ്രന്‍ ഇതേ കുറിച്ച് പ്രതികരിച്ചു.
പതനം തുടര്‍ച്ചയായപ്പോള്‍
2,200 കോടി ഡോളര്‍ വിപണി മൂല്യമുണ്ടായിരുന്ന ബൈജൂസ് പ്രതിസന്ധികളെ തുടര്‍ന്ന് തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്നു. ഭരണപരമായ പ്രശ്‌നങ്ങളാണ് ബൈജൂസിന്റെ പതനത്തിനിടയാക്കിയതെന്നാണ് രജനീഷ് കുമാര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ പറഞ്ഞത്.
യഥാസമയം പ്രവര്‍ത്തനഫലങ്ങള്‍ പ്രസിദ്ധീകരിക്കാനാകാത്തതു മൂലം കഴിഞ്ഞ ജൂണിലാണ് ഓഡിറ്റര്‍മാരും ഡയറക്ടര്‍മാരും കമ്പനിയില്‍ നിന്ന് പിന്മാറിയത്. ഇതിനു പിന്നാലെ ബൈജൂസിന്റെ മുഖ്യ നിക്ഷേപസ്ഥാപനങ്ങളായ പ്രോസസ്, പീക്ക് എക്‌സ്.വി പാര്‍ടേഴ്‌സ്, ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷിയേറ്റീവ് എന്നിവയുടെ പ്രതിനിധികളും കമ്പനിയില്‍ നിന്ന് രാജിവച്ചിരുന്നു.
പുതിയ പദ്ധതികളിലേക്ക്
ബൈജൂസ് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളില്‍ നിന്ന് ഇനിയും കരയറാന്‍ സാധിച്ചിട്ടില്ലാത്ത അവസ്ഥയിലാണ് രജനീഷിന്റെയും മോഹന്‍ദാസിന്റെയും പുതിയ നീക്കമെന്നതാണ് ശ്രദ്ധേയം. ഓരോ മാസവും ശമ്പളം കൊടുക്കാന്‍ പോലും കഷ്ടപ്പെടുന്ന ബൈജൂസ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊപ്പം വായ്പാദാതാക്കളില്‍ നിന്നും നിക്ഷേപകരില്‍ നിന്നും നിയമതര്‍ക്കങ്ങളും നേരിടുന്നുണ്ട്. കഴിഞ്ഞ മാസം കമ്പനിയെ ലാഭപാതയിലേക്ക് നയിക്കാന്‍ ബൈജൂസ് 3.0 എന്ന പ്രത്യേക പദ്ധതിക്ക് കമ്പനി രൂപം കൊടുത്തിരുന്നു. വില്‍പ്പന തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചും സെയില്‍സ്  വിഭാഗത്തിന് പുതിയ റോളുകള്‍ നല്‍കിയും കൂടുതല്‍ വളര്‍ച്ച നേടാനാണ് ബൈജൂസ് ശ്രമിക്കുന്നത്.
Tags:    

Similar News