നികുതിവെട്ടിപ്പ് വ്യാപകം: സ്വര്‍ണ നികുതിയില്‍ കേരളത്തിന് പ്രതിവര്‍ഷ നഷ്ടം ₹18,000 കോടി
റെയ്ഡ് റിപ്പോര്‍ട്ടില്‍ മൂന്നുവര്‍ഷമായി തുടര്‍നടപടിയില്ല
സംസ്ഥാനത്ത് നികുതിയടച്ചുള്ള സ്വര്‍ണ വ്യാപാരം ആകെ സ്വര്‍ണ വില്‍പനയുടെ 20 ശതമാനത്തിനു താഴെ. പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി മുന്‍ ചെയര്‍പേഴ്സണും സാമ്പത്തിക വിദഗ്ധയുമായ പ്രൊഫ. ഡോ. മേരി ജോര്‍ജ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പ്രതിവര്‍ഷം ഈ മേഖലയില്‍ നിന്ന് കേരളത്തിന് 18,000 കോടി രൂപയുടെ നികുതി നഷ്ടം ഉണ്ടാകുന്നുവെന്നും പഠനത്തില്‍ പറയുന്നു.
കേരളത്തിന് 2021-22 സാമ്പത്തികവര്‍ഷം സ്വര്‍ണമേഖലയില്‍ നിന്ന് ലഭിച്ച നികുതിവരുമാനം 560.91 കോടി രൂപ മാത്രമാണ്. വാറ്റ് നിയമം പ്രാബല്യത്തിലുണ്ടായിരുന്ന 2016ലിത് 629.65 കോടി രൂപയായിരുന്നു. അതേസമയം സ്വര്‍ണവില വര്‍ഷംതോറും മുകളിലോട്ടാണ്. 2017ല്‍ ഗ്രാമിന് 2,740 ആയിരുന്നത് 2023 ആയപ്പോള്‍ 5520(+15)ൽ എത്തിനില്‍ക്കുകയാണ്.
നികുതി നിരക്ക് മുതല്‍ പല കാരണങ്ങള്‍
വാറ്റ് കാലഘട്ടത്തില്‍ സ്വര്‍ണത്തിന്റെ നികുതി 5% ആയിരുന്നെങ്കിലും 90 ശതമാനം സ്വര്‍ണാഭരണ കച്ചവടക്കാരും കോമ്പോസിഷന്‍ സ്‌കീമില്‍ നികുതി അടച്ചിരുന്നതിനാല്‍ ശരാശരി നികുതി നിരക്ക് 1.25% ആയിരുന്നു. എന്നാല്‍ ജി.എസ്.ടിയിലേക്ക് വന്നപ്പോള്‍ 40 ലക്ഷം രൂപ വിറ്റുവരവുള്ളവരേ രജിസ്ട്രേഷന്‍ എടുക്കേണ്ടതുള്ളൂ എന്നതും നികുതി നിരക്ക് മൂന്നു ശതമാനമായി കുറഞ്ഞതുമാണ് സ്വര്‍ണ നികുതിവരവു കുറയാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വാദം. ഇന്‍പുട് ടാക്സ് ക്രെഡിറ്റ് നല്‍കണം, സ്വര്‍ണാഭരണ പരിശോധനയില്‍ ഇ-വേബില്‍ ബാധകമല്ലാത്തതിനാല്‍ പിടിച്ചെടുക്കാന്‍ കഴിയുന്നില്ല, കേന്ദ്ര സര്‍ക്കാര്‍ ഇ- വേ ബില്‍ ഏര്‍പ്പെടുത്താന്‍ തടസംനില്‍ക്കുന്നു എന്നീ കാരണങ്ങളും ചൂണ്ടിക്കാട്ടുന്നു.
തട്ടിപ്പ് തടയാന്‍ നടപടിയില്ല
അതേസമയം നികുതിവെട്ടിപ്പു തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാണ് വസ്തുതകള്‍ തെളിയിക്കുന്നത്. 2020ല്‍ സംസ്ഥാന ജി.എസ്.ടി വകുപ്പ് കേരളത്തിലെ എല്ലാ സ്വര്‍ണക്കടകളിലും ഒറ്റദിവസം കൊണ്ട് പരിശോധന നടത്തി അതിന്റെ സ്റ്റോക്കും വിറ്റുവരവും അടങ്ങിയ ഡാറ്റ സി-ഡാകിനെ (സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്) ഏല്‍പിച്ചിട്ട് മൂന്നുവര്‍ഷമായെങ്കിലും തുടര്‍നടപടികളുണ്ടായില്ല. എല്ലാ സ്വര്‍ണക്കടകളിലും ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയോഗിക്കുമെന്ന് പ്രഖ്യാപിച്ചതും നടപ്പായില്ല. ജി.എസ്.ടി പുനഃസംഘടനയോട് കൂടി എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകളുടെ എണ്ണം നേര്‍പകുതിയാക്കി കുറച്ചതും പരിശോധനകള്‍ കുറച്ചതും നികുതിവലയ്ക്ക് പുറത്തുള്ള സ്വര്‍ണാഭരണ ശൃംഖലയെ സഹായിക്കാനാണെന്ന ആക്ഷേപം നിലവിലുണ്ട്.
സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും സര്‍ക്കാരിന് ലഭിക്കേണ്ട നികുതിവരുമാനം ചോരുന്നതിനു തടയിടാത്തത് ഈ കള്ളക്കച്ചവടത്തിന്റെ വിഹിതം കൃത്യമായി ജി.എസ്.ടി വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടേയും ഭരണനേതൃത്വത്തിന്റേയും പോക്കറ്റുകളിലേക്ക് ഒഴുകുന്നതുകൊണ്ടാണെന്ന് ആക്ഷേപമുണ്ട്.
കഴിഞ്ഞ ജൂലൈയില്‍ ജി.എസ്.ടി കൗണ്‍സില്‍ രണ്ടുലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണനീക്കത്തിന് ഇ- വേബില്‍ ഏര്‍പ്പെടുത്തി വിജ്ഞാപനമിറക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനു വേണ്ടി നിരന്തരം വാദിച്ചിരുന്ന കേരളം വിജ്ഞാപനമിറക്കാന്‍ മടിക്കുന്നത് ഈ സംശയത്തിനു ബലംനല്‍കുന്നു. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ഗ്രൂപ് ഓഫ് മിനിസ്റ്റേഴ്സിനെ നയിച്ചത് സംസ്ഥാന ധനമന്ത്രി ആയിരുന്നു.