ഈ കേരള ജുവലറി ഓഹരി കഴിഞ്ഞ 10 മാസത്തിനിടെ നിക്ഷേപകര്‍ക്ക് നല്‍കിയത് 300 ശതമാനം നേട്ടം

യു.എസ് ഉള്‍പ്പെടെയുള്ള വിപണികളിലേക്കും കടക്കാനൊരുങ്ങുന്നു

Update:2024-03-29 11:32 IST

Image by Canva

കേരളത്തില്‍ നിന്നുള്ള പ്രമുഖ ജുവലറി ബ്രാന്‍ഡായ കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ കഴിഞ്ഞ 10 മാസത്തിനിടെ നിക്ഷേപകര്‍ക്ക് നല്‍കിയത് 305 ശതമാനത്തിലധികം നേട്ടം. ഇന്നലെ ബി.എസ്.ഇയില്‍ മൂന്ന് ശതമാനം ഉയര്‍ന്ന് ഓഹരി വില 427.85 രൂപയിലെത്തി. മികച്ച വളര്‍ച്ചാ പ്രതീക്ഷയാണ് ഓഹരികളെ ഉയര്‍ച്ചയിലാക്കിയത്. 105.65 രൂപയില്‍ നിന്നാണ് ഓഹരി ഉയര്‍ച്ച തുടങ്ങിയത്. മാര്‍ച്ച് രണ്ടിനാണ് ഓഹരി മുന്‍കാല റെക്കോഡായ 419 രൂപ മറികടന്നത്.

അടുത്തിടെ ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ചില്‍ നിന്ന് എപ്ലസ് റേറ്റിംഗ് ലഭിച്ചതും ഓഹരിക്ക് ഗുണമായി. മൂന്നു വര്‍ഷക്കാലയളവില്‍ 468.88 ശതമാനവും ഒരു വര്‍ഷക്കാലയളവില്‍ 300 ശതമാനത്തോളവുമാണ് ഓഹരിയുടെ നേട്ടം.
വുപുലമായ പദ്ധതികള്‍
അടുത്ത സാമ്പത്തിക വര്‍ഷത്തോടെ യു.എസ് വിപണിയിലേക്കും കടക്കാനൊരുങ്ങുകയാണ് കല്യാണ്‍ ജുവലേഴ്‌സ്, ന്യൂജേഴ്‌സിയിലും ചിക്കാഗോയിലും ഓരോ സ്‌റ്റോറുകള്‍ വീതം തുറക്കാനാണ് പദ്ധതി.
2024-25 സാമ്പത്തിക വര്‍ഷത്തോടെ വിദേശ വിപണിയില്‍ ആറ് ജുവലറി ഷോറൂമുകളും രാജ്യത്ത് 130 പുതിയ ഷോറൂമുകളും തുറക്കുകയെന്ന കമ്പനിയുടെ പദ്ധതികളുടെ ഭാഗമാണ് ഇത്. നിലവില്‍ കല്യാണിന് രാജ്യത്ത് 219 ഷോറൂമുകളുണ്ട്. പശ്ചിമേഷ്യയില്‍ മത്രം 34 ഷോറൂമുകളാണുള്ളത്. അടുത്ത സാമ്പത്തിക വര്‍ഷം നാല് ഷോറൂമുകള്‍ കൂടി ഈ മേഖലകളില്‍ തുറക്കും.
ലക്ഷ്യം 20 തമാനം വളര്‍ച്ച
ഇന്ത്യയില്‍ 80 കല്യാണ്‍ ഷോറൂമുകളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ കാന്‍ഡിയറിന്റെ 50 സ്‌റ്റോറുകളും തുറക്കാനാണ് പദ്ധതിയെന്ന് കല്യാണ്‍ ജുവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണ്‍ രാമന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 20 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യം.
കഴിഞ്ഞ വര്‍ഷം കല്യാണ്‍ ഫ്രാഞ്ചൈസി ഓണ്‍ഡ് കമ്പനി ഓപ്പറേറ്റഡ് (FOCO) മോഡലിലേക്കും തിരിഞ്ഞിരുന്നു. സ്‌റ്റോക്കും സ്‌റ്റോറുകളുടെ മൂലധനവും പാര്‍ട്ണര്‍മാര്‍ മുടക്കുമ്പോള്‍ ഷോറൂമിന്റെ നത്തിപ്പ് കല്യാണ്‍ നേരിട്ട് നടത്തുന്ന ബിസിനസ് മോഡലാണ് ഫോക്കോ.
2023-24 സാമ്പത്തിക വര്‍ഷത്തെ ഡിസംബര്‍ പാദത്തില്‍ കല്യാണ്‍ ജുവലേഴ്‌സിന്റെ ലാഭം 22 ശതമാനം വളര്‍ച്ചയോടെ 180 കോടി രൂപയിലെത്തിയിരുന്നു. ഇക്കാലയളവില്‍ വരുമാനം 4,512 കോടി രൂപയുമാണ്.
Tags:    

Similar News