നികുതി വരുമാനം കൂടിയിട്ടും എന്തുകൊണ്ട് സാമ്പത്തിക പ്രതിസന്ധി? മറുപടിയുമായി ധനമന്ത്രി

കേന്ദ്രത്തിന്റെ നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം;

Update:2024-02-06 12:14 IST

Image Courtesy: KN Balagopal/facebook.com/photo

കേരളത്തിന്റെ തനത് നികുതി വരുമാനം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 71,968 കോടി രൂപയായി ഉയര്‍ന്നെന്നും നടപ്പു വര്‍ഷം അവസാനത്തില്‍ ഇത് 78,000 കോടി രൂപയായെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. 2020-21ല്‍ ഇത് 47,661 കോടി രൂപയും 2021-22ല്‍ 58,341 കോടി രൂപയുമായിരുന്നു.

2024-25 ധനകാര്യവര്‍ഷം ഇരട്ടിയാകുമ്പോള്‍ നികുതി വരുമാനം ഏകദേശം ഇരട്ടിയാകുമെന്നും മന്ത്രി ഉറപ്പിച്ചു പറയുന്നു. ഐ.ജി.എസ്.ടി സെറ്റില്‍മെന്റിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തലത്തിലെ സാങ്കേതിക പിഴവുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്താല്‍ നികുതി വരുമാനം ഇനിയും വര്‍ധിപ്പിക്കാമെന്നും മന്ത്രി പറയുന്നു.
നികുതി വരുമാനം ഇത്രയും വര്‍ധിച്ചിട്ടും എന്തുകൊണ്ട് കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നതാണ് ചോദ്യം. ഇതിനും ഇന്നലെ മന്ത്രി വ്യക്തമായ മറുപടി പറഞ്ഞു.
കടുത്ത അവഗണന
സംസ്ഥാനം 100 രൂപ നികുതി പിരിച്ചെടുക്കുമ്പോള്‍ കേന്ദ്രം നല്‍കുന്നത് 21 രൂപയാണ്. ഉത്തര്‍പ്രദേശിന് 46 രൂപയും ബിഹാറിന് 70 രൂപയും നല്‍കുമ്പോഴാണ് കേരളത്തിനോട് വിവേചനമെന്ന് മന്ത്രി പറയുന്നു.
''കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിയില്‍ നിന്നും കേരളത്തിനവകാശപ്പെട്ട നികുതി വിഹിതം കൂടി ഉള്‍പ്പെടുന്നതാണ് സംസ്ഥാനത്തിന്റെ ആകെ നികുതി വരുമാനം. 2021-23ലെ കണക്കനുസരിച്ച് 65 രൂപ സംസ്ഥാനം പിരിച്ചെടുത്താല്‍ 35 രൂപ കേന്ദ്രം തരും എന്നതാണ് ദേശീയ ശരാശരി. പക്ഷെ കേരളം 79 രൂപ തനത് നികുതി വരുമാനം പിരിച്ചെടുക്കുമ്പോള്‍ കേന്ദ്രം തരുന്നത് 21 രൂപയാണ്. അതായത് 100ല്‍ 21 രൂപ മാത്രമാണ് കേന്ദ്രത്തിന്റെ സംഭാവന. ഉത്തര്‍പ്രദേശിന് 100ല്‍ 46 രൂപ കേന്ദ്രം നല്‍കുന്നു. ബീഹാറിന് 100ല്‍ 70 രൂപയും.'' കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്ക് ആര്‍.ബി.ഐ കണക്കുകളേക്കാള്‍ മെച്ചപ്പെട്ട തെളിവ് വേണോ എന്ന് മന്ത്രി ചോദിക്കുന്നു.
കേന്ദ്രം പിരിച്ചെടുത്ത് സംസ്ഥാനങ്ങള്‍ക്ക് വീതംവെച്ച് നല്‍കുന്ന നികുതിയുടെ ഡിവിഡിബിള്‍ പൂളിലെ കേരളത്തിന്റെ ഓഹരി പത്താം ധനകാര്യ കമ്മീഷന്‍ കാലത്ത് 3.87 ശതമാനമായിരുന്നു. ഇത് 14-ാം കമ്മീഷനില്‍ 2.5 ശതമാനമായും 15-ാം കമ്മീഷന്റെ ശുപാര്‍ശയില്‍ 1.925 ശതമാനമായും കുറഞ്ഞു. ഇതിന്റെ ഫലമായി കേരളത്തിന് പതിനായിരക്കണക്കിന് കോടി രൂപ നഷ്ടമായി.
വികസനമാതൃകയെ തകര്‍ക്കാന്‍
കേരളം ശിക്ഷിക്കപ്പെടുന്നത് വികസന നേട്ടങ്ങളുടെ പേരിലാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനത്തോടുള്ള അവഗണന ഡല്‍ഹിയിലെ സമരത്തിലും സുപ്രീം കോടതിയിലും എത്തിയിരിക്കുന്ന നിലയ്ക്ക് അതിനെക്കുറിച്ച് ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിക്കാതെ പോകാന്‍ കഴിയില്ല. നികുതിയില്‍ മാത്രമല്ല കേരളത്തിന് നീതി നിഷേധിക്കപ്പെടുന്നത്. കേന്ദ്രത്തിന്റെ തന്നെ മാനദണ്ഡങ്ങള്‍ അനുസരിച്ച് നടപ്പുവര്‍ഷം കേരളത്തിന് അനുവദിക്കേണ്ട വായ്പ, പബ്ലിക് അക്കൗണ്ടിന്റെയും മറ്റും പേരില്‍ ധനകാര്യ വര്‍ഷത്തിന്റെ മധ്യേ വെട്ടിക്കുറച്ചു. സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതത്തില്‍ 57,400 കോടി രൂപയുടെ വെട്ടിക്കുറവാണ് വരുത്തിയത്.
ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിലധിഷ്ടിതമായ കേരള വികസന മാതൃകയെ തകര്‍ക്കാനുള്ള ഗൂഡാലോചനയാണ് നടക്കുന്നത്. കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും മറ്റി സാധാരണ ജനങ്ങള്‍ക്കും നല്‍കുന്ന ആനുകൂല്യങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും മുടക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ ആരോപിച്ചു.
Tags:    

Similar News