കണ്ണൂരില്‍ നിന്ന് പറക്കാം കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക്; പദവി വൈകാതെ ലഭിച്ചേക്കും

കൂടുതൽ വിദേശ എയർലൈനുകൾക്ക് കണ്ണൂരിൽ നിന്ന് സേവനം ആരംഭിക്കാൻ പോയിന്റ്‌ ഓഫ്‌ കോള്‍ പദവി ഉപകരിക്കും

Update:2023-09-18 18:28 IST

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് കൂടുതൽ വിദേശ രാജ്യങ്ങളിലേക്ക് സർവീസ് അനുവദിക്കാൻ പോയിന്റ്‌ ഓഫ്‌ കോള്‍ പദവി ലഭിക്കാനുള്ള സാധ്യതയേറി. ടൂറിസം, സിവിൽ വ്യോമയാനവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി അടുത്തിടെ കണ്ണൂർ വിമാനത്താവളം സന്ദർശിച്ചിരുന്നു. പോയിന്റ്‌ ഓഫ്‌ കോള്‍  പദവി ഇല്ലാതെ തന്നെ ഗോവയിലെ വിമാനത്താവളത്തിന് വിദേശ കമ്പനികള്‍ക്ക് സര്‍വീസ്‌ നടത്താൻ അനുമതി നൽകിയിരുന്നു. എന്നാൽ ഈ അനുവാദം നൽകിയത് വ്യത്യസ്‌ത സാഹചര്യത്തിലായിരുന്നുവെന്ന് പാര്‍ലമെന്ററി സമിതി അധ്യക്ഷൻ വിജയ് സായ് റെഡ്ഢി അഭിപ്രായപ്പെട്ടു. കെ മുരളീധരൻ എം.പിയും കമ്മിറ്റിയിൽ അംഗമാണ്.

പോയിന്റ്‌ ഓഫ് കോള്‍ പദവി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ടീം ഹിസ്റ്റോറിക്കല്‍ ഫ്ലൈറ്റ് ജേണി കേന്ദ്രമന്ത്രി വി.മുരളീധരന് നിവേദനം നൽകിയിരുന്നു. വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ യാത്രക്കാരുടെ കൂട്ടായ്മയാണ് ടീം ഹിസ്റ്റോറിക്കല്‍. കഴിഞ്ഞ ഡിസംബറിൽ വിവിധ മന്ത്രിമാരെ കണ്ട് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
പോയിന്റ്‌ ഓഫ് കോള്‍ പദവി വൈകുന്ന സാഹചര്യമാണെങ്കില്‍ ഗോവയിലെ മനോഹര്‍ വിമാനത്താവളത്തില്‍ ഒമാന്‍ എയറിന് സര്‍വീസുകള്‍ അനുവദിച്ച മാതൃകയില്‍ കണ്ണൂരില്‍ നിന്നു സര്‍വീസ് നടത്താന്‍ വിദേശ വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നു ഭാരവാഹികളായ ജയദേവ് മാല്‍ഗുഡി, എസ്.കെ.ഷംസീര്‍ എന്നിവര്‍ കേന്ദ്രമന്ത്രിയോട് അഭ്യര്‍ഥിച്ചു.
2022-23ൽ മൊത്തം 6,215 അന്താരാഷ്ട്ര ഫ്‌ളൈറ്റുകൾ കണ്ണൂർ വിമാനത്താവളത്തിൽ സർവീസ് നടത്തി. 2018-19നെ അപേക്ഷിച്ച് 977% വർധന ഉണ്ടായി. ഇന്ത്യൻ വിമാനത്താവളങ്ങളിൽ വിദേശ വിമാനങ്ങൾക്ക് പോയിന്റ്‌ ഓഫ് കോള്‍  അനുവദിച്ചതിൽ വിവേചനം  ഉണ്ടായിരുന്നതിനാൽ മെട്രോ അല്ലാത്ത വിമാനത്താവളങ്ങൾക്ക് പോയിന്റ്‌ ഓഫ് കോള്‍ പദവി അനുവദിച്ചിരുന്നില്ല. ഒരു വിദേശ എയർലൈൻ കമ്പനി ഇന്ത്യൻ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തണമെങ്കിൽ പോയിന്റ്‌ ഓഫ് കോള്‍ പദവി ഉണ്ടായിരിക്കണം. 
Tags:    

Similar News