എം.എ യൂസഫലിയുടെ സിയാല്‍ ഓഹരി പങ്കാളിത്തം 12.11 ശതമാനമായി
സിന്തൈറ്റിന്റെ ഓഹരി പങ്കാളിത്തം താഴേക്ക്, സര്‍ക്കാര്‍ ഓഹരി കൂടി;
ലുലു ഗ്രൂപ്പ് സ്ഥാപകനും പ്രമുഖ പ്രവാസി വ്യവസായിയുമായ എം.എ യൂസഫലിക്ക് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലുള്ള (സിയാല്‍) ഓഹരി പങ്കാളിത്തം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 12.11 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സിയാലില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തി വരികയാണ് എം.എ യൂസഫലി.
2023 മാര്‍ച്ച് 31ലെ 11.76 ശതമാനത്തില്‍ നിന്നാണ് 12.11 ശതമാനമായത്. ഓഹരികളുടെ എണ്ണം 4.49 കോടിയില്‍ നിന്ന് 5.7 കോടിയായി ഉയര്‍ന്നു.
2024 സാമ്പത്തിക വര്‍ഷത്തില്‍ സിയാല്‍ 478 കോടി രൂപ റൈറ്റ് ഇഷ്യു വഴി സമാഹരിച്ചിരുന്നു. നിലവിലുള്ള ഓഹരിയുടമകള്‍ക്ക് നാല് ഓഹരികള്‍ക്ക് ഒരു ഓഹരിയൊന്ന് എന്ന കണക്കില്‍ 50 രൂപ പ്രകാരം ഓഹരി സ്വന്തമാക്കാനാകുമായിരുന്നു. ഇതു പ്രകാരം എം.എ യൂസഫലിക്ക് 1.12 കോടി ഓഹരികളാണ് അധികമായി വാങ്ങാന്‍ അനുമതി ലഭിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം 1.29 കോടി വര്‍ധിച്ചതായാണ് സിയാലിന്റെ വാര്‍ഷിക രേഖകളില്‍ കാണുന്നത്. റൈറ്റ് ഇഷ്യു പ്രയോജനപ്പെടുത്താതിരുന്ന ഓഹരിയുടമകളില്‍ നിന്ന് അധിക ഓഹരികള്‍ എം.എ യൂസഫലി സ്വന്തമാക്കിയിരിക്കാം എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
ഓഹരി മൂല്യം
കേരള സര്‍ക്കാരാണ് സിയാലിലെ ഏറ്റവും വലിയ ഓഹരി പങ്കാളികള്‍. 2024 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് സര്‍ക്കാരിന്റെ കൈവശം 33.38 ശതമാനം ഓഹരിയാണുള്ളത്. അതായത് 15.96 കോടി ഓഹരികള്‍.