കോവിഡ് പാക്കേജുകള്‍ ഗുണം ചെയ്തില്ലെന്ന് 68 ശതമാനം എംഎസ്എംഇകള്‍

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കല്‍സര്‍ക്ക്ള്‍സാണ് രാജ്യത്തെ സംരംഭകര്‍ക്കിടയില്‍ സര്‍വേ നടത്തിയത്

Update: 2021-01-15 10:36 GMT

കോവിഡ് 19 നെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ എംഎസ്എംഇ, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്കായി പ്രഖ്യാപിച്ച പദ്ധതികളുടെ ഗുണം 68 ശതമാനം സംരംഭങ്ങള്‍ക്കും ലഭിച്ചില്ലെന്ന് സര്‍വേ. കമ്മ്യൂണിറ്റി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കല്‍സര്‍ക്കിള്‍സ് നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, എംഎസ്എംഇ സമാധാന്‍, പലിശരഹിത - കുറഞ്ഞ പലിശ വായ്പകള്‍, മേയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് തുടങ്ങിയ കഴിഞ്ഞ 12 മാസത്തിനിടെ നടപ്പാക്കിയ പദ്ധതികളെ കുറിച്ചായിരുന്നു സര്‍വേ. സര്‍വേയില്‍ പങ്കെടുത്തവരില്‍ 68 ശതമാനം പേരും ഗുണം ലഭ്യമായില്ലെന്ന് അഭിപ്രായപ്പെട്ടു.

കേന്ദ്രം പ്രഖ്യാപിച്ച മൂന്നു ലക്ഷം കോടി രൂപയുടെ, എംഎസ്എംഇകള്‍ക്കുള്ള അടിയന്തിര വായ്പാ പദ്ധതി നിലവില്‍ വായ്പയുള്ള സംരംഭങ്ങള്‍ക്ക് മാത്രമായിരുന്നു ലഭിച്ചിരുന്നതെന്ന് പലര്‍ക്കും സഹായം ലഭിക്കാന്‍ തടസ്സമായെന്ന് സര്‍വേ വെളിവാക്കുന്നു.
സര്‍വേയില്‍ പങ്കെടുത്ത മിക്ക സംരംഭങ്ങളുടെയും പ്രധാന പ്രശ്‌നം ഫണ്ടിംഗ് ആണ്. 28 ശതമാനം പേരും കരുതുന്നത് 2021 ല്‍ ഫണ്ടോ വായ്പയോ ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടും എന്നാണ്. 25 ശതമാനം പേര്‍ വളര്‍ച്ചയെ കുറിച്ച് ആശങ്കയുള്ളവരും 19 ശതമാനം പേര്‍ നിലനില്‍പ്പിനായി വഴി തേടുന്നവരുമാണ്. 13 ശതമാനം പേര്‍ കരുതുന്നത് ബ്യൂറോക്രസിയുടെ കഴിവില്ലായ്മ ഈ വര്‍ഷം വലിയ വെല്ലുവിളിയുയര്‍ത്തും എന്നാണ്.
കേന്ദ്ര പദ്ധതികളുടെ പ്രയോജനം ലഭിച്ചവര്‍ 21 ശതമാനം പേര്‍മാത്രമാണെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത 44 ശതമാനം പേരും ഈ വര്‍ഷം പുതിയ നിയമനങ്ങള്‍ നടത്തും എന്ന് അഭിപ്രായപ്പെട്ടു. 46 ശതമാനം സംരംഭങ്ങളും പുതിയ ആളുകളെ ജോലിക്കെടുക്കില്ല.
പലരുടെയും കൈയില്‍ സംരംഭം നടത്തിക്കൊണ്ടു പോകാന്‍ പണമില്ല. 31 ശതമാനം പേര്‍ക്ക് മാത്രമാണ് അടുത്ത മൂന്നു മാസത്തേക്ക് പ്രവര്‍ത്തിക്കാനാവശ്യമായ പണം കൈവശമുള്ളത്. 27 ശതമാനം പേര്‍ക്ക് 1 മുതല്‍ 3 മാസം വരെ നിലനില്‍ക്കാനാവശ്യമായ പണമുണ്ടെങ്കില്‍ 24 ശതമാനം പേര്‍ക്കും ഒരു മാസത്തില്‍ കൂടുതല്‍ കാലത്തേക്കുള്ള പണമില്ല.
അതേസമയം 45 ശതമാനം പേരും 2021 ല്‍ വളര്‍ച്ച നേടാം എന്ന ശുഭാപ്തിവിശ്വാസക്കാരാണ്. 42 ശതമാനം പേര്‍ കരുതുന്നത് ചിലപ്പോള്‍ സംരംഭം വില്‍ക്കാനോ അടച്ചു പൂട്ടാനോ സാധ്യതയുണ്ടെന്നാണ്.
രാജ്യത്തെ 121 ജില്ലകളില്‍ നിന്നുള്ള സംരംഭകരാണ് സര്‍വേയില്‍ പങ്കെടുത്തതെന്ന് ലോക്കല്‍സര്‍ക്ക്ള്‍സ് പറയുന്നു. അതില്‍ 42 ശതമാനം പേര്‍ ടയര്‍ വണ്‍ നഗരങ്ങളില്‍ നിന്നും 38 ശതമാനം പേര്‍ ടയര്‍ ടു നഗരങ്ങളില്‍ നിന്നും ബാക്കിയുള്ളവ ടയര്‍ ത്രീ നഗരങ്ങളില്‍ നിന്നുള്ളവരുമാണ്.




Tags:    

Similar News