ദേശീയ പാതയിലെ കുഴികൾ എൻജിനീയർമാർക്ക് 'വാരിക്കുഴി'
ഈ വര്‍ഷം അവസാനിക്കും മുന്‍പ് കുഴികളെല്ലാം അടയ്‌ക്കാനും നിര്‍ദേശം
രാജ്യത്തെ ദേശീയ പാതകളിലെ കുഴി അടയ്‌ക്കേണ്ടത് എന്‍ജിനീയര്‍മാരുടെ ഉത്തരവാദിത്വമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഈ വര്‍ഷം അവസാനത്തോടെ കുഴികള്‍ പൂര്‍ണമായും അടയ്ക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഹൈവേയിലൂടെ യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് സുരക്ഷിതവും തടസരഹിതവുമായ യാത്ര ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
പുതിയ നിര്‍ദേശ പ്രകാരം ഹൈവേകളിലെ കുഴികളുടെ പൂര്‍ണ ഉത്തരവാദിത്തം എന്‍ജിനീയര്‍മാര്‍ക്കായിരിക്കും. ദേശീയ പാതയുടെ അറ്റകുറ്റപണികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഓരോ പ്രോജക്ട് ഡയറക്ടറും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണം. 15 ദിവസത്തിലൊരിക്കല്‍ അവരവരുടെ അധികാര പരിധിയില്‍ വരുന്ന ദേശീയ പാത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് എന്തെങ്കിലും തകരാറുകളുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കണം.
പരിപാലന കരാര്‍ പരിഗണനയില്‍
പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ 1.46 ലക്ഷം കിലോമീറ്ററില്‍ പരന്നു കിടക്കുന്ന ദേശീയപാതാ ശൃഖലയെ ശാശ്വത പരിപാലന കരാറില്‍ കൊണ്ടുവരാനും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഒരേ ജോലികള്‍ക്കായി ആവര്‍ത്തിച്ച് ടെന്‍ഡറുകള്‍ നല്‍കുന്നത് ഒഴിവാക്കി, ആവശ്യമുള്ളപ്പോഴെല്ലാം അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഈ കരാര്‍ ക്രമീകരണം സഹായിക്കും. മാത്രമല്ല, ഇതുവഴി അറ്റകുറ്റപ്പണികളിലെ കാലതാമസം ഗണ്യമായി കുറയ്ക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.
അപകടങ്ങളുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്
വര്‍ധിച്ചു വരുന്ന അപകടങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. 2021 മുതല്‍ ഇതുവരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ ഹൈവേകളിലെ കുഴികള്‍ 3,625 റോഡപകടങ്ങള്‍ക്ക് കാരണമായി. 1,481 പേരുടെ ജീവിതമാണ് പൊലിഞ്ഞത്. 3,064 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ അപകടങ്ങള്‍ ദാരുണമായ നഷ്ടം ഉണ്ടാക്കുക മാത്രമല്ല, ദൈര്‍ഘ്യമേറിയ ഗതാഗത കുരുക്കിനും വഴിവയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.