ചൈനീസ് സഞ്ചാരികള്‍ പിന്‍വാങ്ങുന്നു; ഇന്ത്യക്കാര്‍ കുതിക്കുന്നു

തെക്ക്-കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ സഞ്ചാരികളുടെ പ്രവാഹം

Update:2023-07-17 16:06 IST

Image : canva

കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് ലോകം ഏതാണ്ട് മുക്തമായി കഴിഞ്ഞു. എന്നാല്‍, കൊവിഡ്-19ന്റെ ഉത്ഭവസ്ഥാനമെന്ന 'ചീത്തപ്പേര്' വഹിക്കുന്ന ചൈനയില്‍ കൊവിഡ് കാലത്ത് അടച്ചുപൂട്ടിയ പല നഗരങ്ങളും ഇപ്പോഴും വാതില്‍ മെല്ലെ തുറക്കുന്നേയുള്ളൂ. ആഗോള ടൂറിസം രംഗത്ത് ചൈനീസ് സഞ്ചാരികളുടെ ഒഴുക്ക് കുറയാന്‍ ഇത് വലിയ കാരണവുമായിട്ടുണ്ട്.

തെക്ക്-കിഴക്കനേഷ്യന്‍ (Southeast Asia) രാജ്യങ്ങളിലെ ടൂറിസം മേഖലയില്‍ നിര്‍ണായക സാന്നിദ്ധ്യമായിരുന്നു കൊവിഡിന് മുമ്പ് ചൈനീസ് സഞ്ചാരികള്‍. ഇപ്പോള്‍ ആ സ്ഥാനം ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ സ്വന്തമാക്കുന്നതായാണ് കണക്കുകള്‍.

ഒട്ടുമിക്ക തെക്ക്-കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്കും കൊവിഡിന് മുമ്പത്തെ അപേക്ഷിച്ച് ഇപ്പോഴും ചൈനീസ് സഞ്ചാരികളുടെ എണ്ണം 60 ശതമാനമെങ്കിലും കുറവാണ്. ഇന്ത്യന്‍ സഞ്ചാരികളില്‍ ഏതാണ്ട് 70-80 ശതമാനവും തിരിച്ചെത്തിയെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ചൈനയ്ക്ക് ക്ഷീണം, ഇന്ത്യയ്ക്ക് കുതിപ്പ്
തായ്‌ലന്‍ഡിലേക്ക് 2019 മേയില്‍ 7.94 ലക്ഷം ചൈനീസ് സഞ്ചാരികളെത്തിയിരുന്നു. ഈ വര്‍ഷം മേയില്‍ ഇത് 2.85 ലക്ഷമായി കുറഞ്ഞു; ഇടിവ് 64.1 ശതമാനം. അതേസമയം, ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണം 1.73 ലക്ഷമായിരുന്നത് 1.49 ലക്ഷത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്; 14 ശതമാനം മാത്രമാണ് കുറവ്. ഈ വര്‍ഷം ഏകദേശം 16 ലക്ഷം ഇന്ത്യന്‍ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ് തായ്‌ലന്‍ഡ് ടൂറിസം. കൊവിഡിന് മുമ്പ് 2019ല്‍ ഓരോ ഇന്ത്യക്കാരനും 180 ഡോളറാണ് പ്രതിദിനം തായ്‌ലന്‍ഡില്‍ ചെലവിട്ടിരുന്നത്. ഇപ്പോഴത് ഉയര്‍ന്നിട്ടുണ്ട്. ഇത്, തായ്‌ലന്‍ഡ് ടൂറിസത്തിന് നല്‍കുന്നത് വലിയ പ്രതീക്ഷകളാണ്.
സിംഗപ്പൂരിലേക്കുള്ള ചൈനീസ് സഞ്ചാരികള്‍ ഇക്കഴിഞ്ഞ മേയില്‍ 95,600 പേരാണ്. ഇന്ത്യയില്‍ നിന്നെത്തിയവരാകട്ടെ 1.30 ലക്ഷവും. ഇന്‍ഡോനേഷ്യയില്‍ 64,000 ചൈനക്കാരെത്തിയപ്പോള്‍ 63,000 ഇന്ത്യക്കാരും വന്നു. 18,100 ചൈനക്കാരാണ് ഫിലിപ്പൈന്‍സിലെത്തിയത്. ഇന്ത്യക്കാര്‍ 5,300 പേര്‍.
അതിവേഗം ഇന്ത്യക്കാര്‍
മേയില്‍ സിംഗപ്പൂരിലേക്കുള്ള ചൈനീസ് സഞ്ചാരികളുടെ എണ്ണം 2019 മേയിലേതിനേക്കാള്‍ 66.3 ശതമാനം കുറവാണ്. ഇന്ത്യക്കാരുടെ കുറവ് 28 ശതമാനം മാത്രം. ഇന്‍ഡോനേഷ്യയിലേക്കുള്ള ചൈനക്കാരുടെ എണ്ണം 61.2 ശതമാനം ഇടിഞ്ഞപ്പോള്‍ ഇന്ത്യന്‍ സഞ്ചാരികളിലുണ്ടായ കുറവ് 10 ശതമാനം മാത്രമാണ്. ഫിലിപ്പൈന്‍സിലേക്കുള്ള ചൈനീസ് സഞ്ചാരികളുടെ എണ്ണമിടിഞ്ഞത് 86 ശതമാനം. ഇന്ത്യക്കാരുടെ കുറവ് 53 ശതമാനവും.
അതായത്, ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണം കൊവിഡിന് മുമ്പത്തെ സ്ഥിതിയിലേക്ക് അതിവേഗം തിരിച്ചുകയറുമ്പോഴും ചൈനീസ് സഞ്ചാരികള്‍ കിതയ്ക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
നിര്‍ണായകം ഇന്ത്യ
തെക്ക്-കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ ടൂറിസം മേഖലയ്ക്കും ഈ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ വ്യോമയാന കമ്പനികള്‍ക്കുമെല്ലാം ഏറെ നിര്‍ണായകമാണ് ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തിലെ വര്‍ദ്ധന. തെക്ക്-കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ സംയുക്ത ജി.ഡി.പിയില്‍ 12 ശതമാനം പങ്കുവഹിക്കുന്നത് ടൂറിസം മേഖലയാണ്. 4 കോടിയിലേറെപ്പേര്‍ ഈ രംഗത്ത് തൊഴിലെടുക്കുന്നുവെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (ഒ.ഇ.സി.ഡി) ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ വിമാനക്കമ്പനികളായ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, തായ്‌ലന്‍ഡിന്റെ തായ് എയര്‍ തുടങ്ങിയവയെല്ലാം തെക്ക്-കിഴക്കനേഷ്യന്‍ നഗരങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് സര്‍വീസുകള്‍ കൂട്ടുന്നുണ്ട്. ഇടത്തരം സമ്പന്നരായ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഏറെ പ്രാപ്യമാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര എന്നതും സുപ്രധാന ഘടകമാണ്.
യൂറോപ്പിലേക്ക് പറക്കാന്‍ വിമാന ടിക്കറ്റിന് മാത്രം 40,000-60,000 രൂപ ഒരാള്‍ക്ക് വേണമെന്നിരിക്കേ, ഇതേ തുകയ്ക്ക് തായ്‌ലന്‍ഡില്‍ പോയി റിസോര്‍ട്ടില്‍ നാലോ അഞ്ചോ ദിവസം താമസിച്ച് ഇന്ത്യയില്‍ തിരിച്ചുവരാമെന്ന് ചില സഞ്ചാരികള്‍ പറയുന്നു. ഈ വര്‍ഷം ജനുവരി-ജൂണ്‍ കാലയളവില്‍ ഇന്ത്യയില്‍ നിന്ന് ബാങ്കോക്കിലേക്കുള്ള ടിക്കറ്റ് ബുക്കിംഗില്‍ 2019ലെ സമാനകാലത്തേക്കാള്‍ 270 ശതമാനം വര്‍ദ്ധനയുണ്ടായെന്നത് ഇത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
ഇന്ത്യയില്‍ നിന്ന് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് വിയറ്റ്‌നാമും. വിയറ്റ്‌ജെറ്റ് എയര്‍ കൊച്ചിയില്‍ നിന്ന് പ്രഖ്യാപിച്ച ബജറ്റ് എയര്‍ലൈന്‍ സര്‍വീസ് അടുത്തമാസം ആരംഭിക്കും. പ്രാരംഭ ടിക്കറ്റ് നിരക്ക് കൊച്ചിയില്‍ നിന്ന് വിയറ്റ്‌നാമിലെ ഹോ ചി മിന്‍ സിറ്റിയിലേക്ക് 5,555 രൂപ മാത്രമാണ്. ഈ വര്‍ഷം 60 ശതമാനം അധിക ഇന്ത്യന്‍ സഞ്ചാരികളെയാണ് വിയറ്റ്‌നാം ഉന്നമിടുന്നത്.
Tags:    

Similar News