മസ്‌കിന്റെ കിരീടം തെറിച്ചു; ലോക സമ്പന്നപട്ടത്തിന് ഇനി പുതിയ അവകാശി! അദാനിയും അംബാനിയും ഇഞ്ചോടിച്ച്
ബ്ലൂംബെര്‍ഗ് അതിസമ്പന്ന പട്ടികയില്‍ ടെസ്‌ലയുടെ തലവന് സ്ഥാനചലനം
ലോകത്തെ ഏറ്റവും സമ്പന്നനെന്ന സ്ഥാനം ഏറെക്കാലമായി കുത്തകയാക്കി വച്ച ടെസ്‌ല, സ്‌പേസ്എക്‌സ്, ട്വിറ്റര്‍ (എക്‌സ്) എന്നിവയുടെ മേധാവി ഇലോണ്‍ മസ്‌കിന് വന്‍ തിരിച്ചടി. മസ്‌കില്‍ നിന്ന് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആ പട്ടം പിടിച്ചെടുത്തു.
ബ്ലൂംബെര്‍ഗിന്റെ ബില്യണയര്‍ സൂചിക (Bloomberg Billionaire Index) പ്രകാരം 20,000 കോടി ഡോളര്‍ (16.60 ലക്ഷം കോടി രൂപ) ആസ്തിയുമായാണ് 60കാരനായ ബെസോസ് ഒന്നാംസ്ഥാനം നേടിയത്. 19,800 കോടി ഡോളറാണ് (16.43 ലക്ഷം കോടി രൂപ) 52കാരനായ മസ്‌കിന്റെ നിലവിലെ ആസ്തി. ഇന്നലെ ടെസ്‌ലയുടെ ഓഹരിവില 7.2 ശതമാനം ഇടിഞ്ഞതാണ് മസ്‌കിന്റെ ആസ്തിയും കുറയാനിടയാക്കിയത്. 2021ന് ശേഷം ആദ്യമായാണ് ബെസോസ് ഒന്നാംസ്ഥാനം സ്വന്തമാക്കുന്നത്.
ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡായ എല്‍.വി.എം.എച്ചിന്റെ തലവന്‍ ബെര്‍ണാഡ് അര്‍ണോയാണ് മൂന്നാംസ്ഥാനത്ത് (ആസ്തി 19,700 കോടി ഡോളര്‍). മെറ്റ (ഫേസ്ബുക്കിന്റെ മാതൃസ്ഥാപനം) മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് (17,900 കോടി ഡോളര്‍) നാലാമതും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് (15,000 കോടി ഡോളര്‍) അഞ്ചാമതുമാണ്.
ഇന്ത്യന്‍ മുഖങ്ങളായി അംബാനിയും അദാനിയും
ബ്ലൂംബെര്‍ഗ് ആഗോള ശതകോടീശ്വര പട്ടികയില്‍ 11,500 കോടി ഡോളര്‍ (9.54 ലക്ഷം കോടി രൂപ) ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 11-ാം സ്ഥാനത്തുണ്ട്. തൊട്ടടുത്ത് 12-ാം സ്ഥാനത്താണ് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. 10,400 കോടി ഡോളറാണ് അദാനിയുടെ ആസ്തി, അതായത് 8.63 ലക്ഷം കോടി രൂപ.
മലയാളിപ്പെരുമയായി എം.എ. യൂസഫലി
500 ശതകോടീശ്വരന്മാരുള്ള ബ്ലൂംബെര്‍ഗ് പട്ടികയിലെ ഏക മലയാളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ്. 468-ാം സ്ഥാനമാണ് അദ്ദേഹത്തിന്. ആസ്തി 597 കോടി ഡോളര്‍ (49,551 കോടി രൂപ).