ആസ്തിയില്‍ ഒറ്റദിവസം അരലക്ഷം കോടിയിലേറെ കുതിപ്പ്; അദാനി ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍
ബ്ലൂംബെര്‍ഗ് സമ്പന്ന പട്ടികയില്‍ മുകേഷ് അംബാനിയെ ഗൗതം അദാനി മറികടന്നു; അദാനി ഓഹരികളില്‍ ഇന്ന് സമ്മിശ്ര പ്രകടനം
മാസങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയില്‍ നിന്ന് ഇന്ത്യയിലെയും ഏഷ്യയിലും ഏറ്റവും സമ്പന്നനെന്ന പട്ടം പിടിച്ചെടുത്ത് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി.
അമേരിക്കന്‍ ഷോര്‍ട്ട്‌സെല്ലര്‍മാരായ ഹിന്‍ഡെന്‍ബര്‍ഗ് തൊടുത്തുവിട്ട ആരോപണ ശരങ്ങളിന്മേല്‍ അദാനിക്കെതിരെ സി.ബി.ഐ അന്വേഷണം വേണ്ടെന്നും ഹിന്‍ഡെന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് തെളിവായി കാണാനാകില്ലെന്നും സുപ്രീം കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന്, അദാനി ഗ്രൂപ്പിന് കീഴിലെ എല്ലാ ലിസ്റ്റഡ് കമ്പനികളുടെയും ഓഹരികള്‍ വന്‍ മുന്നേറ്റം നടത്തുകയും സംയുക്ത വിപണിവിഹിതം 15 ലക്ഷം കോടി രൂപ ഭേദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ച് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ ആസ്തിയും മുന്നേറുകയായിരുന്നു.
ഒറ്റദിവസം, അരലക്ഷം കോടിയിലേറെ കുതിപ്പ്
സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ഒറ്റദിവസം അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ ആസ്തിയില്‍ 767 കോടി ഡോളറിന്റെ (63,000 കോടി രൂപ) വര്‍ധനയുമായി.
ഈ മാസം ഇതുവരെ ആസ്തിയിലെ വര്‍ധന 1,330 കോടി ഡോളറാണ് (1.10 ലക്ഷം കോടി രൂപ). ഇതോടെയാണ് മൊത്തം 9,760 കോടി ഡോളര്‍ (8.10 ലക്ഷം കോടി രൂപ) ആസ്തിയുമായി മുകേഷ് അംബാനിയെ ഗൗതം അദാനി മറികടന്നത്.
ബ്ലൂംബെര്‍ഗ് റിയല്‍ടൈം ശതകോടീശ്വര പട്ടികപ്രകാരം 12-ാം സ്ഥാനത്താണ് ഇപ്പോള്‍ ഗൗതം അദാനി. തൊട്ടടുത്ത് 13-ാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്തി 9,700 കോടി ഡോളറാണ് (8.05 ലക്ഷം കോടി രൂപ).
ഓഹരികള്‍ സമ്മിശ്രം
ഇന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ സമ്മിശ്ര പ്രകടനമാണ് നടത്തുന്നത്. എ.സി.സി 3.20 ശതമാനം, അദാനി പോര്‍ട്‌സ് 2.73 ശതമാനം, അദാനി പവര്‍ 2.07 ശതമാനം, അംബുജ സിമന്റ്‌സ് 2.41 ശതമാനം, അദാനി ടോട്ടല്‍ ഗ്യാസ് 1.53 ശതമാനം എന്നിങ്ങനെ നേട്ടത്തിലാണ്.
0.12 ശതമാനം നേട്ടത്തിലാണ് അദാനി വില്‍മര്‍ ഓഹരികളില്‍ വ്യാപാരം നടക്കുന്നത്. അദാനി എനര്‍ജി സൊല്യൂഷന്‍സ് (-0.41%), അദാനി എന്റര്‍പ്രൈസസ് (-0.18%), അദാനി ഗ്രീന്‍ എനര്‍ജി (-0.43%) എന്നിവ നഷ്ടത്തിലാണുള്ളത്.
ഹിന്‍ഡെന്‍ബര്‍ഗ്, ഒ.സി.സി.ആര്‍.പി തുടങ്ങിയവ പുറത്തുവിട്ട റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷമാദ്യം അദാനി ഗ്രൂപ്പ് ഓഹരികള്‍ കനത്ത വീഴ്ച നേരിട്ടിരുന്നു. ഗൗതം അദാനിയുടെ ആസ്തിയില്‍ നിന്ന് കൊഴിഞ്ഞതും ശതകോടികളായിരുന്നു. ബ്ലൂംബെര്‍ഗ് പട്ടികയില്‍ ആദ്യ 10ലുണ്ടായിരുന്ന അദാനി ആദ്യ 20ല്‍ നിന്നുപോലും പുറത്തായിരുന്നു.
തുടര്‍ന്ന്, മെല്ലെ നിക്ഷേപക വിശ്വാസം തിരികെപ്പിടിച്ചാണ് ഗ്രൂപ്പ് ഓഹരികള്‍ നേട്ടത്തിലേക്ക് കരകയറിയത്. ഹരിതോര്‍ജ മേഖലയിലേക്കായി അടുത്ത 10 വര്‍ഷത്തിനകം 10,000 കോടി ഡോളര്‍ (8.30 ലക്ഷം കോടി രൂപ) നിക്ഷേപം അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.