യാത്രക്കാരുടെ എണ്ണം ഇരട്ടിയിലധികമായിട്ടും കൊച്ചി മെട്രോയുടെ നഷ്ടം 335 കോടി രൂപ
2022-23 കാലയളവില്‍ മെട്രോയുടെ യാത്രക്കാരുടെ എണ്ണം 2.48 കോടിയാണ്
2022-23 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി മെട്രോയ്ക്ക് 335.34 കോടി രൂപയുടെ നഷ്ടമുണ്ടായതായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആര്‍.എല്‍) 12ാം വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കി. മുന്‍ സാമ്പത്തിക വര്‍ഷം കെ.എം.ആര്‍.എല്ലിന്റെ നഷ്ടം 339.55 കോടി രൂപയായിരുന്നു. അവലോകന കാലയളവില്‍ കെ.എം.ആര്‍.എല്ലിന് 4.21 കോടി രൂപയുടെ നഷ്ടം കുറയ്ക്കാന്‍ കഴിഞ്ഞു.
വരുമാനത്തില്‍ തിളക്കം
റിപ്പോര്‍ട്ട് പ്രകാരം 2022-23 കാലയളവില്‍ മെട്രോയുടെ യാത്രക്കാരുടെ എണ്ണം 2.48 കോടിയാണ്. ടിക്കറ്റ് വരുമാനം 75.48 കോടി രൂപയും. 2021-22ല്‍ യാത്രക്കാരുടെ എണ്ണം 96.94 ലക്ഷവും ടിക്കറ്റ് വരുമാനം 30.78 കോടി രൂപയുമായിരുന്നു.
കൊച്ചി മെട്രോയുടെ നോണ്‍-ഫെയര്‍ ബോക്സ് വരുമാനം 2021-22ലെ 32 കോടി രൂപയില്‍ നിന്ന് 2022-23ല്‍ 43 കോടി രൂപയായി വര്‍ധിച്ചു. ഓഫീസ് സ്പേസ്, റീട്ടെയില്‍ ഷോപ്പ് എന്നിടിങ്ങില്‍ നിന്ന് ലഭിക്കുന്ന വാടക, പരസ്യ വരുമാനം മുതലായവയില്‍ നിന്നുള്ള വരുമാനമാണ് നോണ്‍-ഫെയര്‍ ബോക്സ് വരുമാനം. കൂടുതലായി ലഭിക്കുന്ന സര്‍ക്കാര്‍ അനുവദിച്ച ഗ്രാന്റും മറ്റ് വരുമാനവും 76 കോടി രൂപയില്‍ നിന്നും 82 കോടി രൂപയായി.
2023 സാമ്പത്തിക വര്‍ഷത്തില്‍ കെ.എം.ആര്‍.എല്ലിന്റെ മൊത്തം വരുമാനം 42% വര്‍ധിച്ച് 201 കോടി രൂപയായി.പലിശയ്ക്കും ഡിപ്രിസിയേഷനും മുമ്പുള്ള ലാഭം 24 കോടിയില്‍ നിന്ന് 72 കോടിയായി വര്‍ധിച്ചെങ്കിലും വായ്പകളുടെ പലിശച്ചെലവും ഡിപ്രിസിയേഷനും മൂലം നഷ്ടം 335 കോടി രൂപയായിരുന്നു. ഇതിന് പ്രധാന കാരണം ഡിപ്രിസിയേഷനും പലിശച്ചെലവുമാണ്.ഈ കാലയളവില്‍ വായ്പകളുടെ പലിശ ചെലവ് 222 കോടി രൂപ (മുന്‍ വര്‍ഷം 189 കോടി) ആയിരുന്നു, ഡിപ്രിസിയേഷന്‍ 185 കോടി രൂപയായിരുന്നു. ഒരു കമ്പനി അതിന്റെ ആസ്തികള്‍ ഉപയോഗിക്കുമ്പോള്‍ മൂല്യത്തില്‍ ക്രമാനുഗതമായി ഉണ്ടാകുന്ന ഇടിവാണ് ഡിപ്രിസിയേഷന്‍.
പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍ വരെയുള്ള മെട്രോ പാതയുടെ ഫേസ് 1-എ എക്സ്റ്റന്‍ഷന്‍ ലൈനും ഇത്തവണ കെ.എം.ആര്‍.എല്ലിനെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിച്ചു.
കെ.എം.ആര്‍.എല്ലിന്റെ മൊത്തം വായ്പ കുടിശ്ശിക
റിപ്പോര്‍ട്ട് അനുസരിച്ച് 2023 മാര്‍ച്ച് 31 ലെ കെ.എം.ആര്‍.എല്ലിന്റെ മൊത്തം വായ്പ കുടിശ്ശിക തുക ഫ്രഞ്ച് ഏജന്‍സിയായ എ.എഫ്.ഡിയില്‍ നിന്നുള്ള 1,372.62 കോടി രൂപയും കാനറ ബാങ്കില്‍ നിന്നുള്ള 1,086.15 കോടി രൂപയുമാണ്. ഇത് ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി എടുത്ത തുകയാണ്. ഒന്നാം ഘട്ട വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി എടുത്ത് തുകയില്‍ 574.06 കോടി രൂപയാണ് കുടിശ്ശികയുള്ളത്. 2023 മാര്‍ച്ച് 31 വരെ കെ.എം.ആര്‍.എല്ലിന്റെ മൊത്തം വായ്പ 4,464 രൂപയാണ്.