എണ്ണക്കമ്പനികള്‍ ഉത്പാദനം കുറയ്‌ക്കേണ്ടി വരും; പെട്രോള്‍, ഡീസല്‍ ഡിമാന്‍ഡ് ഇടിയുമെന്ന് ക്രിസില്‍

അടുത്ത മൂന്ന് കൊല്ലം കൊണ്ട് പെട്രോളിന്റെ വില്‍പ്പന 28-30 മില്യണ്‍ ടണ്‍ കുറയും

Update:2021-11-23 13:30 IST

രാജ്യത്തെ പെട്രോള്‍, ഡീസല്‍ ഡിമാന്‍ഡില്‍ ഉള്ള വളര്‍ച്ച പ്രതിവര്‍ഷം 1.5 ശതമാനം വീതം കുറയുമെന്ന് ക്രിസില്‍. സിഎന്‍ജി, എഥനോള്‍ മിശ്രിതം, ഇലക്ട്രിക് എന്നിവയില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നതാണ് ഡിമാന്‍ഡ് കുറയാനുള്ള കാരണമായി ക്രിസില്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ ദശകത്തില്‍ ഉടനീളം 1.5 ശതമാനം വീതം ഡിമാന്‍ഡ് കുറയും. കഴിഞ്ഞ 2010-20 കാലയളവില്‍ 4.9 ശതമാനം വളര്‍ച്ച നേടിയ സ്ഥാനത്താണിത്. 2021-22 ല്‍ ഡീസലിന്‍ ഉപഭോഗത്തിലുള്ള വളര്‍ച്ച 4 ശതമാനം ആയിരുന്നത് 2025-30 കാലയളവില്‍ 2.5 ശതമാനത്തിലേക്ക് ഇടിയും. സര്‍ക്കാരിന്റെ പുതിയ നയങ്ങളും പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഡിമാന്‍ഡ് ഇടിയാന്‍ കാരണമാകും. 2070ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ എന്ന എന്ന ലക്ഷ്യത്തിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.
അടുത്ത മൂന്ന് കൊല്ലം കൊണ്ട് പെട്രോളിന്റെ വില്‍പ്പന 28-30 മില്യണ്‍ ടണ്‍ കുറയും. ഇതില്‍ 16-18 മില്യണ്‍ ടണ്‍ എഥനോള്‍ മിശ്രിത പെട്രോള്‍ മൂലമാവും കുറയുക. 9-11 ടണ്‍ സിഎന്‍ജി മൂലവും 1-2 മില്യണ്‍ ടണ്‍ ഇലക്ട്രിക് വാഹനങ്ങള്‍ കാരണവും ആകും കുറയുക. 2024-25 കാലയളവില്‍ സിഎന്‍ജി, എഥനോള്‍ മിശ്രിത പെട്രോള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ വലിയ തോതില്‍ വര്‍ധിക്കും. തൊട്ടടുത്ത വര്‍ഷം ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയും വര്‍ധിക്കുന്നതോടെ പെട്രോള്‍-ഡീസല്‍ വില്‍പ്പന വീണ്ടും കുറയും.
നിലവില്‍ എണ്ണക്കമ്പനികള്‍ പ്രതിവര്‍ഷം 40-60 മില്യണ്‍ ടണ്‍ കപ്പാസിറ്റി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നുണ്ട്. പക്ഷെ കപ്പാസിറ്റി ഉയര്‍ത്തേണ്ട ആവശ്യം ഉണ്ടാകില്ലെന്നും ഈ ദശകത്തില്‍ ഉത്പാദനം ആകെ ശേഷിയിലും താഴെ മാത്രമായിരിക്കുമെന്നും ക്രിസില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ എണ്ണക്കമ്പനികള്‍ പെട്രോകെമിക്കലുകള്‍ ഉള്‍പ്പടെയുള്ള മറ്റ് മേഖലകളിലേക്ക് കൂടുതല്‍ ശ്രദ്ധതിരിക്കും.


Tags:    

Similar News