വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കേരളവും
ദേശീയതലത്തില്‍ പണപ്പെരുപ്പം 18 മാസത്തെ താഴ്ചയില്‍; റിസര്‍വ് ബാങ്ക് പലിശഭാരം കൂട്ടാനുള്ള സാദ്ധ്യത കുറഞ്ഞു
സാധാരണക്കാര്‍ക്കും സാമ്പത്തിക ലോകത്തിനും കേന്ദ്രസര്‍ക്കാരിനും റിസര്‍വ് ബാങ്കിനും ഒരുപോലെ ആശ്വാസം പകര്‍ന്ന് ഏപ്രിലില്‍ ഉപഭോക്തൃവില (റീട്ടെയ്ല്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം (Retail Inflation) കഴിഞ്ഞ 18 മാസത്തെ താഴ്ചയായ 4.70 ശതമാനമായി കുറഞ്ഞു. മാര്‍ച്ചില്‍ ഇത് 5.66 ശതമാനമായിരുന്നു.
Also Read : ഇ-വേ ബില്ലും ഇ-ഇൻവോയിസും: സ്വർണവിപണിയിൽ പുതിയ പ്രതിസന്ധി
കേരളത്തില്‍ 5.63 ശതമാനം
മാര്‍ച്ചിലെ 5.76 ശതമാനത്തില്‍ നിന്ന് കഴിഞ്ഞമാസം കേരളത്തിലെ റീട്ടെയ്ല്‍ പണപ്പെരുപ്പം 5.63 ശതമാനത്തിലേക്ക് താഴ്ന്നു. അതായത് അവശ്യവസ്തുക്കളുടെ വിലപ്പെരുപ്പം സംസ്ഥാനത്തും കഴിഞ്ഞമാസം കുറഞ്ഞു. എന്നാല്‍, രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നായി തുടരുകയാണ് കേരളം. ഉത്തരാഖണ്ഡ് (6.04 ശതമാനം), തെലങ്കാന (6.02 ശതമാനം), ഹരിയാന (5.68 ശതമാനം) എന്നിവ മാത്രമാണ് പണപ്പെരുപ്പത്തില്‍ കേരളത്തിന് മുന്നിലുള്ളത്.
കേരളത്തില്‍ ഗ്രാമീണ മേഖലകളില്‍ 5.79 ശതമാനവും നഗരങ്ങളില്‍ 5.31 ശതമാനവുമാണ് പണപ്പെരുപ്പം. ദേശീയ ശരാശരി ഗ്രാമങ്ങളില്‍ 4.68 ശതമാനവും നഗരങ്ങളില്‍ 4.85 ശതമാനവുമാണ്. 0.54 ശതമാനവുമായി ഡല്‍ഹിയാണ് പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ സംസ്ഥാനം. ഡല്‍ഹിയിലെ ഗ്രാമമേഖലകളില്‍ പണച്ചുരുക്കമാണ് (Deflation) കഴിഞ്ഞമാസം രേഖപ്പെടുത്തിയത്, നെഗറ്റീവ് 0.06 ശതമാനം.