പലിശ നിരക്ക് ഉയരും! മൂന്നുമാസത്തിനുശേഷം ചില്ലറ പണപ്പെരുപ്പം വീണ്ടും ഉയര്‍ച്ചയില്‍

പലിശ നിരക്കില്‍ 0.60 ശതമാനത്തിന്റെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്

Update: 2022-09-13 04:55 GMT

ഓഗസ്റ്റ് മാസം രാജ്യത്തെ ചില്ലറ പണപ്പെരുപ്പം (Retail Inflation) ഏഴു ശതമാനത്തില്‍ എത്തി. ജൂലൈ മാസം 6.7 ശതമാനം ആയിരുന്നു രാജ്യത്തെ ചില്ലറ പണപ്പെരുപ്പം. ഭക്ഷ്യവിഭവങ്ങളുടെ വില ഉയര്‍ന്നതാണ് നിരക്ക് വര്‍ധനവിലേക്ക് നയിച്ചത്. ഉപഭോക്തൃ വിലസൂചികയെ (Consumer Price Index) അടിസ്ഥാനമാക്കിയാണ് ചില്ലറ പണപ്പെരുപ്പം കണക്കാക്കുന്നത്.

ഭക്ഷ്യവിലക്കയറ്റം മുന്‍മാസത്തെ 6.69ല്‍ നിന്ന് ഓഗസ്റ്റില്‍ 7.62 ശതമാനമായി ഉയര്‍ന്നു. 2021 ഓഗസ്റ്റില്‍ ഇത് വെറും 3.11 ശതമാനം ആയിരുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളിലും പെയ്ത മഴയില്‍ വ്യാപകമായ വിളനാശം സംഭവിച്ചിരുന്നു. ഇത് വരും മാസങ്ങളിലും ഭക്ഷ്യവില ഉയരാന്‍ കാരണമാവും എന്നാണ് വിലയിരുത്തല്‍.

വില പിടിച്ചു നിര്‍ത്താന്‍ ഗോതമ്പ്, പഞ്ചസാര, അരി എന്നിവയുടെ കയറ്റുമതിക്ക് കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ക്രൂഡ് ഓയല്‍ വില കുറഞ്ഞെങ്കിലും ഇന്ധന വിലവര്‍ധനവ് 10.8 ശതമാനമായി ഉയര്‍ന്നു. 2023ന്റെ തുടക്കം വരെ പണപ്പെരുപ്പം 6 ശതമാനത്തിന് മുകളില്‍ ആയിരിക്കുമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) വിലയിരുത്തല്‍.

പണപ്പെരുപ്പം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ആര്‍ബിഐ വീണ്ടും റീപ്പോ റേറ്റ് ഉയര്‍ത്തും. കുറഞ്ഞത് 0.60 ശതമാനം നിരക്ക് വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാറ്റിസ്റ്റിക്കല്‍ ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം സെപ്റ്റംബര്‍ 12ന് രാജ്യത്തിന്റെ വ്യവസായിക വളര്‍ച്ച സംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. വ്യാവസായിക വളര്‍ച്ച (Index of Industrial Production) ജൂണില്‍ 12.7 ശതമാനം ആയിരുന്നത് 2.4 ശതമാനമായി ആണ് ഇടിഞ്ഞത്.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Tags:    

Similar News