അദാനിക്കുമേല്‍ വീണ്ടും ആരോപണ ബോംബ്! 'കൈക്കൂലി'ക്കേസ് അന്വേഷണത്തിന് അമേരിക്ക
അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്ന് അദാനി ഗ്രൂപ്പ്
ഹിന്‍ഡെന്‍ബെര്‍ഗ് തൊടുത്തുവിട്ട ആരോപണശരങ്ങള്‍ സൃഷ്ടിച്ച പരിക്കില്‍ നിന്ന് കരകയറുന്ന അദാനി ഗ്രൂപ്പിന് അമേരിക്കയില്‍ നിന്ന് വീണ്ടും തിരിച്ചടി. അദാനി ഗ്രൂപ്പോ ചെയര്‍മാന്‍ ഗൗതം അദാനിയോ വിവിധ കരാറുകള്‍ സ്വന്തമാക്കാന്‍ കൈക്കൂലി കൊടുത്തിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള അന്വേഷണത്തിന് തുടക്കമിട്ടിരിക്കുകയാണ് അമേരിക്ക.
ന്യൂയോര്‍ക്കിലെ ഈസ്‌റ്റേണ്‍ ഡിസ്ട്രിക്റ്റിലുള്ള യു.എസ് അറ്റോര്‍ണിയുടെ ഓഫീസും വാഷിംഗ്ടണിലെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫ്രോഡ് യൂണിറ്റുമാണ് അന്വേഷണം നടത്തുന്നത്. ഇന്ത്യയുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി അദാനി ഊര്‍ജ പദ്ധതികള്‍ക്കുള്ള കരാര്‍ നേടിയോ എന്നാണ് അന്വേഷിക്കുന്നത്. ഇന്ത്യയിലെ റിന്യൂവബിള്‍ എനര്‍ജി കമ്പനിയായ അസ്യൂര്‍ പവര്‍ ഗ്ലോബലിനെതിരെയും അന്വേഷണമുണ്ടെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
നിഷേധിച്ച് അദാനി ഗ്രൂപ്പ്
അതേസമയം, കമ്പനിക്കോ ചെയര്‍മാനോ എതിരെ അന്വേഷണം നടക്കുന്നതായി അറിയില്ലെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഉത്തരവാദിത്വമുള്ള ബിസിനസ് ഗ്രൂപ്പെന്ന നിലയില്‍ സുതാര്യവും ആഗോള മാനദണ്ഡങ്ങള്‍ പാലിച്ചുമുള്ള ഭരണനിര്‍വഹണവും പ്രവര്‍ത്തനവുമാണ് അദാനി ഗ്രൂപ്പ് കാഴ്ചവയ്ക്കുന്നത്. ഇന്ത്യയിലെയും വിദേശത്തെയും നിയമങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് പ്രവർത്തനം. കൈക്കൂലിക്കും അഴിമതിക്കും എതിരായ നിലപാടാണ് എന്നും കമ്പനി സ്വീകരിച്ചിട്ടുള്ളതെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
എന്തുകൊണ്ട് അമേരിക്ക അന്വേഷിക്കുന്നു?
ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ അദാനി ഗ്രൂപ്പിന് ഊര്‍ജം, തുറമുഖം, വിമാനത്താവളം, ഹൈവേ നിര്‍മ്മാണം തുടങ്ങി നിരവധി മേഖലകളില്‍ ബിസിനസ് പ്രവര്‍ത്തനങ്ങളുണ്ട്. ഇന്ത്യക്ക് പുറമേ വിദേശ രാജ്യങ്ങളും സാന്നിദ്ധ്യമുണ്ട്.
പദ്ധതികള്‍ക്കായി അമേരിക്കന്‍ നിക്ഷേപകരില്‍ നിന്നും അമേരിക്കന്‍ വിപണിയില്‍ നിന്നും അദാനി ഗ്രൂപ്പ് നിക്ഷേപം ആകര്‍ഷിച്ചിട്ടുണ്ട്. ഇത്തരത്തില്‍ അമേരിക്കന്‍ നിക്ഷേപം സ്വീകരിച്ചിട്ടുള്ള കമ്പനി അമേരിക്കയ്ക്ക് പുറത്ത് നിയമവിരുദ്ധമായ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതന്വേഷിക്കാന്‍ യു.എസ് നിയമം അനുവദിക്കുന്നുണ്ട്.
കടലാസ് കമ്പനികള്‍ വഴി അനധികൃതമായി പണമൊഴുക്കി ഓഹരികളുടെ വില കൃത്രിമമായി പെരുപ്പിച്ച് കാട്ടി അദാനി അനധികൃത സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് ഉള്‍പ്പെടെയുള്ള ആരോപണങ്ങളായിരുന്നു അമേരിക്കന്‍ ഷോര്‍ട്ട്‌സെല്ലര്‍മാരായ ഹിന്‍ഡെന്‍ബെര്‍ഗ് 2023 ജനുവരിയില്‍ ആദാനിക്കെതിരെ ഉന്നയിച്ചത്. ഇത് അദാനി ഗ്രൂപ്പ് ഓഹരികളില്‍ കനത്ത ഇടിവിന് വഴിവച്ചിരുന്നു.