നാസര്‍ അലിക്കും ചുങ്-ലിങ്ങിനും അദാനിയുമായി എന്താണ് ബന്ധം?
അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഇവര്‍ നിക്ഷേപമൊഴുക്കിയതിന് പിന്നിലെ രഹസ്യമെന്ത്?
ഹിന്‍ഡെന്‍ബെര്‍ഗ് വിവാദം കെട്ടടങ്ങുംമുമ്പ് അദാനി ഗ്രൂപ്പിനുമേല്‍ ഇരുട്ടടിയായി വന്ന ഒ.സി.സി.ആര്‍.പി റിപ്പോര്‍ട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കത്തിന് വഴിവച്ച് കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും നേരെ പ്രതിപക്ഷവും രാഹുല്‍ ഗാന്ധിയും അടക്കമുള്ളവര്‍ ആരോപണ ശരങ്ങള്‍ എറിഞ്ഞ് കഴിഞ്ഞു.
വിദേശത്ത് കടലാസ് (Shell) കമ്പനികള്‍ സ്ഥാപിച്ച് സ്വന്തം ഗ്രൂപ്പിലെ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടത്തുകയും ഓഹരി വില കൃത്രിമമായി പെരുപ്പിച്ചു എന്നുമാണ് അദാനി ഗ്രൂപ്പിനെതിരെ കഴിഞ്ഞ ജനുവരിയില്‍ അമേരിക്കന്‍ നിക്ഷേപക ഗവേഷണ സ്ഥാപനവും ഷോര്‍ട്ട്-സെല്ലറുമായ ഹിന്‍ഡെന്‍ബെര്‍ഗ് ആരോപിച്ചത്. ഇതിനെ പിന്താങ്ങിയുള്ള കൂടുതല്‍ തെളിവുകളാണ് ആഗോള അന്വേഷണാത്മക മാദ്ധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോട്ടിംഗ് പ്രോജക്റ്റ് (ഒ.സി.സി.ആര്‍.പി) പുറത്തുവിട്ടത്.
എന്താണ് ആരോപണം?
അദാനി കുടുംബവുമായി അടുപ്പമുള്ള യു.എ.ഇ പൗരന്‍ നാസര്‍ അലി ഷെബാന്‍ ആഹ്‌ലി, തായ്‌വാന്‍ സ്വദേശി ചാങ് ചുങ്-ലിങ് എന്നിവര്‍ അദാനി ഗ്രൂപ്പ് കമ്പനികളിലെ മുന്‍ ഡയറക്ടര്‍മാരാണ്.
ഇവര്‍ മൗറീഷ്യസ്, യു.എ.ഇ തുടങ്ങിയ നികുതിഭാരം തീരെക്കുറഞ്ഞ രാജ്യങ്ങളില്‍ 4 കടലാസ് കമ്പനികള്‍ സ്ഥാപിച്ചു. 2013-18 കാലയളവില്‍ ഈ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പിലെ അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി പോര്‍ട്‌സ്, അദാനി എന്റര്‍പ്രൈസസ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടി.
അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുടെ ദുബൈയിലെ ഒരു ജീവനക്കാരന്റെ കമ്പനി വഴിയാണ് നാസര്‍ അലിയുടെയും ചാങ്ങിന്റെയും കമ്പനികള്‍ക്ക് ഇതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതെന്ന് ഒ.സി.സി.ആര്‍.പി ആരോപിക്കുന്നു.
ഈ കമ്പനികളിലേക്ക് യഥാര്‍ത്ഥത്തില്‍ എത്തിയത് അദാനി കുടുംബത്തിന്റെ തന്നെ പണമാണെന്നും വിദേശത്ത് കടലാസ് കമ്പനികളില്‍ നിന്ന് രഹസ്യമായി വിദേശ നിക്ഷേപം നേടി അദാനി ഗ്രൂപ്പ് ഓഹരി വില കൃത്രിമമായി പെരുപ്പിച്ചുവെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു.
നാസര്‍ അലിയും ചാങ്ങും
വിനോദ് അദാനിയുടെ ഏറ്റവും അടുപ്പക്കാരാണ് നാസര്‍ അലിയും ചാങ് ചുങ്-ലിങ്ങും എന്ന് റിപ്പോര്‍ട്ടിലുണ്ട്. യു.എ.ഇ ആസ്ഥാനമായ കണ്‍സള്‍ട്ടന്‍സി സ്ഥാപനം അല്‍ ജാവ്ദ ട്രേഡ് ആന്‍ഡ് സര്‍വീസസിന്റെ ഡയറക്ടറാണ് നാസര്‍ അലി. ഗള്‍ഫ് അരീജ് ട്രേഡിംഗ് (യു.എ.ഇ), മിഡ് ഈസ്റ്റ് ഓഷന്‍ ട്രേഡ് (മൗറീഷ്യസ്), ഗള്‍ഫ് ഏഷ്യ ട്രേഡ് (ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്‌സ്) എന്നിവയുടെ ഉടമയോ നിയന്ത്രണാധികാരമുള്ള വ്യക്തിയോയാണ് അലിയെന്നും ഒ.സി.സി.ആര്‍.പി റിപ്പോര്‍ട്ട് പറയുന്നു. ഈ കമ്പനികള്‍ വഴിയാണ് അദാനി ഗ്രൂപ്പിലേക്ക് രഹസ്യ വിദേശ നിക്ഷേപമെത്തിയതെന്നാണ് ആരോപണം.
2007ല്‍ അദാനി കമ്പനികള്‍ക്കെതിരെ ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ് (DRI) നടത്തിയ അനധികൃത ഡയമണ്ട് വ്യാപാരക്കേസില്‍ അലിയുടെ പേര് പരാമര്‍ശിച്ചിരുന്നുവെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ റിപ്പോര്‍ട്ട് പറയുന്നു.
'അദാനി ഗ്രൂപ്പിന്റെ ദുബൈയിലെ മുഖം' എന്നാണ് മറ്റൊരു മാദ്ധ്യമമായ ക്വാര്‍ട്‌സ് നാസര്‍ അലിയെ വിശേഷിപ്പിച്ചത്. 2009ല്‍ ദുബൈയില്‍ ഇലക്ട്രോജെന്‍ ഇന്‍ഫ്ര എന്ന കമ്പനി സ്ഥാപിച്ചത് അലിയാണെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്. ഈ കമ്പനിയെ 2010 മാര്‍ച്ചില്‍ വിനോദ് അദാനി വാങ്ങുകയായിരുന്നു. ഡി.ആര്‍.ഐ നടത്തിയ മറ്റൊരു അന്വേഷണത്തില്‍ ഈ കമ്പനിയെ കുറിച്ച് പരാമര്‍ശിച്ചിരുന്നു.
അദാനി ഗ്രൂപ്പുമായി ദീര്‍ഘകാല ബന്ധമുള്ള നിക്ഷേപകന്‍ എന്ന പരിവേഷമാണ് ചാങ് ചുങ്-ലിങ്ങിന് ഒ.സി.സി.ആര്‍.പി നല്‍കുന്നത്. വിദേശത്ത് നിന്ന് നിക്ഷേപങ്ങള്‍ നടത്തി വാങ്ങിക്കൂട്ടിയ അദാനി ഗ്രൂപ്പ് ഓഹരികള്‍ വിറ്റഴിച്ച് ചാങ് വന്‍ ലാഭം സ്വന്തമാക്കിയിട്ടുണ്ടെന്ന് ഒ.സി.സി.ആര്‍.പി പറയുന്നു. മൗറീഷ്യസ് ആസ്ഥാനമായ കടലാസ് കമ്പനി ഗ്രോമോറിന്റെ (Growmore) ഡയറക്ടറുമാണ് ചാങ്. അദാനി പവറില്‍ 43 കോടി ഡോളറോളം നിക്ഷേപം 2016ല്‍ ഈ കമ്പനി നടത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഡി.ആര്‍.ഐയുടെ 2014ലെ ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍ ഇദ്ദേഹത്തിന്റെ പേരുമുണ്ടായിരുന്നു.