സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതകള്‍ തള്ളി നിര്‍മലാ സീതാരാമന്‍

ചൈനയിലെ 4,000 ബാങ്കുകള്‍ കടക്കെണിയിലായപ്പോള്‍ ഇന്ത്യന്‍ ബാങ്കുകള്‍ കിട്ടാക്കടം കുറച്ചെന്ന് മന്ത്രി

Update:2022-08-02 13:04 IST

സാമ്പത്തിക മാന്ദ്യത്തിനോ വളര്‍ച്ചാ മുരടിപ്പിനൊ ഉള്ള സാധ്യത രാജ്യത്തില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. മൊത്തവില പണപ്പെരുപ്പം എഴ് ശതമാനത്തിനും താഴെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അന്താരാഷ്ട്ര ഏജന്‍സികള്‍ സാമ്പത്തിക വളര്‍ച്ചാ തോത് സംബന്ധിച്ച പ്രവചനങ്ങള്‍ താഴ്ത്തിയപ്പോഴൊക്കെ ലോകത്തെ ഏറ്റവും വേഗത്തില്‍ രാജ്യമായിരുന്നു ഇന്ത്യയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇന്നലെ ലോക്‌സഭയില്‍ മറുപടി പറയവെ ആണ് മന്ത്രി സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത തള്ളിയത്. സമ്പത്ത് വ്യവസ്ഥ നല്ല സൂചനകളാണ് നല്‍കുന്നതെന്നും ജിഎസ്ടി കളക്ഷന്‍ തുടര്‍ച്ചയായ അഞ്ചാം മാസവും 1.4 ട്രില്യണ്‍ രൂപയ്ക്ക് മുകളിലാണെന്നും മന്ത്രി പറഞ്ഞു. ചൈനയിലെ 4,000 ബാങ്കുകള്‍ കടക്കെണിയിലായപ്പോള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ബാങ്കുകള്‍ കിട്ടാക്കടം 5.9 ശതമാനമായി കുറയ്ക്കുകയായിരുന്നു.

പല പ്രമുഖ രാജ്യങ്ങളുടെയും കടബാധ്യതയും ജിഡിപിയും തമ്മിലുള്ള അനുപാതം മൂന്നക്കത്തിലാണ്. ഇന്ത്യയുടേത് (കേന്ദ്ര സര്‍ക്കാര്‍) 56.29 ആയി കുറഞ്ഞെന്നും ധനമന്ത്രി അറിയിച്ചു. ഐഎംഎഫിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ ആകെ കടം (കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേത്) ജിഡിപിയുടെ 86.9 ശതമാനം ആണ്. രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം വര്‍ധിപ്പിക്കുന്നതില്‍ റിസര്‍വ് ബാങ്ക് നടത്തുന്ന പ്രവര്‍ത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. അതേ സമയം പണപ്പെരുപ്പം, തൊഴിലില്ലായ്മ, അസമത്വം എന്നിവ ചൂണ്ടിക്കാട്ടി ശ്രീലങ്ക, പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളിലെ സ്ഥിതിഗതികളുമായി രാജ്യത്തെ താരതമ്യം ചെയ്തുള്ള വിമര്‍ശനങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.

Tags:    

Similar News