ശേഷിക്കുന്ന ₹1,130 കോടി കൂടി കടമെടുത്ത് തീര്‍ക്കാന്‍ കേരളം; അതോടെ 'വായ്പാപ്പെട്ടി' കാലിയാകും!

കടമെടുപ്പ് പരിധി തീര്‍ന്നു; ഇനി പ്രതീക്ഷ വൈദ്യുതി പരിഷ്‌കരണത്തിന്‌ കേന്ദ്രം തരാനുള്ള ₹4,000 കോടിയില്‍

Update:2024-01-25 12:41 IST

Image : Canva and knbalagopal.org

ഒടുവില്‍, വായ്പാപരിധിയില്‍ ബാക്കിയുള്ള 1,130 കോടി രൂപ കൂടി കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. അതോടെ, നടപ്പുവര്‍ഷം (2023-24) കേരളത്തിന് എടുക്കാമായിരുന്ന മുഴുവന്‍ വായ്പാ പരിധിയും തീരും. കടപ്പത്രങ്ങളിറക്കിയാണ് സംസ്ഥാനം 1,130 കോടി രൂപ സമാഹരിക്കുക. ഇതിന്റെ ലേലം ജനുവരി 30ന് നടക്കും.

കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന സംസ്ഥാന സര്‍ക്കാര്‍ ട്രഷറിക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 4 മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശികയടക്കം മൊത്തം 47,000 കോടി രൂപയുടെ കുടിശിക ബാധ്യത വീട്ടാനുണ്ട് സംസ്ഥാന സര്‍ക്കാര്‍.
ഇതിന് പുറമേ, നടപ്പുവര്‍ഷത്തെ ശേഷിക്കുന്ന രണ്ടുമാസത്തെ ചെലവുകള്‍ക്കായും താത്കാലികമായി പ്രതിസന്ധി മറികടക്കാനും കേരളത്തിന് അടിയന്തരമായി വേണ്ടത് 26,000 കോടിയോളം രൂപയാണ്. എന്നാല്‍, വായ്പാപരിധി പരിധി തീര്‍ന്നതിനാല്‍ ഇനി ഈ സാമ്പത്തിക വര്‍ഷം കടമെടുക്കാന്‍ കേരളത്തിന് കഴിയില്ല.

Also Read : ബജറ്റിന് മുമ്പേ ഞെരുങ്ങി കേരള ഖജനാവ്; കുടിശികഭാരം ₹47,000 കോടിക്കടുത്ത്, കടമെടുക്കാന്‍ ബാക്കി ₹1,000 കോടി
സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതടക്കം വൈദ്യുതി മേഖലയിലെ പരിഷ്‌കരണങ്ങള്‍ക്കായി വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം തുക അനുവദിക്കുന്നുണ്ട്. ഈയിനത്തില്‍ കേരളത്തിന് കിട്ടുക 4,065 കോടി രൂപയാണ്. ഇത് ലഭ്യമായാല്‍, സാമ്പത്തിക പ്രതിസന്ധി അല്പമെങ്കിലും മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ കേരളം.
ഉറ്റുനോട്ടം സുപ്രീം കോടതിയില്‍
കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നതിനെതിരെ കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്നാണ് പരിഗണിക്കുന്നത്. കിഫ്ബിയും പെന്‍ഷന്‍ ഫണ്ടുമെടുത്ത വായ്പകള്‍ കേരളത്തിന്റെ പൊതുകടത്തില്‍ പെടുത്തി, വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നിലപാടിനെതിരെയാണ് ഹര്‍ജി.
ജനുവരി-മാര്‍ച്ച് പാദത്തിലേതായി മാത്രം കേരളത്തിന് അര്‍ഹമായ 13,328 കോടി രൂപ കേന്ദ്രം തടഞ്ഞുവെന്നാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ 7,437 കോടി രൂപ അര്‍ഹമായ വായ്പാപരിധിയില്‍ വെട്ടിക്കുറച്ചതും ബാക്കി വിവിധ ഇനങ്ങളിലായി കേന്ദ്രം നല്‍കാനുള്ളതുമാണ്.
Tags:    

Similar News