7.18 കോടിയുടെ എന്‍എഫ്ടി വില്‍പ്പന, നികുതി നല്‍കി അമിതാഭ് ബച്ചന്‍

ഡിജിജിഐ നോട്ടീസിനെ തുടര്‍ന്നാണ് താരം് നികുതി നല്‍കിയത്

Update:2022-03-23 10:25 IST

എന്‍എഫ്ടി വില്‍പ്പനയിലൂടെ നേടിയ തുകയ്ക്ക് നികുതി അടച്ച് ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍. ഡിജിജിഐ നോട്ടീസിനെ തുടര്‍ന്നാണ് താരം എന്‍എഫ്ടിയിലൂടെ ഉണ്ടായ നേട്ടത്തിന് നികുതി നല്‍കിയത്. എന്‍എഫ്ടി വില്‍പ്പനയിലൂടെ 7.18 കോടി രൂപ നേടിയ താരം 1.09 കോടി രൂപയാണ് നികുതി ഇനത്തില്‍ നല്‍കിയത്.

18 ശതമാനം ഐജിഎസ്ടി ആണ് അമിതാഭ് ബച്ചന്‍ അടച്ചത്. താരം നികുതി അടച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്ന് മുതല്‍ നാല് വരെ ആയിരുന്നു അമിതാഭ് ബച്ചന്റെ എന്‍എഫ്ടി കളക്ഷന്റെ ലേലം.
പിതാവ് ഹരിവംശ് റായി ബച്ചന്റെ കവിത സ്വന്തംശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്ത മധുശാല എന്‍എഫ്ടി, വിന്റേജ് സിനിമ പോസ്റ്ററുകളുടെ എന്‍എഫ്ടി, ബിഗ്ബി പങ്ക്സ്, ദി ലൂട്ട് ബോക്സ് എന്‍എഫ്ടി, എന്‍എഫ്ടി ആര്‍ട്സ് എന്നിവ അടങ്ങിയ എന്‍എഫ്ടി കളക്ഷനാണ് അമിതാഭ് ബച്ചന്‍ ലേലത്തിന് വെച്ചത്. ബോളിവുഡ് സൂപ്പര്‍താരമായിരുന്ന സല്‍മാന്‍ഖാനും കഴിഞ്ഞ വര്‍ഷം എന്‍എഫ്ടി കളക്ഷന്‍ അവതരിപ്പിച്ചിരുന്നു.
എന്താണ് എന്‍എഫ്ടി
ബ്ലോക്ക്ചെയിന്‍ ടെക്നോളജിയില്‍ സൂക്ഷിക്കുന്ന ഡിജിറ്റല്‍ ഫയലുകളാണ് എന്‍എഫ്ടികള്‍. ഫോട്ടോ, ഓഡിയോ, ഡിജിറ്റല്‍ ചിത്രങ്ങള്‍, ജിഫുകള്‍ അങ്ങനെ എന്തും ഡിജിറ്റല്‍ രൂപത്തില്‍ എന്‍എഫ്ടിയാക്കി മാറ്റാം. എന്‍എഫ്ടികള്‍ക്ക് വേണ്ടിയുള്ള പ്ലാറ്റ്ഫോമുകളിലൂടെയാണ് വില്‍പ്പന നടക്കുന്നത്. ഓപ്പണ്‍സി (opensea ) അത്തരം ഒരു പ്ലാറ്റ്ഫോമിന് ഉദാഹരണമാണ്. പൊതുവെ ക്രിപ്റ്റോകറന്‍സികളിലാണ് ഇടപാട് നടക്കുന്നത്.


Tags:    

Similar News