നിങ്ങള്‍ സംരംഭം തുടങ്ങാന്‍ പോവുകയാണോ? അതിന് മുമ്പ് ശ്രദ്ധിക്കൂ ഈ അഞ്ച് കാര്യങ്ങള്‍

വ്യക്തമായ നിരീക്ഷണത്തോടെയും പഠനത്തോടയും സംരംഭം തുടങ്ങിയില്ലെങ്കില്‍ തിരിച്ചടി നേരിട്ടേക്കാം

Update:2021-07-18 17:00 IST

സ്വന്തമായൊരു സംരംഭം തുടങ്ങാനുള്ള ശ്രമത്തിലാണോ നിങ്ങള്‍, അല്ലെങ്കില്‍ സമീപഭാവിയില്‍ സംരംഭം തുടങ്ങണമെന്ന ആഗ്രഹമുണ്ടോ ? എങ്കില്‍ ഒരുപാട് കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. കാരണം, എന്തെങ്കിലും സംരംഭമെന്ന ലക്ഷ്യത്തോടെയാണ് നിങ്ങള്‍ സംരംഭകനാകാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ വലിയ തിരിച്ചടിയായിരിക്കും നേരിടേണ്ടിവരിക. യാതൊരു നിരീക്ഷണവും പഠനവുമില്ലാതെയാണ് ഈ രംഗത്തേക്കിറങ്ങുന്നതെങ്കില്‍ നിങ്ങളുടെ കഷ്ടപ്പാട് മാത്രമല്ല, പണവും നഷ്ടമായേക്കും. എന്നാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ മികച്ച വളര്‍ച്ചയും നേടാവുന്നതാണ്.

1. സമൂഹത്തെയും വിപണിയെയും നിരീക്ഷിക്കുക
ഒരു വ്യക്തി ഒരു സമൂഹത്തിലേക്ക് സംരംഭവുമായെത്തുകയാണെങ്കില്‍ നിര്‍ബന്ധമായും ആ സമൂഹത്തെയും വിപണിയെയും നിരീക്ഷിച്ച് പഠിച്ചെടുക്കേണ്ടതാണ്. ഒരു പുതിയ ഉല്‍പ്പന്നമാണ് ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ സമൂഹത്തിന്റെ വിപണന രീതിയും അവരുടെ ആവശ്യങ്ങളും നിരീക്ഷിച്ച് മനസിലാക്കണം. നിങ്ങള്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഉല്‍പ്പന്നത്തിന്റെ സാധ്യതയും സമാന ഉല്‍പ്പന്നങ്ങളെ കുറിച്ചും അവയുടെ വില്‍പ്പനയെ കുറിച്ചുമെല്ലാം പഠിച്ച് മനസിലാക്കേണ്ടതാണ്. ഏതൊക്കെ ആള്‍ക്കാരാണ് ഉല്‍പ്പന്നം ഉപയോഗിക്കുന്നതെന്ന് മനസിലാക്കി തങ്ങളുടെ ഉപഭോക്താക്കളെ കുറിച്ചുള്ള ധാരണ സംരംഭം തുടങ്ങുന്നതിന് മുമ്പേ ഉറപ്പുവരുത്തണം
2. സമൂഹത്തിന്റെ ആവശ്യം മനസിലാക്കുക
സ്വാഭാവികമായും സമൂഹത്തിലും വിപണിയിലും ലഭ്യമല്ലാത്ത, എന്നാല്‍ ആളുകള്‍ക്ക് ആവശ്യമായി വരുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ ഡിമാന്‍ഡ് ലഭിക്കുകയും അവ പെട്ടെന്ന് തന്നെ വിറ്റഴിയുകയും ചെയ്യും. ഇത്തരത്തില്‍ സമൂഹത്തിന്റെ ആവശ്യങ്ങള്‍ മനസിലാക്കി ആ വിടവ് നികത്തുന്ന രീതിയിലുള്ള സംരംഭങ്ങള്‍ ആരംഭിക്കുന്നതായിരിക്കും നല്ലത്. കാലത്തിനനുസരിച്ച് ഉപഭോക്താക്കളിലുണ്ടാകുന്ന മാറ്റങ്ങളും സംരംഭ സാധ്യതകളും മനസിലാക്കണം.
3. സമൂഹത്തിന് ആവശ്യമായത് നല്‍കുക
ഓരോ കാലത്തിനനുസരിച്ചും സാഹചര്യങ്ങള്‍ക്കനുസരിച്ചും സമൂഹത്തിലും മാറ്റങ്ങളുണ്ടായേക്കും. ഇത് വിപണിയിലും പ്രതിഫലിച്ചേക്കും. ഇവ മനസിലാക്കി ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്ന സംരംഭങ്ങള്‍ തുടങ്ങുകയാണെങ്കില്‍ മികച്ച വളര്‍ച്ച നേടാവുന്നതാണ്. ഉദാഹരണത്തിന്, കോവിഡിന് ശേഷം സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയവയ്ക്ക് വിപണിയില്‍ നല്ല ഡിമാന്റുണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ സമൂഹത്തിന്റെയും വിപണിയുടെയും ആവശ്യങ്ങള്‍ മനസിലാക്കി സംരംഭങ്ങള്‍ തുടങ്ങുന്നതായിരിക്കും നല്ലത്.
4. ലാഭക്ഷമത ഉറപ്പുവരുത്തുക
ഒരു ഉല്‍പ്പന്നും ഉണ്ടാക്കി വിപണിയലെത്തിക്കാനാണ് നിങ്ങള്‍ ലക്ഷ്യമിടുന്നതെങ്കില്‍ ആ ഉല്‍പ്പന്നത്തിന്റെ ലാഭക്ഷമതയും ഉറപ്പുവരുത്തേണ്ടതാണ്. അസംസ്‌കൃത വസ്തുക്കളുടെ ചെലവ്, നിര്‍മാണ ചെലവ്, വിതരണ ചെലവ്, കമ്മീഷന്‍ തുടങ്ങിവയെ കുറിച്ചൊക്കെ മനസിലാക്കി ലാഭക്ഷമത ഉറപ്പുവരുത്തി വേണം ഉല്‍പ്പന്നത്തന് വില നിശ്ചയിക്കാന്‍. കൂടാതെ, സമാനമായ ഉല്‍പ്പന്നങ്ങള്‍ വിപണിയിലുണ്ടെങ്കില്‍ അവയുടെ വിലയെ കുറിച്ചും ഗുണമേന്മയെ കുറിച്ചും താരതമ്യം ചെയ്ത് നല്ല ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുക.
5. ലഭ്യമായ ടെക്‌നോളജി ഉപയോഗിക്കുക
ലഭ്യമായ സാങ്കേതിക വിദ്യകളെല്ലാം സംരംഭം തുടങ്ങുന്നതിന് മുമ്പേ ഉറപ്പുവരുത്തേണ്ടതാണ്. വ്യവസായ രംഗത്ത് ഇപ്പോള്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. അതിനാല്‍ നൂതനമായ സാങ്കേതിക വിദ്യ സ്വായത്തമാക്കി മുന്നേറാനാണ് ഏവരും ശ്രമിക്കുന്നത്. ഉല്‍പ്പാദന ക്ഷമത കൂട്ടാനും ചെലവ് കുറയ്ക്കാനും ടെക്‌നോളജി സംരംഭകരെ സഹായിക്കും.


Tags:    

Similar News