കോവിഡിനെ മറികടക്കാന്‍ സംരംഭകന്‍ എന്താണ് ചെയ്യേണ്ടത്?

ബിസിനസിനോടുള്ള ശരിയായ സമീപനം കൊണ്ട് മാത്രം ഇന്ന് സംരംഭകന് വിജയിക്കാന്‍ കഴിയണമെന്നില്ല. മാറിയ സാഹചര്യത്തില്‍ ഒട്ടേറെ കാര്യങ്ങളെ കുറിച്ച് ധാരണയുണ്ടെങ്കിലേ വിജയിക്കാനാവൂ. അതേകുറിച്ച് വിശദീകരിക്കുകയാണ് ലേഖകന്‍.

Update:2021-08-08 10:00 IST

നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്കും അധികാരികള്‍ക്കും തികച്ചും അപ്രതീക്ഷിതമായിരുന്നു കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗവും അതേ തുടര്‍ന്ന് പ്രാദേശിക തലങ്ങളിലുണ്ടായ ലോക്ക്ഡൗണും. കോവിഡിന്റെ രണ്ടാം തരംഗവും പ്രതീക്ഷിക്കുന്ന മൂന്നാം തരംഗവുമെല്ലാം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ വലിയ ആഘാതം ഉണ്ടാക്കും.

കോവിഡ് 19 ന് മുമ്പ് തന്നെ ഇന്ത്യന്‍ സമ്പദ് രംഗം മാന്ദ്യത്തിലാണെന്ന് ഞാന്‍ പറഞ്ഞിരുന്നതാണ്. യുക്തിരഹിതവും തെറ്റായതുമായ നോട്ട് നിരോധിക്കല്‍ നടപടിയും തെറ്റായ രീതിയിലുള്ള ജിഎസ്ടി നടപ്പാക്കലിനൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ അനുകൂലമായ പ്രതികരണം ഇല്ലാതാകുകയും ചെയ്തതാണ് അതിന് കാരണം.
കോവിഡിന്റെ മാരകമായ രണ്ടാം തരംഗം ഉണ്ടായതോടെ, ദീര്‍ഘനാള്‍ മോശം സാമ്പത്തിക വളര്‍ച്ച തുടരാനുള്ള സാധ്യതയാണ് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. കടുത്ത ബുദ്ധിമുട്ട് നേരിട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് വിജയിക്കാന്‍ ഒരു സംരംഭകന്‍ എന്തു ചെയ്യണം?
നോട്ട് നിരോധിക്കല്‍ നടപടിക്കു മുമ്പ്, ഒരു സംരംഭകന് 'ബിസിനസിനോടുള്ള ശരിയായ സമീപനം (Right Approach to Business)' ഉണ്ടായാല്‍ തന്നെ വിജയിക്കാനാവുമായിരുന്നു. നോട്ട് പിന്‍വലിക്കപ്പെടലിന് ശേഷം സമ്പദ് രംഗം താഴേക്ക് പോകുകയും മാന്ദ്യത്തിലേക്ക് കടക്കുകയും ചെയ്തു. ഇതോടെ സംരംഭകന് വിജയിക്കാന്‍ 'സമ്പദ് വ്യവസ്ഥയെ മനസിലാക്കേണ്ടതും (Understanding the Economy)' ആവശ്യമായി വന്നു.
ഇന്ന് വിജയിയായ സംരംഭകന് സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ നടപടികളെയും കോവിഡ് 19 എന്ന മഹാമാരിയെയും മനസിലാക്കേണ്ടതുണ്ട്. ഫിഗര്‍ ഒന്നില്‍ കാണിച്ചിരിക്കുന്നതു പോലെ, ഒരു സംരംഭകന് ബിസിനസില്‍ വിജയിക്കാന്‍, ബിസിനസിനോടുള്ള ശരിയായ സമീപനം പിന്തുടരുകയും സമ്പദ് വ്യവസ്ഥയെ മനസിലാക്കുകയും സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ നടപടികളെയും കോവിഡ് 19 മഹാമാരിയെയും മനസിലാക്കുകയും വേണം എന്ന സ്ഥിതിയാണ്.




നിലവില്‍ സമ്പദ്വ്യവസ്ഥയെ ഏറെ ബാധിക്കുന്ന കാര്യം എന്ന നിലയില്‍ 'കോവിഡ് 19 മഹാമാരിയെ മനസിലാക്കുക' എന്ന വിഷയം തന്നെ ആദ്യം പരിശോധിക്കാം. കോവിഡ് 19 പകര്‍ച്ചവ്യാധിയെ മനസിലാക്കുക
(Understanding the Covid-19 Pandemic)
ലോകം
ലോകത്ത് ദിവസവും ഉണ്ടാകുന്ന പുതിയ കോവിഡ് കേസുകളുടെ ഔദ്യോഗിക കണക്കാണ് ഫിഗര്‍ രണ്ടില്‍ കാണിച്ചിരിക്കുന്നത്. പകര്‍ച്ചവ്യാധിയുടെ ഒന്നാം തരംഗം മൂര്‍ധന്യത്തിലായിരുന്നത് 8.43 ലക്ഷം പുതിയ കേസുകള്‍ രേഖപ്പെടുത്തിയ 2021 ജനുവരി ഏഴിന് ആണെന്ന് കാണാം. അതേസമയം രണ്ടാം തരംഗം മൂര്‍ധന്യത്തിലായത് 9.03 ലക്ഷം പുതിയ കേസുകള്‍ ഉണ്ടായ 2021 ഏപ്രില്‍ 29നും.



സര്‍വരാജ്യങ്ങളിലെയും കണക്കുകള്‍ ഉള്‍ക്കൊള്ളുന്നതാണ് നിലവിലുള്ള വേള്‍ഡ് ഡാറ്റ. ഫിഗര്‍ മൂന്നില്‍ കാണിച്ചിരിക്കുന്നതു പ്രകാരം കോവിഡ് 19 കേസുകള്‍ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിട്ടുള്ള യുഎസ്എ, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുടെ കോവിഡ് കേസുകളുടെ പാറ്റേണ്‍ പരിശോധിക്കുന്നതിലൂടെ കുറേ കാര്യങ്ങള്‍ പഠിക്കാനാകും.



കോവിഡ് പരിശോധനയുടെ എണ്ണം ഇന്ത്യയെയും ബ്രസീലിനെയും അപേക്ഷിച്ച് അഞ്ചും ആറും മടങ്ങ് അധികമാണ് എന്നതിനാല്‍ യുഎസ്എ പുറത്തുവിടുന്ന കണക്ക് കൂടുതല്‍ കൃത്യമാണ്. ഫിഗര്‍ നാലില്‍ കാണുന്നതു പോലെ കോവിഡ് ആരംഭിച്ചതു മുതല്‍ യുഎസ്എയില്‍ പല തവണ രോഗവ്യാപനം മൂര്‍ധന്യത്തിലെത്തിയിരുന്നു.




നേരെ മറിച്ച് ഇന്ത്യ, ഫിഗര്‍ അഞ്ചില്‍ കാണിച്ചിരിക്കുന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം രോഗം വ്യാപിച്ചു തുടങ്ങിയതു മുതല്‍ രണ്ടു തവണ മാത്രമാണ് മൂര്‍ധന്യത്തിലെത്തിയത്.




ബ്രസീലില്‍ യുഎസ്എയെ പോലെ രോഗവ്യാപനം പലതവണ മൂര്‍ധന്യത്തിലെത്തിയിരുന്നു. ഫിഗര്‍ 6 കാണുക. അടുത്തലക്കത്തില്‍ രണ്ടാം തരംഗം ഏല്‍പ്പിച്ച ആഘാതത്തെക്കുറിച്ച് പരിശോധിക്കാം.



 




Tags:    

Similar News