മുതലാളി, 'തൊഴിലാളി' ആയപ്പോള്‍ സംഭവിച്ചത്; ഡെലിവറി ജോലിക്കിറങ്ങിയ സൊമാറ്റോ മേധാവിയുടെ അനുഭവം വായിക്കാം

'ഡെലിവറി ജിവനക്കാരോട് മാളുകള്‍ മനുഷ്യത്വം കാണിക്കണം'

Update:2024-10-07 15:45 IST

Deepinder Goyal 

Read this story in English - https://bit.ly/4exNwtH


ബിസിനസിന്റെ മുന്നോട്ടുള്ള യാത്ര മനസിലാക്കാന്‍ മുതലാളിമാര്‍ വല്ലപ്പോഴും തൊഴിലെടുക്കാന്‍ നേരിട്ട് കളത്തില്‍ ഇറങ്ങുന്നത് വ്യാപാര തന്ത്രങ്ങളുടെ ഭാഗമാണ്. പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയുടെ മുതലാളി ബാഗുമെടുത്ത് രംഗത്തിറങ്ങിയപ്പോള്‍ തിരിച്ചറിഞ്ഞതും ബിസിനസിലെ വിഷമതകളാണ്. സൊമാറ്റോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ദീപിന്ദര്‍ ഗോയല്‍ ആണ് ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ഫുഡ് ഡെലിവറിക്ക് ഇറങ്ങിയത്. മാര്‍ക്കിറ്റിന്റെ സ്പന്ദനങ്ങള്‍ നേരിട്ട് അറിയുകയായിരുന്നു ലക്ഷ്യം. പ്രമുഖ ബേക്കറി ശൃംഖലയായ ഹല്‍ദിറാമിന്റെ ഗുരുഗ്രാമിലെ ആംബിയന്‍സ് മാളില്‍ കയറിപ്പോള്‍ നേരിട്ട വിഷമതകളാണ് ദീപിന്ദര്‍ ഗോയല്‍ സാമൂഹ്യമാധ്യമമായ എക്‌സില്‍ പങ്കെവെച്ചത്. ഡെലിവറി പാര്‍ട്ണര്‍മാരോട് മാളുകളില്‍ നിന്നുള്ള പെരുമാറ്റം അത്ര നല്ലതല്ലെന്നാണ് ദീപീന്ദര്‍ കണ്ടെത്തിയത്. കുറെ കൂടി മനുഷ്യത്വപരമായ ഇടപെടല്‍ ഈ മേഖലയില്‍ ആവശ്യമാണെന്നും അദ്ദേഹം കുറിക്കുന്നു.

വട്ടംകറക്കിയ അനുഭവം

ഡെലിവറി ബാഗ് പുറത്തിട്ട് ബൈക്കില്‍ ഹല്‍ദിറാമില്‍ എത്തിയ ദിപീന്ദറിനുണ്ടായത് കയ്‌പേറിയ അനുഭവം. മാളിന്റെ പ്രവേശന കവാടത്തില്‍ നിന്ന് സെക്യൂരിറ്റിക്കാരന്‍ മടക്കി അയച്ചു. മറ്റൊരു പ്രവേശന കവാടത്തിലൂടെ പോകാനാണ് ആവശ്യപ്പെട്ടത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള പ്രവേശന കവാടത്തിലേക്ക് നടന്നു കയറിയാണ് ലക്ഷ്യത്തിലെത്തിയത്. എന്നാല്‍ അവിടെയും ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ക്ക് വിലക്കുണ്ടായിരുന്നു. മാളിനകത്ത് അവര്‍ക്ക് പ്രവേശനമില്ല. പുറത്ത് കാത്തു നില്‍ക്കണം. ഓര്‍ഡറെടുക്കാന്‍ കാത്തു നില്‍ക്കുന്ന ഒട്ടേറെ എക്‌സിക്യൂട്ടിവുകള്‍ക്കൊപ്പം താന്‍ കുറെ സമയം അവിടെ ചെലവഴിച്ചതായി സൊമാറ്റോ സി.ഇ.ഒ പറയുന്നു. മറ്റുള്ള എക്‌സിക്യൂട്ടീവുകളുടെ തൊഴില്‍ അനുഭവങ്ങള്‍ ചോദിച്ചറിയാൻ   ഈ സമയം വിനിയോഗിച്ചു. പിന്നീട് സെക്യൂരിറ്റി ഗാര്‍ഡ് പുറത്തു പോയസമയത്ത് താന്‍ ഓര്‍ഡര്‍ വാങ്ങി കസ്റ്റമര്‍ക്ക് ഡെലിവറി നടത്തുകയായിരുന്നെന്ന് ദീപിന്ദര്‍ ഗോയല്‍ പറയുന്നു.

ഇത് രണ്ടാം തവണയാണ് ദിപീന്ദര്‍ വേഷപ്രച്ഛന്നനായി വിപണിയില്‍ ഇറങ്ങുന്നത്. നേരത്തെ ഭാര്യ ഗ്രേസ്യ മുനോസുമൊത്ത് ഗുരുഗ്രാമില്‍ തന്നെ ഈ യുവ വ്യവസായി കളത്തിലിങ്ങിയിരുന്നു.

വേണം, മനുഷ്യത്വം

ഡെലിവറി ബിസിനസില്‍ കൂടുതല്‍ മനുഷ്യത്വം ആവശ്യമാണെന്ന് ദിപീന്ദര്‍ പറയുന്നു. ഇത്തരം കമ്പനികള്‍ക്ക് മാളുകളുമായി കൂടുതല്‍ അടുപ്പമുണ്ടാകണം. ഡെലിവറി പാര്‍ട്ണര്‍മാരുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടണം. മാളുകള്‍ ഇത്തരം ജീവനക്കാരോട് കുറെ കൂടി മനുഷ്യത്വപരമായി പെരുമാറുണമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.



ദിപീന്ദറിന്റെ സോഷ്യല്‍മീഡിയ പോസ്റ്റിന് അനുകൂലമായും വിമര്‍ശിച്ചുമുള്ള നിരവധി കമന്റുകളാണ് ലഭിച്ചത്. പല മാളുകളും ഡെലിവറി എക്‌സിക്യൂട്ടീവുകളെ ലിഫ്റ്റ് ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. ഫ്ലാറ്റുകളിലും ലിഫ്റ്റ്  ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ല. അതേസമയം, ചില മാളുകള്‍ ഇത്തരം ജീവനക്കാര്‍ക്ക് വിശ്രമിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും സൗകര്യമൊരുക്കുന്നുണ്ട്. ഈ മേഖലയിലെ അനുഭവങ്ങള്‍ പലരും കമന്റ് ബോക്‌സില്‍ പങ്കുവെക്കുന്നുണ്ട്. അതേസമയം, ദിപീന്ദര്‍  പബ്ലിസിറ്റിക്ക്  വേണ്ടി വേഷം കെട്ടുകയാണെന്ന്‌ ചിലര്‍ വിമര്‍ശിക്കുന്നു.

Tags:    

Similar News