ലോക്ഡൗണില്‍ നിങ്ങളുടെ ടീമിനെ എങ്ങനെ നയിക്കാം? ആര്‍മിയില്‍ നിന്നുള്ള 8 പാഠങ്ങള്‍

Update: 2020-04-04 10:42 GMT

''Leadership is a contact sport''
എന്നാണ് ലോകത്തിലെ മുന്‍നിര കോച്ചുകളിലൊരാളായ മാര്‍ഷല്‍ ഗോള്‍ഡ്‌സ്മിത്ത് പറയുന്നത്. എന്നാല്‍ ശാരീരികമായ സമ്പര്‍ക്കം സാധ്യമല്ലാത്ത ഇപ്പോഴത്തെ സാഹചര്യത്തില്‍ എങ്ങനെ സ്വന്തം ടീമിനെ നയിക്കും? മിലിട്ടറി ലീഡര്‍മാരെ സംബന്ധിച്ചടത്തോളം അതൊരു തൊഴില്‍പരമായ യാഥാര്‍ത്ഥ്യമാണ്.

പ്രത്യേകിച്ച് 800 പട്ടാളക്കാരുടെ ബറ്റാലിയനെ അതിര്‍ത്തിയില്‍ പതിനായിരക്കണക്കിന് കിലോമീറ്ററുകളിലായി വിന്യസിക്കുമ്പോള്‍ കമാന്‍ഡിംഗ് ഓഫീസര്‍മാര്‍ക്ക് മാസങ്ങളോളം തങ്ങളുടെ സേനയെ കാണാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ അവര്‍ പിന്തുടരുന്ന ലീഡര്‍ഷിപ്പ് രീതികള്‍ കോര്‍പ്പറേറ്റ് ലീഡര്‍മാര്‍ക്കും പ്രയോജനപ്രദമായിരിക്കും. എന്നാല്‍ ഇക്കാര്യങ്ങള്‍ ലോക്ഡൗണ്‍ അവസരത്തില്‍ മാത്രമല്ല, എക്കാലവും പ്രായോഗികമാണ്.

1. നിങ്ങളുടെ ആളുകളെ അടുത്തറിയുക

പട്ടാളത്തില്‍ ഇത് സ്വാഭാവികമായി സംഭവിച്ചുപോകുന്ന ഒരു കാര്യമാണ്. കാരണം പട്ടാളക്കാര്‍ക്ക് ജോലി സമയമെന്നോ അല്ലാത്ത സമയമെന്നോ ഇല്ല. ഒരു ഗോള്‍ഡ്ഫിഷ് ബൗളില്‍ എന്നവണ്ണം ഒരുമിച്ചാണ് ഉദ്യോഗസ്ഥര്‍  സൈനികരോടൊപ്പം താമസിക്കുന്നത്. തങ്ങളുടെ നേതാക്കളുടെ താല്‍പ്പര്യങ്ങള്‍, സ്വഭാവസവിശേഷതകള്‍, വിചിത്രഭ്രമങ്ങള്‍, ശീലങ്ങള്‍ എന്നിവയൊക്കെ സൈനികര്‍ക്ക് അറിയാനാകും. ഉദ്യോഗസ്ഥന്റെ ദൈനംദിന ചുമതലകളില്‍ സഹായിക്കാന്‍ നിയോഗിച്ചിട്ടുള്ള സൈനികന് അടിവസ്ത്രത്തിന്റെ നിറം പോലും അറിയാനാകുമെന്ന് പറയാറുണ്ട്. ഒരാളെക്കുറിച്ചുള്ള അഗാധമായ അറിവ് ലീഡര്‍ഷിപ്പിന്റെ അടിത്തറയായ വിശ്വാസം സൃഷ്ടിക്കുന്നു.

മിക്ക കോര്‍പ്പറേറ്റ് നേതാക്കളും അവരുടെ ടീമിനെ അടുത്തറിയാമെന്ന് സ്വയം കരുതുന്നു. എന്നാല്‍ വളരെ വര്‍ഷങ്ങള്‍ ഒരുമിച്ച് ജോലി ചെയ്തിട്ടുള്ളവര്‍ക്കും സ്വന്തം ആളുകളെക്കുറിച്ച് അറിയാവുന്നത് 'സിവി സ്റ്റോറീസ്' മാത്രമായിരിക്കും. അതായത് നാം നമ്മുടെ റെസ്യൂമെയില്‍ എഴുതുന്ന കാര്യങ്ങള്‍. അവ നമ്മെക്കുറിച്ചുള്ള ഔദ്യോഗികമായ വിവരണം മാത്രമാണ്. അല്ലാതെ നാം ആരാണ് എന്നുള്ളതല്ല.

ടീമംഗങ്ങള്‍ക്ക് പരസ്പരവിശ്വാസം ഉണ്ടാകണമെങ്കില്‍ ഓരോരുത്തരുടെയും പശ്ചാത്തലകഥകള്‍ അറിഞ്ഞിരിക്കണം. അവരുടെ ഭീതികള്‍, പൂര്‍ത്തിയാക്കാത്ത സ്വപ്‌നങ്ങള്‍, പരാജയങ്ങള്‍, അബദ്ധങ്ങള്‍, അവരെ മുറിപ്പെടുത്തുന്ന കാര്യങ്ങള്‍ തുടങ്ങിയവ. അതായത് നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും അറിയാവുന്ന നാം എങ്ങനെയാണെന്ന്. ലീഡര്‍മാര്‍ ഈ സാഹചര്യം നിങ്ങളുടെ ടീം അംഗങ്ങളെ അടുത്തറിയാനായി ഉപയോഗിക്കുക.

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അവര്‍ക്കെന്ത് തോന്നി, ഏതൊക്കെ അനുഭവങ്ങളാണ് അവരെ രൂപപ്പെടുത്തിയത്, അവരെ നിരാശരാക്കിയ സംഭവങ്ങള്‍, ചതിക്കപ്പെട്ട അനുഭവങ്ങള്‍, അവരുടെ പെരുമാറ്റത്തെയും ഭയത്തെയും സ്വാധീനിക്കുന്ന കാര്യങ്ങള്‍... തുടങ്ങിയവ മനസിലാക്കാനാകണം.

ഈ പ്രകിയ അര്‍ത്ഥവത്താകണമെങ്കില്‍ ലീഡര്‍ സ്വന്തം കുറവുകള്‍, പരാജയങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് തുടങ്ങണം. ഇതിന് ധൈര്യം വേണം. ഒരു നല്ല കാര്യം എന്താണെന്നുവെച്ചാല്‍ ആര്‍മിയില്‍ നിങ്ങളുടെ ട്രൂപ്പിന് നിങ്ങള്‍ ആരാണെന്ന് നിലവില്‍ അറിയാമെന്നതുതന്നെ. എന്തായാലും നിങ്ങളെക്കുറിച്ച് തന്നെയായിരിക്കും അവര്‍ മിക്കസമയവും ചര്‍ച്ച ചെയ്യുന്നത്.

ഒരു ലീഡര്‍ എന്ന നിങ്ങളുടെ ദൗര്‍ബല്യങ്ങള്‍ നിങ്ങളെ അവരിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുകയാണ് ചെയ്യുന്നതെന്നാണ് വിരോധാഭാസം. കാരണം ഒരു കാപട്യമുള്ള ഒരു നേതാവിനെക്കാള്‍ അവര്‍ ഇഷ്ടപ്പെടുന്നത് കുറവുകളുണ്ടെങ്കിലും ആത്മാര്‍ത്ഥതയുള്ള നേതാവിനെയാണ്. സുഹൃത്തുക്കളുടെ ഒരു ടീം സൃഷ്ടിക്കാന്‍ കൂടി ഈ അവസരം ഉപയോഗിക്കുക.

2. വിദൂരത്തുനിന്നുള്ള ആശയവിനിമയത്തിന്റെ അപര്യാപ്തകള്‍ മനസിലാക്കുക

ആര്‍മിയില്‍ എല്ലാ തലത്തിലുമുള്ള ലീഡര്‍മാര്‍ തങ്ങളുടെ സിറ്റ്വേഷന്‍ റിപ്പോര്‍ട്ടുകള്‍ അയക്കണം. ഇത് കോര്‍പ്പറേറ്റ് ലോകത്തെ കോണ്‍കോളുകള്‍ അഥവാ വീഡിയോ കോളുകള്‍ക്ക് തുല്യമാണ്. എന്നിരുന്നാലും ആശയവിനിമയത്തിനുള്ള ഒരേയൊരു ഉപാധിയായി ഇവ മാറുമ്പോള്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിക്കണം. കോണ്‍കോള്‍ അല്ലെങ്കില്‍ വീഡിയോ കോള്‍ ആണെങ്കില്‍പ്പോലും ആശയവിനിമയത്തിന്റെ ഒരു ഭാഗം മാത്രമേ നടക്കുകയുള്ളുവെന്ന് ലീഡര്‍മാര്‍ മനസിലാക്കണം. യഥാര്‍ത്ഥമീറ്റിംഗില്‍ നടക്കുന്ന ശരീരഭാഷ, നോട്ടം, ഭാവം ഇവയൊക്കെ വിദൂര ആശയവിനിമയത്തില്‍ ലഭിക്കുന്നില്ല. കൂടാതെ തെറ്റിദ്ധാരണ, വ്യക്തതക്കുറവ് എന്നിവ കൂടാതെ ചില വാക്കുകള്‍ പ്രകോപനത്തിനും കാരണമായേക്കാം.

ഈ സാഹചര്യത്തില്‍ ഒരു പൊതുവായ പദാവലി വികസിപ്പിച്ചെടുക്കുന്നത് നല്ലതായിരിക്കും. ഉദാഹരണത്തിന് എത്രയും വേഗം (as soon as) എന്ന പദപ്രയോഗങ്ങള്‍ക്ക് വ്യത്യസ്തരായ ആളുകള്‍ കൊടുക്കുന്ന സമയപരിധി വ്യത്യസ്തമായിരിക്കാം. അതുകൊണ്ടാണ് കോളുകള്‍ക്ക് ശേഷം രേഖാമൂലമുള്ള മിനിറ്റുകള്‍ അയയ്‌ക്കേണ്ടതിന്റെ ആവശ്യകത.

കൂടാതെ വെര്‍ച്വല്‍ ആശയവിനിമയത്തില്‍ നെഗറ്റീവ് വികാരങ്ങളായ ദേഷ്യം, ശാസന തുടങ്ങിയവ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഭൗതീകമായ മീറ്റിംഗുകളിലേതുപോലെ കഠിനമായ വിമര്‍ശനങ്ങള്‍ക്കുശേഷമുള്ള ആശ്വാസവചനങ്ങള്‍ക്കൊന്നും വെര്‍ച്വല്‍ കോളുകളില്‍ അവസരമില്ല. ഏതു സാഹചര്യത്തിലാണെങ്കിലും പുകഴ്ത്തിപ്പറയുമ്പോള്‍ അത് എല്ലാവരുടെയും മുന്നില്‍ വെച്ച് ചെയ്യുക. ശാസിക്കുമ്പോള്‍ അത് സ്വകാര്യമായി ചെയ്യുക.

3. അനാവശ്യമെന്ന് തോന്നിയാലും ആശയവിനിമയം നടത്തുക

ഒരു ദൗത്യത്തില്‍ നിന്ന് സൈനികരുടെ സംഘം മടങ്ങിയെത്തുമ്പോള്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന് (Adjutant) നാല് കോളുകള്‍ ലഭിക്കും. കാവല്‍ഭടന്‍ പെട്രോള്‍ തിരിച്ചെത്തിയതായി അറിയിക്കും. അടുത്തതായി വാഹനം ഗരാജിലേക്ക് മടങ്ങിവരുമ്പോള്‍ അതിന് ചുമതലപ്പെട്ടവര്‍ അറിയിക്കുന്നതാണ്. അടുത്തത് ആയുധങ്ങളും വെടിക്കോപ്പുകളും തിരിച്ചുവെച്ചത് അറിയിച്ചുകൊണ്ടുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ കോളാണ്. അവസാനമായി പെട്രോള്‍ ലീഡര്‍ സേനാപതിയെ വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുന്നു.

എല്ലാ കോളുകളും ഒരേ അളവിലുള്ള ബഹുമാനത്തോടെ സ്വീകരിക്കാനുള്ള പരിശീലനം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. ദേഷ്യത്തോടെയോ 'എനിക്കറിയാം' എന്നോ മറുപടി പറയാന്‍ പാടില്ല. കാരണം ഓരോ കോളിനും ഓരോ ലക്ഷ്യമുണ്ട്. ഏതെങ്കിലും കോള്‍ വരാതിരുന്നാലോ വരാന്‍ താമസിച്ചാലോ അതില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് പരിചയസമ്പന്നായ ഉദ്യോഗസ്ഥന് മനസിലാകും.

ഇതുപോലെ തന്നെയായിരിക്കണം ലീഡര്‍മാരും. നിങ്ങളുടെ കീഴ്ജീവനക്കാര്‍ വിളിക്കുമ്പോള്‍ ഇക്കാര്യം ഞാന്‍ നേരത്തെ അറിഞ്ഞതാണെന്ന് പറഞ്ഞാല്‍ ഭാവിയില്‍ ഇക്കാര്യം മേലധികാരി നേരത്തെ അറിഞ്ഞിട്ടുണ്ടാകും എന്ന് വിചാരിച്ച് അവര്‍ വിളിക്കാന്‍ മടിക്കും. ചില പ്രധാന വിവരങ്ങള്‍ വിട്ടുപോയെന്നിരിക്കും.

4. ഓപ്പണ്‍ റേഡിയോ നയം പിന്തുടരുക

നേരത്തെ ഷെഡ്യുള്‍ ചെയ്ത കോളുകളെ മാത്രം ആശ്രയിക്കുന്നത് സാധാരണസമയങ്ങളില്‍ നല്ലതാണ്. എന്നാല്‍ കമാന്‍ഡ് വിദൂരത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ജൂണിയര്‍ തലത്തിലുള്ളവര്‍ക്ക് സീനിയേഴ്‌സിനെ മടികൂടാതെ വിളിക്കാന്‍ സാധിക്കണം. ഇക്കാര്യത്തില്‍ 'ഓപ്പണ്‍ ഡോര്‍' നയമാണ് പിന്തുടരേണ്ടത്. ജൂണിയറിന് തന്റെ സീനിയറിനെ ആവേശത്തോടെ ഷെഡ്യുള്‍ ചെയ്യാത്ത കോള്‍ വിളിക്കാന്‍ കഴിയണം. അസ്വസ്ഥതയോ ദേഷ്യമോ ഉണ്ടാകുന്നത് ഈ സാഹചര്യം ഇല്ലാതാക്കും.

അതുപോലെതന്നെ ജൂണിയര്‍ ജീവനക്കാരുടെ കോള്‍ എടുക്കാന്‍ പറ്റിയില്ലെങ്കില്‍ സാഹചര്യം അനുസരിച്ച് പെട്ടെന്നോ അല്ലെങ്കില്‍ അതേ ദിവസം തന്നെയോ തിരിച്ചുവിളിക്കണം. സീനിയേഴ്‌സ് കൃത്യമായി തിരിച്ചുവിളിച്ചില്ലെങ്കില്‍ തങ്ങളെ വിലകല്‍പ്പിക്കാത്തതായി അവര്‍ക്ക് തോന്നാം. അവര്‍ വിളിച്ച് വിവരങ്ങള്‍ പറയുന്നത് നിര്‍ത്തുകയും ചെയ്‌തേക്കാം. അവര്‍ക്ക് നേരിട്ടും ഫോണിലൂടെയും എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാനുള്ള സാഹചര്യം ലീഡര്‍ ഉണ്ടാക്കിയെടുക്കണം.

5. എന്തുകൊണ്ടാണെന്ന് പറയണം

റിമോട്ട് ലീഡര്‍ഷിപ്പില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണിത്. വിശദമായ നിര്‍ദ്ദേശങ്ങള്‍ പറയുമ്പോള്‍ എന്തുകൊണ്ടാണ് അത് ചെയ്യേണ്ടത് എന്നതിന്റെ കാരണം കൂടി പറയുക. എങ്ങനെ ചെയ്യണം എന്ന് മാത്രമാകരുത്.

ഉദാഹരണത്തിന് ഒരു ബാങ്ക് തങ്ങളുടെ റിലേഷന്‍ഷിപ്പ് മാനേജര്‍മാരോട് ലോക്ഡൗണ്‍ സമയത്ത് ക്ലൈന്റുമായുള്ള ബന്ധം കാത്തുസൂക്ഷിച്ച് അവരുടെ മതിപ്പ് നിലനിര്‍ത്തണമെന്ന് പറയുന്നുവെന്ന് വിചാരിക്കുക. അതിന്റെ ലക്ഷ്യം (strategic intent) വിശദമാക്കിയില്ലെങ്കില്‍ മാനേജര്‍മാര്‍ ബ്രോഡ്കാസ്റ്റിംഗ് മാസ് മെസേജുകള്‍ അയച്ചെന്നിരിക്കും. ഇത് വിപരീതഫലമായിരിക്കാം ഉണ്ടാക്കുന്നത്. മേലുദ്യോഗസ്ഥരുടെ തന്ത്രപരമായ ലക്ഷ്യം അറിയാമെങ്കില്‍ മികച്ചരീതിയില്‍ അവര്‍ക്ക് ജോലി ചെയ്യാന്‍ സാധിച്ചേക്കും.

6. കീഴ്ജീവനക്കാരുടെ സാഹചര്യങ്ങള്‍ മനസിലാക്കുക

എല്ലാ മിലിട്ടറി കമാന്‍ഡേഴ്‌സിനും തങ്ങളുടെ ഉത്തരവാദിത്തത്തിലുള്ള മേഖലകളുടെ മാപ്പുകളും മോഡലുകളുമുണ്ട്. അത് തങ്ങളുടെ ജൂണിയേഴ്‌സിന്റെ കണ്ണിലൂടെ സാഹചര്യങ്ങളെ കാണാനും നടപ്പിലാക്കാന്‍ കഴിയാത്ത ഓര്‍ഡറുകള്‍ ഇടാതിരിക്കാനും വേണ്ടിയാണ്.

ഒരു ഉദാഹരണം പറായം. സീനിയര്‍ ലീഡര്‍ ലോക്ഡൗണ്‍ സമയത്ത് അവരുടെ മാനേജരോട് ഒരു റിപ്പോര്‍ട്ട് കൃത്യസമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ പറയുന്നു. ലീഡറിന് ഒരു ശല്യവുമില്ലാതെ പ്രവര്‍ത്തിക്കാന്‍ വീട്ടില്‍ ഒരു മുറി തന്നെ ഉണ്ടാകാം. എന്നാല്‍ മാനേജര്‍ സ്വകാര്യതയില്ലാത്ത ഒരു കൊച്ച് അപ്പാര്‍ട്ട്‌മെന്റിലായിരിക്കാം താമസിക്കുന്നത്. സ്ഥിരം ശ്രദ്ധ ആവശ്യമുള്ള കൊച്ചുകുട്ടികള്‍ വീട്ടിലുണ്ടാകാം. ഓഫീസിലായിരിക്കുമ്പോള്‍ അവര്‍ കൃത്യസമയത്ത് ജോലി തീര്‍ത്തെന്നിരിക്കും. എന്നാല്‍ വീട്ടില്‍ അവര്‍ക്കതിന് സാധിക്കണമെന്നില്ല. തങ്ങളുടെ കീഴ്ജീവനക്കാരുടെ സാഹചര്യങ്ങള്‍ ലീഡര്‍ക്ക് കാണാന്‍ സാധിച്ചില്ലെങ്കില്‍ യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രതീക്ഷകള്‍ വെച്ചേക്കാം.

മാനേജര്‍ക്ക് തന്റെ പരിമിതികളെക്കുറിച്ച് തന്നോട് പറഞ്ഞുകൂടേയെന്ന് ലീഡര്‍ക്ക് വാദിക്കാം. എന്നാല്‍ തന്റെ വ്യക്തിപരമായ പരിമിതികള്‍ ലീഡര്‍ അറിയേണ്ട കാര്യമില്ലല്ലോ എന്ന് വിചാരിച്ച് അവര്‍ അത് പറയാന്‍ തയാറാകണമെന്നുമില്ല. നേതാക്കള്‍ അവരുടെ ടീമിന്റെ യഥാര്‍ത്ഥ സാഹചര്യങ്ങള്‍ അനുസരിച്ച് തങ്ങളുടെ പ്രതീക്ഷകളില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തുക.

7. മനോവീര്യം നിലനിര്‍ത്തുക

കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്റര്‍നെറ്റ് ഓഫീസുകളില്‍ മാത്രമുണ്ടായിരുന്ന കാലത്ത് കണക്റ്റിവിറ്റി വ്യാപകമാകുമ്പോള്‍ എല്ലാവരും സ്ഥിരം ഓഫീസിലേക്കുള്ള യാത്ര അവസാനിപ്പിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങുമെന്ന് ഒരു വിശ്വാസം ഉണ്ടായിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല.

ഓഫീസിലേക്ക് വരേണ്ടതുകൊണ്ട് മാത്രമല്ല ആളുകള്‍ ഓഫീസിലേക്ക് വരുന്നത്. സഹപ്രവര്‍ത്തകരുമായി ഇടപഴകാനും തൊഴില്‍ അന്തരീക്ഷം അവരേറെ വിലമതിക്കുന്നതുകൊണ്ടും കൂടിയാണ് അവര്‍ ഓഫീസില്‍ വരുന്നത്. ലോക്ഡൗണ്‍ ആ മനോവീര്യം കുറയ്ക്കുകയും വര്‍ക് ഫ്രം ഹോം അവരുടെ കാര്യക്ഷമത കുറയ്ക്കുകയും ചെയ്‌തേക്കാം.

പല മാര്‍ഗങ്ങളിലൂടെ ലീഡര്‍മാര്‍ക്ക് തങ്ങളുടെ ടീമിന്റെ മനോവീര്യം വര്‍ധിപ്പിക്കാന്‍ സാധിക്കും. അനൗദ്യോഗിക സംഭാഷണങ്ങള്‍ ആകാം. ലൈഫ് സ്‌കില്‍, മോട്ടിവേഷണല്‍ വെബിനാറുകള്‍ ടീമംഗങ്ങള്‍ക്കായി സ്‌പോണ്‍സര്‍ ചെയ്യാം. ഓണ്‍ലൈന്‍ പരിശീലനം നടത്തുകയോ ടീമംഗങ്ങളുടെ പ്രത്യേക കഴിവുകള്‍ വളര്‍ത്താനുള്ള മെന്ററിംഗ് നല്‍കുകയോ ചെയ്യാം. അവരെ ആത്മാര്‍ത്ഥമായി കരുതുക എന്നതാണ് നിര്‍ണ്ണായകം.

വെറുതെ കുറേ ഓണ്‍ലൈന്‍ ട്രെയ്‌നിംഗ് ലിങ്കുകള്‍ അവര്‍ക്ക് അയക്കുന്നതില്‍ കാര്യമില്ല. പകരം ഓരോരുത്തര്‍ക്കും അനുയോജ്യമായത് അവര്‍ക്ക് കൊടുത്താല്‍ ലീഡര്‍ തങ്ങള്‍ക്ക് കരുതല്‍ നല്‍കുന്നതായി അവര്‍ക്ക് തോന്നും. ഉയര്‍ന്ന മനോവീര്യം നിലനിര്‍ത്തുന്നതിന്റെ സത്തയാണ് ആത്മാര്‍ത്ഥത.

8. വീണ്ടും ഗോള്‍ഡ്‌സ്മിത്തിന്റെ വാക്കുകളിലേക്ക്

മിക്ക നേതാക്കളും നേരിടുന്ന വെല്ലുവിളി ലീഡര്‍ഷിപ്പ് പ്രാക്റ്റീസുകള്‍ മനസിലാക്കുന്നതിലുള്ള ബുദ്ധിമുട്ടല്ല. ലീഡര്‍ഷിപ്പ് എന്താണെന്ന് അവര്‍ മനസിലാക്കിയിരിക്കുന്നത് പ്രാക്റ്റീസ് ചെയ്യുന്നതിലാണ് അവര്‍ വെല്ലുവിളി നേരിടുന്നത്. അതുകൊണ്ട് മനസിലാക്കിയാല്‍ മാത്രം പോര, പ്രാവര്‍ത്തികമാക്കാനാകണം. പറയരുത്, കാണിച്ചുകൊടുക്കൂ.

നേരത്തെ സൂചിപ്പിച്ചതുപോലെ ഈ ലീഡര്‍ഷിപ്പ് സ്വഭാവങ്ങളൊന്നും വിദൂരത്തിരുന്ന് ജോലി ചെയ്യുന്ന സഹാചര്യത്തില്‍ മാത്രം ഉപയോഗിക്കാനുള്ളതല്ല. ലീഡര്‍മാര്‍ക്ക് തങ്ങളുടെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പതിപ്പുകള്‍ ഉണ്ടാകരുത്. എന്നിരുന്നാലും റിമോട്ട് വര്‍ക്കിംഗില്‍ ഇതിന് കൂടുതല്‍ പ്രാധാന്യം കൈവരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News