മാന്ദ്യത്തിനിടയിലും, വേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിര്‍ത്തുമെന്ന് ഐ.എം.എഫ്

Update: 2019-10-16 06:39 GMT

നടപ്പു സാമ്പത്തികവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചയനുമാനം 6.1 ശതമാനമായി കുറച്ചെങ്കിലും ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന നേട്ടം രാജ്യം നിലനിര്‍ത്തുമെന്ന നിഗമനത്തിന് അടിവരയിടുന്നു അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്). ലോക സാമ്പത്തിക വീക്ഷണ റിപ്പോര്‍ട്ടിലാണ് ഐ.എം.എഫ് ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച നിരീക്ഷണം പങ്കുവെച്ചിട്ടുള്ളത്. ഇന്ത്യയുടെ വളര്‍ച്ച 2020-ല്‍ ഏഴു ശതമാനത്തിലെത്തുമെന്നാണ് ഐ.എം.എഫിന്റെ നിഗമനം.

ജൂലൈയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യ ഏഴ് ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു ഐ.എം.എഫിന്റെ അനുമാനം. ഏപ്രിലില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് 7.3 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്നു.ആഗോള സാമ്പത്തിക സാഹചര്യം മോശമായി തുടരുന്നതിനിടെ  മാന്ദ്യം മറികടക്കാന്‍ ഇനിയും നടപടികള്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടിയിരിക്കുന്നുവെന്നും ബാങ്കുകളിലെ ബാധ്യതകളില്‍ അടക്കം മാറ്റം വരേണ്ടിയിരിക്കുന്നുവെന്നും മലയാളിയും ഐ.എം.എഫ് മുഖ്യ സാമ്പത്തിക വിദഗ്ധയുമായ ഗീതാ ഗോപിനാഥ് പറഞ്ഞു.

ലോകബാങ്ക്, മൂഡിസ്, എന്നിവയും ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഇടിയുമെന്ന് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് സമാന അഭിപ്രായവുമായി ഐ.എം.എഫ് രംഗത്ത് വരുന്നത്. നേരത്തെ കണക്കുകൂട്ടിയതിനെക്കാള്‍ 90 ബി.പി.എസിന്റെ വലിയ ഇടിവ് ഉണ്ടാകുമെന്നാണ് ഐ.എം.എഫിന്റെ പ്രവചനം. ആറു ശതമാനമായാണ് ലോകബാങ്ക് വളര്‍ച്ചാനിഗമനം വെട്ടിക്കുറച്ചത്.

അതേസമയം, ആഗോള സാമ്പത്തിക സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയുടെ ചിത്രം ശോഭനമാണെന്നാണ് ഐ.എം.എഫ് വിലയിരുത്തുന്നത്. ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യം നേരിടുന്നതിനു കാരണം വ്യാപാരത്തര്‍ക്കങ്ങളും മറ്റ് അനിശ്ചിതത്വങ്ങളുമാണെന്ന് ഗീതാ ഗോപിനാഥ് പറഞ്ഞു. നടപ്പുവര്‍ഷം ആഗോള വളര്‍ച്ചനിരക്ക് മൂന്നു ശതമാനമായി ചുരുങ്ങുമെന്നാണ് ഐ.എം.എഫിന്റെ വിലയിരുത്തല്‍. 2008-ലെ ആഗോള സാമ്പത്തികമാന്ദ്യം മുതലുള്ള കാലയളവിലെ ഏറ്റവും മോശം വളര്‍ച്ചനിരക്കായിരിക്കുമിതെന്നും ഐ.എം.എഫ് ചൂണ്ടിക്കാട്ടി. അതേസമയം, 2020-ല്‍ ആഗോളവളര്‍ച്ച 3.4 ശതമാനമായി മെച്ചപ്പെട്ടേക്കുമെന്ന പ്രതീക്ഷയും റിപ്പോര്‍ട്ട് പങ്കുവെച്ചിട്ടുണ്ട്.

ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദം അഞ്ച് ശതമാനത്തിലേക്ക് താഴ്ന്ന ജി.ഡി.പി ഉയര്‍ത്താന്‍ നിരവധി ഉത്തേജന പാക്കേജുകള്‍ ഇതിനോടകം മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നിട്ടും വാണിജ്യമേഖലയില്‍ നിക്ഷേപം കുറയുന്നതും പ്രധാന വ്യവസായങ്ങളിലെ തകര്‍ച്ചയും ഇപ്പോഴും തുടരുകയാണെന്നാണ് ഒടുവിലെ കണക്കുകളിലൂടെയും വ്യക്തമാകുന്നത്. സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഓഹരി വിപണിയില്‍ നിന്ന് കോടി കണക്കിന് രൂപയുടെ നിക്ഷേപം വിദേശം നിക്ഷേപം പിന്‍വലിക്കുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.

ചൈനയുടെ വളര്‍ച്ച 2019 ല്‍ 6.1 ശതമാനവും 2020 ല്‍ 5.8 ശതമാനവുമേ ഉണ്ടാകൂവെന്നും ഐഎംഎഫ് പ്രവചിക്കുന്നു. 6 മുതല്‍ 6.5 ശതമാനം വരെയാണ് സര്‍ക്കാര്‍ ലക്ഷ്യം.അമേരിക്കയുമായുള്ള വാണിജ്യയുദ്ധമാണ് ചൈനയ്ക്ക് ഏറ്റവും ഹാനികരമായി മാറിയത്.

Similar News