നികുതി പരിഷ്‌കരണവുമായി കേന്ദ്ര സര്‍ക്കാര്‍; പ്രഖ്യാപനം നാളെ

Update: 2020-08-12 13:45 GMT

രാജ്യത്തെ സത്യസന്ധരായ നികുതി ദായകരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി പുതിയ നികുതി വ്യവസ്ഥ ആഗസ്ത് 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കും. നികുതി വ്യവസ്ഥ സുതാര്യമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രഖ്യാപനം പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും നിര്‍വഹിക്കുക.
നികുതിദായകരെ സഹായിക്കുന്നതിനായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ് (സിബിഡിറ്റി) നടപടികള്‍ പ്രത്യക്ഷ നികുതി പരിഷ്‌കരണ ശ്രമങ്ങളെ മുന്നോട്ട് നയിക്കുമെന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറയുന്നു.

സമീപ കാലത്ത് നിരവധി പരിഷ്‌കരണങ്ങളാണ് സിബിഡിറ്റി പ്രത്യക്ഷ നികുതിയുടെ കാര്യത്തില്‍ വരുത്തിയത്. കഴിഞ്ഞ വര്‍ഷം കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി കുറച്ചതും പുതിയ നിര്‍മാണ യൂണിറ്റുകള്‍ക്ക് 15 ശതമാനമാക്കിയതും അവയില്‍പ്പെടുന്നു. കൂടാതെ ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സും എടുത്തു കളഞ്ഞിരുന്നു.
പ്രത്യക്ഷ നികുതി നിയമം ലളിതമാക്കുകയും നികുതി നിരക്ക് കുറയ്ക്കുകയുമാണ് പരിഷ്‌കരണങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഡോക്യുമെന്റ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഏര്‍പ്പെടുത്തിയും ടാക്‌സ് റിട്ടേണ്‍സിന്റെ പ്രീ ഫയലിംഗ് സാധ്യമാക്കിയും കൂടുതല്‍ സൗകര്യപ്രദമായ രീതിയിലേക്ക് ആദായനികുതി വകുപ്പിന്റെ പ്രവര്‍ത്തനം മാറ്റം വരുത്തിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News