വിപണികൾ ഇടിവിൽ; തിരുത്തൽ കാറ്റ് ഇന്ത്യയിലും? പലിശ ഉയരുന്നു; ടെക് ആവേശം മാറുന്നു; ക്രൂഡ് കുതിച്ചു

ഇന്ത്യൻ ഓഹരി വിപണിയിലെ ഈ രണ്ട് സൂചനകൾ നിക്ഷേപകർ ശ്രദ്ധിക്കുക; സ്വർണ്ണം എത്ര വരെ താഴും; ഊതി വീർപ്പിച്ച കുമിളകൾ പൊട്ടി തുടങ്ങുന്നു?

Update:2022-01-19 07:34 IST

ഓഹരികൾ താഴോട്ട്, കടപ്പത്ര വിലകൾ താഴോട്ട്, സ്വർണവും താഴോട്ട്, പലിശ മേലോട്ട്, ക്രൂഡ് ഓയിലും മേലോട്ട്. ഇതാണു ചൊവ്വാഴ്ച ലോകമെങ്ങും കണ്ടത്. ഇന്ത്യ മുതൽ അമേരിക്ക വരെ ഓഹരി സൂചികകൾ ചുവപ്പണിഞ്ഞു. പുതിയൊരു തിരുത്തലിൻ്റെ വഴിയിലേക്കു കാര്യങ്ങൾ എത്തിയ നിലയാണ്. കാത്തിരുന്നാൽ നല്ല ഓഹരികൾ ന്യായമായ വിലയ്ക്കു കിട്ടാവുന്ന സമയം അടുത്തുവരും.

ഇന്നലെ ഇന്ത്യൻ വിപണി ഒരു ശതമാനത്തോളം ഇടിഞ്ഞു. യൂറോപ്പിലും അമേരിക്കയിലും ഓഹരികൾക്കു തകർച്ചയായിരുന്നു. ഡൗ ജോൺസ് സൂചിക 1.51 ശതമാനവും എസ് ആൻഡ് പി 1.8 ശതമാനവും നാസ്ഡാക് 2.6 ശതമാനവും താഴോട്ടു പോയി. ടെക്നോളജി ഓഹരികൾക്കു മുൻതൂക്കമുള്ള നാസ്ഡാക് സർവകാല റിക്കാർഡിൽ നിന്നു പത്തു ശതമാനത്തിലധികം താഴെയായി. പുത്തൻ കമ്പനികളുടെയും സ്റ്റാർട്ടപ്പുകളുടെയും വിലയിടിവ് 20 ശതമാനത്തിലധികമായി. അമേരിക്കയിലെ സ്മോൾ ക്യാപ് കമ്പനികളുടെ സൂചികയായ റസൽ ഇൻഡെക്സ് ഇന്നലെ മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു. ഇന്നു രാവിലെ ഏഷ്യൻ വിപണികളും കുത്തനെ താഴോട്ടു നീങ്ങി.
ഇന്ത്യൻ വിപണിയിലും വ്യക്തമായ രണ്ടു സൂചനകൾ ഉണ്ട്. ഒന്ന്: അമിത വിലനിർണയമുള്ള പുതുതലമുറ ഓഹരികളിൽ നിന്നു നിക്ഷേപകർ കൂട്ടമായി മാറുന്നു. രണ്ട്: മിഡ്, സ്മോൾ ക്യാപ് റാലി കഴിഞ്ഞു. ഇനി തിരിച്ചിറക്കമാണ്. ഇന്നലെ മുഖ്യസൂചികകൾ ഒരു ശതമാനം താണപ്പോൾ മിഡ് ക്യാപ് സൂചിക 2.06 ശതമാനവും സ്മോൾ ക്യാപ് സൂചിക 2.45 ശതമാനവും ഇടിഞ്ഞു.
ചൊവ്വാഴ്ച സെൻസെക്സ് 554.05 പോയിൻ്റ് (0.9%) താഴ്ന്ന് 60,754.86-ലും നിഫ്റ്റി 195.05 പോയിൻ്റ് (1.07%) താഴ്ന്ന് 18,113.05ലും ക്ലോസ് ചെയ്തു.
വിദേശികൾ ഇന്നലെ ക്യാഷ് വിപണിയിൽ 1254.95 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഇൻഡെക്സ് ഓപ്ഷൻസിലും അവർ വലിയ തോതിൽ വിറ്റു. സ്വദേശി ഫണ്ടുകൾ 220.2 കോടിയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു.
വിപണി ദുർബലമായെന്നും സൂചകങ്ങൾ താഴോട്ടാണെന്നും സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഇന്നു നിഫ്റ്റി 18,080 നിലനിർത്തിയില്ലെങ്കിൽ 17,600 വരെ പോകാവുന്ന താഴ്ചയാകും ഹ്രസ്വകാല ഗതി എന്നാണു വിലയിരുത്തൽ. ഇന്നു 18,015-ലും 17,920 ലും നിഫ്റ്റിക്കു സപ്പോർട്ട് ഉണ്ട്.18,280-ഉം 18,445-ഉം തടസ മേഖലകളാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ ഇന്നലെ എസ്ജിഎക്സ് നിഫ്റ്റി 18,173 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 18,107 വരെ താണിട്ട് 18,135 ലേക്കു കയറി. ഇന്ത്യൻ വിപണി താഴ്ചയോടെ തുടങ്ങുമെന്നാണ് ഇതിലെ സൂചന.

ക്രൂഡ് കുതിച്ചു

ക്രൂഡ് ഓയിൽ വില കുതിച്ചു. പശ്ചിമേഷ്യൻ സംഘർഷമാണു കാരണം. അബുദാബിയിൽ യെമൻ വിമത ഗ്രൂപ്പ് ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണവും അതിനു സൗദി അറേബ്യ നടത്തിയ പ്രത്യാക്രമണവും ഇന്ധന ലഭ്യതയെപ്പറ്റി ആശങ്ക ജനിപ്പിച്ചു. ബ്രെൻ്റ് ഇനം ക്രൂഡ് 89.02 ഡോളർ വരെ കയറി. എട്ടു വർഷത്തിനിടയിലെ ഏറ്റവും കൂടിയ വിലയാണിത്. ഡബ്ള്യുടിഐ ഇനം 86.84 ഡോളറിലാണ്. ഇനിയും കയറിയേക്കും.
വ്യാവസായിക ലോഹങ്ങളിൽ ചെമ്പ് ഒഴികെ എല്ലാം കയറ്റത്തിലാണ്. അലൂമിനിയം ടണ്ണിനു 3026 ഡോളർ ആയി. ഇരുമ്പയിരും ഉയർന്നു.

സ്വർണം എത്ര താഴും?

സ്വർണം താഴോട്ടു നീങ്ങി. ഇന്നലെ 1805 ഡോളർ വരെ താണ സ്വർണം ഇന്നു രാവിലെ 1812-1814 ഡോളറിലാണ്. ഡോളർ കരുത്തു നേടുന്നതും യുഎസ് പലിശ ഉയരുന്നതും സ്വർണവില കൂടാൻ അനുകൂലമല്ല. സ്വർണവില ഗണ്യമായി താഴാേട്ടു പോകുമെന്നു തന്നെയാണു വിപണിയുടെ നിഗമനം. ഔൺസിന് 1500- 1600 ഡോളറിലേക്കു 2022 അവസാനത്തോടെ സ്വർണം എത്തുമെന്നു പലരും പ്രവചിക്കുന്നുണ്ട്. ഏതാനും മാസം മുമ്പ് 2000-2100 ഡോളർ പ്രവചിച്ചിരുന്നവർ വരെ ഇപ്പോൾ വിലയിടിവ് ഉറപ്പാണെന്നു പറയുന്നു.

പലിശ ഉയരുന്നു

അമേരിക്കൻ സർക്കാർ കടപ്പത്രങ്ങളുടെ വില കുറഞ്ഞു. പലിശ വർധന കണക്കാക്കിയാണിത്. 10 വർഷ കടപ്പത്രത്തിലെ നിക്ഷേപനേട്ടം (Yield) 1.87 ശതമാനത്തിലേക്ക് ഉയർന്നു. ചില്ലറ വിലക്കയറ്റം ഏഴു ശതമാനമായ സാഹചര്യത്തിൽ മാർച്ചിലെങ്കിലും പലിശ വർധിപ്പിച്ചു തുടങ്ങുമെന്നാണു വിലയിരുത്തൽ. ഇന്ത്യയിൽ 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 6.63 ശതമാനം വരെയായി. സംസ്ഥാന സർക്കാരുകളുടെ പുതിയ കടപ്പത്രങ്ങൾക്ക് 7.24 ശതമാനം പലിശ വേണ്ടി വരുന്നു.
ഡോളർ ഇന്നലെ 33 പൈസ ഉയർന്ന് 74.58 രൂപയിലെത്തി.

വിപണികൾ യാഥാർഥ്യത്തിലേക്ക്?

സമീപ ദിവസങ്ങൾ ബുള്ളുകളെ വിപണിയിൽ നിന്നു പായിച്ചു. ലോകമെങ്ങും വിപണികൾ യാഥാർഥ്യത്തിലേക്കു തിരിച്ചു വരുന്നു. കുതിച്ചു പായുന്ന വിലക്കയറ്റവും ഉയർന്നു പോകുന്ന പലിശ നിരക്കും കുറയുന്ന പണലഭ്യതയും കമ്പനികളുടെ ലാഭവളർച്ചയ്ക്കു സഹായകമല്ല. അതിനാൽ അമിതമായ വിലയിട്ട് ഓഹരികൾ വാങ്ങിക്കൂട്ടുന്ന സമയം കഴിഞ്ഞു. ആകർഷകമായ പുതിയ ആശയങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെങ്കിലും ലാഭപാതയിലല്ലാത്ത കമ്പനികൾക്ക് മാനംമുട്ടുന്ന വിലയിടുന്നതും തുടരാനാവില്ല.
സമീപകാല ഉയരങ്ങളിൽ നിന്നു വിപണി സൂചികകൾ വീഴുമ്പോൾ മാത്രമല്ല കയറുമ്പാേഴും ഇതു ചൂണ്ടിക്കാണിക്കാറുണ്ട്. പക്ഷേ ആവേശ ലഹരിയിൽ ഇതൊന്നും ശ്രദ്ധിക്കാൻ ആർക്കും സമയമില്ല. പുത്തൻ ആശയങ്ങളുമായി വരുന്ന കമ്പനികളെല്ലാം ഭാവിയിലെ ഇൻഫോസിസാേ ആപ്പിളോ ആണെന്നു കരുതി പായുന്ന നിക്ഷേപകർ ഇതു ശ്രദ്ധിക്കാൻ താൽപര്യപ്പെടുന്നുമില്ല. തകർച്ചയുടെ നടുമധ്യത്തിൽ വരുമ്പോഴാണ് എന്താ സംഭവിച്ചത് എന്നു ചിന്തിക്കുക.


This section is powered by Muthoot Finance


Tags:    

Similar News